നിയമവിരുദ്ധ കുടിയേറ്റം; ഇന്ത്യാക്കാര്‍ക്കെതിരെ വടിയെടുത്ത് ട്രംപ് ഭരണകൂടം
- അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് വിസ നിയന്ത്രണം
- നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ഇന്ത്യയും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ഇന്ത്യയില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയുമായി യുഎസ്. ഇതിന് സൗകര്യമൊരുക്കുന്ന നിരവധി ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സികള്‍, ഉടമകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ അമേരിക്ക വിസ നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രാ, കുടിയേറ്റ സഹായത്തിന്റെ മറവില്‍ വ്യക്തികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് ശക്തമായ സൂചനയാണ് ഈ നടപടി.
നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ പൗരന്മാരെ യുഎസിലേക്ക് കടത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തികളെ നടപടി പ്രത്യേകമായി ലക്ഷ്യമിടുന്നു.
'നിയമവിരുദ്ധ കുടിയേറ്റത്തിനും മനുഷ്യക്കടത്തിനും സൗകര്യമൊരുക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തിരിച്ചറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും യുഎസ് എംബസിയിലും കോണ്‍സുലേറ്റുകളിലും പ്രത്യേക സംവിധാനം എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. മിഷന്‍ ഇന്ത്യയുടെ കോണ്‍സുലാര്‍ അഫയേഴ്സ് ആന്‍ഡ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസിനാണ് ഇതിന്റെ ചുമതല', യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനും യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങളും നയങ്ങളും നടപ്പിലാക്കേണ്ടത് നിര്‍ണായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായ കരമാര്‍ഗങ്ങളിലൂടെ യുഎസിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് യുഎസ് നടപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) 96,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാരെ മെക്‌സിക്കോ അതിര്‍ത്തിയില്‍ തടഞ്ഞുവച്ചു. യുഎസ്-കാനഡ അതിര്‍ത്തിയിലും സ്ഥിതി വ്യത്യസ്തമല്ല.
പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുന്ന ട്രാവല്‍ ഏജന്റുമാര്‍ ഉള്ളതായി യുഎസ് കണ്ടെത്തിയിട്ടുണ്ട്. ചില ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസിലേക്കുള്ള പുതിയ നിയമവിരുദ്ധ റൂട്ടുകള്‍ക്കായി 80 ലക്ഷം രൂപ വരെ നല്‍കുന്നുണ്ട്. വ്യാജ വിസ ഏജന്റുമാരുടെയും നിയമവിരുദ്ധ കുടിയേറ്റ പദ്ധതികളുടെയും ഇരകളാകുന്നതിനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
