ക്രൂയിസ് ടൂറിസവും വികസിക്കുന്നു; വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍

  • ലോകകപ്പ് കാലത്ത് ദോഹ തീരത്തൊരുക്കിയ ഫ്ളോട്ടിംഗ് താമസ കേന്ദ്രങ്ങള്‍ വന്‍ വിജയമായതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രൂയിസ് വിനോദ സഞ്ചാരത്തിന്റെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായി ദോഹ മാറിയത്

Update: 2023-01-11 10:45 GMT

ലോകകപ്പ് ആവേശത്തെ തുടര്‍ന്ന് ഖത്തറിന്റെ സാമ്പത്തികമേഖലയിലുണ്ടായ ഉണര്‍വ്വ് മറ്റു മേഖലകളിലേക്കും വ്യാപിക്കുകയാണ്. ക്രൂയിസ് ടൂറിസം മേഖലയില്‍ വലിയ വികസന കുതിപ്പിനാണ് ഖത്തറെന്ന കുഞ്ഞുരാജ്യം ഒരുങ്ങുന്നത്.

ഈ സീസണില്‍ അമ്പതിലേറെ ആഢംബര കപ്പലുകളിലായി രണ്ടുലക്ഷം വിനോദ സഞ്ചാരികള്‍ ഖത്തറിലെത്തുമെന്നാണ് ടൂറിസം വിഭാഗം പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പടുകൂറ്റന്‍ കപ്പലുകളാണ് ദോഹ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.

ലോകകപ്പ് കാലത്ത് ദോഹ തീരത്തൊരുക്കിയ ഫ്ളോട്ടിംഗ് താമസ കേന്ദ്രങ്ങള്‍ വന്‍ വിജയമായതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രൂയിസ് വിനോദ സഞ്ചാരത്തിന്റെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായി ദോഹ മാറിയത്.

എംഎസ്‌സി യൂറോപ, എംഎസ്‌സി ഒപേറ, എംഎസ്‌സി പൊയേഷ്യ തുടങ്ങിയ കൂറ്റന്‍ ആഢംബര കപ്പലുകള്‍ ലോകകപ്പ് സമയത്ത് ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. അതിനു ശേഷം വീണ്ടും എംഎസ്സി യൂറോപ ഖത്തറില്‍ സന്ദര്‍ശനം നടത്തി.

ഫ്രഞ്ച് കപ്പലായ ബൂഗെയിന്‍ വില്ലയാണ് സീസണില്‍ ആദ്യം ദോഹ തീരത്തെത്തിയത്. ജിസിസി മേഖലയിലെതന്നെ പ്രധാന ടൂറിസം കേന്ദ്രമായി മാറാനുള്ള ശ്രമങ്ങളാണ് ഖത്തര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ദോഹ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ദോഹ തുറമുഖം കപ്പലിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നഗരത്തിന്റെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഷോപ്പിംഗിനുമെല്ലാം വളരെ സൗകര്യപ്രദമായിരിക്കും.

ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം, മിശൈരിബ് ഡൗണ്‍ടൗണ്‍, ദോഹ കോര്‍ണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളിലേക്കെല്ലാം നടന്നെത്താവുന്ന ദൂരം മാത്രമാണുള്ളത്. വെറും 10 വര്‍ഷത്തിനുള്ളിലാണ് ഖത്തറില്‍ ക്രൂയിസ് ടൂറിസം ഇത്രയധികം വികസിച്ചിരിക്കുന്നത്.

Tags:    

Similar News