നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാനൊരുങ്ങി കുവൈത്ത്
- നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടെ കുവൈത്തിലെ 110ല്‍ അധികം സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനങ്ങളും ഡിജിറ്റലായി മാറും
സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിക്കായി മന്ത്രിതലത്തില്‍ സമിതിക്ക് രൂപം നല്‍കി കുവൈത്ത്. അടുത്ത നാല് വര്‍ഷത്തിനുള്ളിലാണ് മുഴുവന്‍ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുക.
പുതിയ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് ഡാറ്റാ സെന്ററുകള്‍ കൂടി നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടെ കുവൈത്തിലെ 110ല്‍ അധികം സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനങ്ങളും ഡിജിറ്റലായി മാറും.
ഈ പുതിയ സംരംഭത്തോടൊപ്പം സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നടത്തിപ്പിനു കീഴില്‍ മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സൊല്യൂഷന്‍ തുടങ്ങിയ നൂതന സാങ്കേതിക മേഖലകളില്‍കൂടി ദേശീയ പരിശീലന പരിപാടികള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
ക്ലൗഡ് ടെക്‌നോളജി രംഗത്തെ പ്രശസ്ത മള്‍ട്ടി നാഷണല്‍ കമ്പിനിയാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഇതോടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രധാന റെഗുലേറ്റര്‍മാര്‍ക്കുമെല്ലാം പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ സാധിക്കും.
വിഷന്‍ 2035ന്റെ ഭാഗമായാണ് ഐടി-സാങ്കേതിക മേഖലകളില്‍ കുവൈത്ത് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിശ്കരിച്ച് നടപ്പിലാക്കുന്നത്. എണ്ണമേഖലയില്‍നിന്നുള്ള വരുമാനത്തെയാണ് കുവൈത്ത് മുഖ്യമായും ആശ്രയിച്ചിരുന്നത്. ഇതിനു കാര്യമായ മാറ്റം ഉണ്ടാവാനും എണ്ണയിതര മേഖലയില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും ജിസിസി മേഖലയിലെ മുഖ്യ ബിസിനസ്സ് ഹബ്ബ് ആയി കുവൈത്തിനെ മാറ്റാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
കൂടാതെ, ഡിജിറ്റല്‍ ബിസിനസ്സ് ടാസ്‌ക്കുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഡാറ്റ സുരക്ഷിതമായി സംഭരിച്ച് സൂക്ഷിക്കുന്നതിനുമായി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ ക്ലൗഡ് ഏരിയ വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
