റൊമാന്റിക്കായിരിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമേതന്നറിയാമോ? ആ റെക്കോഡും ഇനി ദോഹയുടെ പേരില്‍

  • ഈ പട്ടികയില്‍ ആദ്യപത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഷിംലയും ഇടം പിടിച്ചിട്ടുണ്ട്. എട്ടാം സ്ഥാനത്തായാണ് ഷിംല

Update: 2023-02-27 04:00 GMT

കഴിഞ്ഞ ഫിഫ ഫുട്ബോള്‍ ലോകകപ്പോടെ ലോകം മുഴുവന്‍ പ്രസിദ്ധമായിരിക്കുകയാണ് ഖത്തറെന്ന കുഞ്ഞന്‍ രാജ്യത്തിന്റെ തലസ്ഥാന നഗരമായ ദോഹ. അന്നു തന്നെ നിരവധി നേട്ടങ്ങളാണ് ദോഹ നേടിയതെങ്കില്‍ ഈ റൊമാന്റിക് മാസത്തില്‍ ലോകത്തെ ഏറ്റവും റൊമാന്റിക്കായ നഗരമെന്ന മധുര പദവിയാണ് ദോഹ അലങ്കരിച്ചിരിക്കുന്നത്.

അമേരിക്കന്‍ നഗരങ്ങളേയും യൂറോപ്പിലെ പാരിസ് ഉള്‍പ്പെടെയുള്ള വമ്പന്‍ നഗരങ്ങളെയുമെല്ലാം പിറകിലാക്കിയാണ് ദോഹ നഗരം ഈ സുന്ദര നേട്ടത്തിലേക്കെത്തിയതെന്നതാണ് ദോഹ നിവാസികള്‍ക്ക് കൂടുതല്‍ മധുരം പകരുന്നത്. എന്നാല്‍ ഈ കണക്ക് ടിക് ടോക്ക് ആപ്പിലെ ഹാഷ് ടാഗുകളെ വിലയിരുത്തിയാണ് കണക്കാക്കിയിരിക്കുന്നത്.

ടിക് ടോക്കിലെ വിവരങ്ങളെയെല്ലാം ആശ്രയിച്ച് ഡിസ്‌കവര്‍ കാര്‍സ് ഡോട് കോം എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തില്‍ സഞ്ചാരികള്‍ക്ക് യൂറോപ്യന്‍ നഗരങ്ങളേക്കാള്‍ കൂടുതല്‍ പ്രിയവും ദോഹയോടാണെന്നും കണ്ടെത്തി.

ലോകത്താകമാനമുള്ള 23ഓളം നഗരങ്ങളെയാണ് അവയുടെ ടിക് ടോക്കിലെ ഹാഷ്ടാഗുകളുമായി ബന്ധപ്പെട്ട കാഴ്ചകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയത്. ഈ കണക്കെടുപ്പില്‍ ഏറ്റവും റൊമാന്റിക്കായ ഇടമായി ദോഹയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Doha, DohaLove എന്നീ ഹാഷ്ടാഗുകള്‍ക്ക് കീഴിലാണ് ഖത്തരി തലസ്ഥാന നഗരം 740 കാടി വ്യൂസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് വളരെ വിജയകരമായി സംഘടിപ്പിച്ചതോടെ ദോഹയില്‍, ദമ്പതികള്‍ക്ക് ഷോപ്പിങ്ങിനും കാഴ്ചകള്‍ക്കും മറ്റു വിനോദങ്ങള്‍ക്കുമെല്ലാമായി നിരവധി ഇടങ്ങള്‍ സമ്മാനിച്ചതായി വെബ്സൈറ്റിന്റെ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

ഈ പട്ടികയില്‍ ആദ്യപത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഷിംലയും ഇടം പിടിച്ചിട്ടുണ്ട്. എട്ടാം സ്ഥാനത്തായാണ് ഷിംല ഇക്കൂട്ടരില്‍ ഒരാളായത്.

ദോഹക്കു തൊട്ടു പിറകിലായി ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്ത് ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. Perth, LoveInPerth എന്നീ ഹാഷ്ടാഗുകളെ അടിസ്ഥാനമാക്കി ആകെ 680 കോടി കാഴ്ചക്കാരുമായാണ് പടിഞ്ഞാറന്‍ ആസ്‌ട്രേലിയയുടെ 'സിറ്റി ഓഫ് ലൈറ്റ്‌സ്' എന്ന ഓമനപ്പേരിലുള്ള പെര്‍ത്ത് നഗരം രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. അതേ സമയം ലിസ്റ്റില്‍ മൂന്നാമതായി ഇടം പിടിച്ചിരിക്കുന്നത് ന്യൂസീലന്‍ഡിലെ ക്വീന്‍സ്ടൗണ്‍ സിറ്റിയാണ്.

സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതികള്‍ക്കും ശൈത്യകാലം മുഴുവന്‍ ബംഗീ ജംപിങ്, സ്‌കീയിങ് തുടങ്ങിയ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും ക്വീന്‍സ് ടൗണ്‍ ദമ്പതികള്‍ക്ക് അവസരം ഒരുക്കുന്നുണ്ട്.

Tags:    

Similar News