എച്ച്-1ബി വിസ ഫീസിനെതിരെ യുഎസ് ചേംബര്‍ കോടതിയില്‍

ട്രംപിന്റെ നയം നിയമപരമായി പിഴവുള്ളതെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്

Update: 2025-10-17 05:52 GMT

പുതിയ എച്ച്-1ബി വിസ അപേക്ഷകര്‍ക്ക് ഒരു ലക്ഷംഡോളര്‍ ഫീസ് ചുമത്താനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് കേസ് ഫയല്‍ ചെയ്തു. ഈ നീക്കം അന്യായവും നിയമപരമായി പിഴവുള്ളതുമാണെന്ന് വിശേഷിപ്പിച്ചു.

വാഷിംഗ്ടണിലെ ഒരു ഫെഡറല്‍ കോടതിയിലാണ് ചേംബര്‍ കേസ് ഫയല്‍ ചെയ്തതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസം മുമ്പ് പ്രഖ്യാപിച്ച ഫീസ്, വിദേശ പ്രതിഭകളെ നിയമിക്കുന്ന കമ്പനികള്‍ക്കുള്ള കനത്ത തിരിച്ചടിയായിരുന്നു. നിലവിലുള്ള വിസ ഉടമകള്‍ക്ക് ഫീസ് വര്‍ധന ബാധകമല്ല, പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കി.

ട്രംപ് ഭരണകൂടം അധികാരമേറ്റതിനുശേഷം ചേംബര്‍ സ്വീകരിക്കുന്ന ആദ്യത്തെ നിയമനടപടിയാണിത്. 30,000-ത്തിലധികം ബിസിനസുകളെ പ്രതിനിധീകരിച്ച്, ഫീസ് യഥാര്‍ത്ഥ പ്രോസസ്സിംഗ് ചെലവുകള്‍ മാത്രം പ്രതിഫലിപ്പിക്കുന്ന വിസ ചാര്‍ജുകള്‍ നിര്‍ബന്ധമാക്കുന്ന യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചേംബര്‍ വാദിച്ചു. നിര്‍ദ്ദിഷ്ട 100,000 ഡോളര്‍ ഫീസ് ഈടാക്കുന്നതിന് മുമ്പ്, മിക്ക എച്ച്-ബി അപേക്ഷകളുടെയും ഫീസ്് 3,600ഡോളറില്‍ താഴെയായിരുന്നു.

എച്ച്-1ബിയും മറ്റ് വിദഗ്ധ തൊഴിലാളി വിസ പ്രോഗ്രാമുകളും യുഎസ് തൊഴിലാളികളെ വിലകുറഞ്ഞ തൊഴിലാളികളാക്കി മാറ്റുന്നുവെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യ ശാസ്ത്രം തുടങ്ങിയ പ്രത്യേക മേഖലകളിലെ തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിന് ഈ വിസകള്‍ നിര്‍ണായകമാണെന്ന് ബിസിനസ് ഗ്രൂപ്പുകള്‍ വാദിക്കുന്നു.

എച്ച്-1ബി ജീവനക്കാരുടെ വലുപ്പവും മറ്റ് യോഗ്യതാ ഘടകങ്ങളും അനുസരിച്ച് കമ്പനികള്‍ സാധാരണയായി 2,000 മുതല്‍ 5,000 ഡോളര്‍ വരെ ഫീസ് നല്‍കാറുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News