വിദേശ വിദ്യാര്‍ത്ഥികള്‍ ഹാര്‍വാര്‍ഡിലേക്ക് വേണ്ട; വിസ അനുവദിക്കുന്നത് യുഎസ് നിര്‍ത്തി

  • നടപടി താല്‍ക്കാലികമെന്ന് സൂചന
  • ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ട്രംപ്

Update: 2025-06-05 07:01 GMT

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.

സര്‍വകലാശാലയില്‍ നിലവില്‍ ചേര്‍ന്നിട്ടുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുന്നതിനെക്കുറിച്ച് പരിഗണിക്കാനും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ഉത്തരവ് നിര്‍ദ്ദേശിക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തുന്ന കോഴ്സുകളിലോ എക്സ്ചേഞ്ച് പ്രോഗ്രാമുകളിലോ പങ്കെടുക്കാന്‍ വിസയില്‍ എത്തുന്ന ഏതൊരു പുതിയ വിദ്യാര്‍ത്ഥിയെയും ഈ ഉത്തരവ് വിലക്കുന്നു.

അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും സമ്പന്നവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഹാര്‍വാര്‍ഡ്.

കഴിഞ്ഞയാഴ്ച ബോസ്റ്റണിലെ ഒരു ഫെഡറല്‍ കോടതി, ഹാര്‍വാര്‍ഡില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വിലക്കുന്നതില്‍ നിന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിനെ തടഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ ഉത്തരവ് കുടിയേറ്റ,സുരക്ഷാ നിയമത്തിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ്. രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് കണ്ടാല്‍ ഈ വകുപ്പുകള്‍ വ്യക്തികളുടെ പ്രവേശനം തടയുന്നതിന് പ്രസിഡന്റിന് അധികാരം നല്‍കുന്നു.

ഫെഡറല്‍ ഗവണ്‍മെന്റ് ഉന്നയിച്ച നിരവധി ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ ഹാര്‍വാര്‍ഡ് വിസമ്മതിച്ചതില്‍ നിന്നാണ് ട്രംപിന്റെ തീരുമാനം. വിദേശ വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ ഹാര്‍വാര്‍ഡ് വിസമ്മതിച്ചിരുന്നു.

എന്നാല്‍ അഭ്യര്‍ത്ഥന പാലിച്ചതായി ഹാര്‍വാര്‍ഡ് പറഞ്ഞു, പക്ഷേ സ്‌കൂളിന്റെ പ്രതികരണം പര്യാപ്തമല്ലെന്ന് സര്‍ക്കാരും അഭിപ്രായപ്പെട്ടു.

സുരക്ഷാ ആശങ്കകളാണ് ഈ നീക്കത്തിന് അടിസ്ഥാനമായി ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. രണ്ട് പേജുള്ള നിര്‍ദ്ദേശത്തില്‍ ഹാര്‍വാര്‍ഡ് 'വിദേശ ബന്ധങ്ങളെയും തീവ്രവാദത്തെയും കുറിച്ചുള്ള ചരിത്രം പ്രകടമാക്കിയിട്ടുണ്ട്' എന്ന് ആരോപിക്കുന്നു.

വിദേശ എതിരാളികള്‍ അമേരിക്കന്‍ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള എഫ്ബിഐയുടെ ദീര്‍ഘകാല മുന്നറിയിപ്പുകളും പ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

'വിദേശ എതിരാളികള്‍ അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം മുതലെടുത്ത് വിവരങ്ങള്‍ മോഷ്ടിക്കാനും ഗവേഷണ വികസനം ചൂഷണം ചെയ്യാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നുവെന്ന് എഫ്ബിഐ വളരെക്കാലമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,' രേഖയില്‍ പറയുന്നു.

ഹാര്‍വാര്‍ഡിന് ചൈനയില്‍ നിന്ന് 150 മില്യണ്‍ ഡോളറിലധികം ഫണ്ട് ലഭിച്ചതായും രേഖയില്‍ പറയുന്നു.കാമ്പസിലെ സെമിറ്റിക് വിരുദ്ധ സംഭവങ്ങള്‍ക്ക് പിന്നിലുള്ള നിരവധി പ്രക്ഷോഭകര്‍ വിദേശ വിദ്യാര്‍ത്ഥികളാണെന്ന് കണ്ടെത്തിയതായും അതില്‍ പറയുന്നുണ്ട്. 

Tags:    

Similar News