ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. കനത്ത മൂടല്‍മഞ്ഞ് കാരണം സര്‍വീസ് മുടങ്ങിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞു
സര്‍വീസ് മുടങ്ങിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞു
കനത്ത മൂടല്‍മഞ്ഞ് കാരണം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ മുതല്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വന്നു. 19 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കാഴ്ചാപരിധി കുറഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാനും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും എയര്‍ലൈനുകള്‍, കണ്‍ട്രോള്‍ അതോറിറ്റികള്‍, മറ്റ് എയര്‍പോര്‍ട്ട് പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട്സ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷാര്‍ജ വിമാനത്താവളത്തിലും കനത്ത മൂടല്‍മഞ്ഞ് മൂലം നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വന്നു. വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് മുന്‍കൂട്ടി സ്ഥിരീകരിക്കാതെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ഷാര്‍ജ എയര്‍പോര്‍ട്ട് അറിയിച്ചു.