വിദേശ നമ്പറുമായി ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ വഴിയും യുപിഐ ഇടപാട് സാധ്യം

  • ഏപ്രില്‍ 30നകം ഇത്തരം അക്കൗണ്ടുകള്‍ക്ക് യുപിഐ ഇടപാട് സാധ്യമാക്കുന്നതിനുള്ള ചുവടുവെപ്പ് എടുക്കണം.

Update: 2023-01-11 05:09 GMT

മുംബൈ: അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന നോണ്‍-റസിഡന്റ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് (നോണ്‍-റെസിഡന്റ് എക്‌സ്‌ടേര്‍ണല്‍ അഥവാ എന്‍ഐര്‍ഇ, നോണ്‍ റെസിഡന്റ് ഓര്‍ഡിനറി അഥവാ എന്‍ആര്‍ഓ) യുപിഐ വഴി ഇടപാട് സാധ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശവുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

ഇത്തരം അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കണമെന്ന് യുപിഐയുമായി ബന്ധപ്പെട്ട് കിടക്കുന്ന ബാങ്കുകള്‍ ഉള്‍പ്പടെയുള്ള അംഗങ്ങള്‍ക്ക് എന്‍പിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 30നകം ഇത്തരം അക്കൗണ്ടുകള്‍ക്ക് യുപിഐ ഇടപാട് സാധ്യമാക്കുന്നതിനുള്ള ചുവടുവെപ്പ് എടുക്കണം.

രാജ്യത്തേക്ക് പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ അളവ് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നീക്കം. 2022ല്‍ പ്രവാസികളിലൂടെ രാജ്യത്തേക്ക് എത്തിയ പണത്തിന്റെ അളവ് 10,000 കോടി യുഎസ് ഡോളറിന് മുകളിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശത്ത് നിന്നുള്ള പണത്തിന്റെ ഒഴുക്കില്‍ 12 ശതമാനം വര്‍ധനയാണ് വന്നിരിക്കുന്നത്. 'പ്രവാസികളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സ്ഥാനപതികളെന്നും' മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു.

Tags:    

Similar News