റോബോട്ടിക് ഒളിംപിക്സ്; യുഎഇയെ വിജയത്തിലെത്തിച്ച് മലയാളി സ്റ്റാർട്ടപ്
റോബോട്ടിക്സ് ഒളിംപിക്സ്; യുഎഇയുടെ വിജയത്തിന് പിന്നിലെ മലയാളി സ്റ്റാർട്ടപ്പ് ഇതാണ്!
കൊച്ചി: റോബോട്ടിക് ഒളിംപിക്സ് എന്നറിയപ്പെടുന്ന ‘ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചി’ൽ യുഎഇക്കു സ്വർണം നേടിക്കൊടുത്തത് മലയാളി സ്റ്റാർട്ടപ് . മലയാളി സ്റ്റാർട്ടപ്പായ യുണീക് വേൾഡ് റോബോട്ടിക്സാണു ദുബായിയുടെ നേട്ടത്തിനു പിന്നിൽ. വിജയം നേടിയ യുഎഇ ടീമിനെ പരിശീലിപ്പിച്ചത് ഈ സ്റ്റാർട്ടപ്പാണ്. ടീമിനെ പ്രതിനിധീകരിച്ചത് മുഴുവൻ ഇന്ത്യക്കാരാണ്.കൂട്ടത്തിൽ രണ്ടു മലയാളികളുമുണ്ടായിരുന്നു. നാല് ദിവസങ്ങളിലായി പനാമയിൽ നടന്ന റോബോട്ടിക് ഒളിംപിക്സിൽ 193 രാജ്യങ്ങളിലെ ടീമുകളാണ് മത്സരിച്ചത്.
ഇന്ത്യൻ വിദ്യാർഥികളടങ്ങിയ ദുബായ് ടീം സ്വർണം നേടുകയായിരുന്നു. ഇവിടെ പരിശീലനം നേടിയ 8 വിദ്യാർഥികളാണ് യുഎഇ ടീമിനായി മത്സരിച്ചത്. കൊച്ചി ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്സാണ് ദുബായിലും ബ്രാഞ്ച് ആരംഭിച്ചത്.
പത്തനംതിട്ട ജില്ലയിലെ തുരുത്തിക്കാട് സ്വദേശിയായ ബൻസൻ തോമസ് ജോർജാണ് 2019ൽ ഈ സ്റ്റാർട്ടപ് ആരംഭിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടുപ്പാണ്. വർഷം തോറും സംഘടിപ്പിക്കുന്ന റോബോട്ടിക്സ് മത്സരമാണു ഫസ്റ്റ് ഗ്ലോബൽ ചാലഞ്ച്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് അഥവാ സ്റ്റെം വിദ്യാഭ്യാസം വഴി ഈ രംഗത്തെ ആഗോള വെല്ലുവിളികൾ നേരിടാൻ യുവജനങ്ങളുടെ കഴിവുകൾ ഉപയോഗിക്കുകയാണ് ലക്ഷ്യം.
