യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെത്താൻ ഇനി എളുപ്പമാണ്; വിപുലമാക്കി വിസ ഓൺ അറൈവൽ
യുഎഇ പൗരന്മാര്‍ക്ക് 60 ദിവസം വരെ ഇന്ത്യയില്‍ തങ്ങാം. വിസ ഓണ്‍ അറൈവല്‍ സൗകര്യം 9 വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തി
യുഎഇ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ ഇനി യാത്ര ചെയ്യാം. കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് വിമാനത്താവളങ്ങളിലാണ് യുഎഇ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏര്‍പ്പെടുത്തിയത്. 60 ദിവസം വരെ ഇന്ത്യയില്‍ തങ്ങാന്‍ യുഎഇ പൗരന്‍മാര്‍ക്ക് അനുമതി ലഭിക്കും.
ഇ-വിസയോ, പേപ്പര്‍ വിസയോ കൈവശമുണ്ടെങ്കില്‍ മാത്രമാണ് യുഎഇ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ മുമ്പ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഇനി ഇതിന്റെ ആവശ്യമില്ല. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പുതിയ സൗകര്യം ഏര്‍പ്പെടുത്തി.
ഇന്ത്യന്‍ വിസ സു-സ്വാഗതം മൊബൈല്‍ ആപ്ലിക്കേഷനിലോ, https://indianvisaonline.gov.in/earrival/ എന്ന വെബ്സൈറ്റിലോ ഫോറം പൂരിപ്പിച്ച് നല്‍കണം. 2000 രൂപയാണ് വിസ ഫീസ്. 60 ദിവസം വരെ വിനോദസഞ്ചാരം, സമ്മേളനം, ചികിത്സ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ തങ്ങാന്‍ അനുമതി ലഭിക്കും.