ഫുഡ് ഡെലിവറി ജോലികളും റോബോട്ടുകള്‍ കൈയടക്കുന്നു; ആദ്യഘട്ടം ദുബായ് സിലിക്കണ്‍ ഒയാസിസില്‍

  • ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ തലബാത്തും ചേര്‍ന്നാണ് പുത്തന്‍ പദ്ധതി നടപ്പിലാക്കുന്നത്

Update: 2023-02-16 09:00 GMT

സര്‍വ മേഖലകളിലും മനുഷ്യരെ പിന്തള്ളി റോബോട്ടുകള്‍ ജോലികള്‍ കൈയടക്കുമെന്ന പ്രവചനങ്ങള്‍ അതിവേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ദുബായ്. അധ്യാപക മേഖലയില്‍ വരെ റോബോട്ടുകളെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് യുഎഇ പ്രഖ്യാപിച്ചിരുന്നത്.

തൊട്ടു പിറകെ തന്നെ അടുത്ത പ്രഖ്യാപനവും വന്നിരിക്കുകയാണ്. ദുബായ് നഗരത്തിലുടനീളം ഫുഡ് ഡെലിവറിക്കായി ഇനി റോബോട്ടുകള്‍ എത്തുമെന്നാണ് പുതിയ പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ ദുബായ് സിലിക്കന്‍ ഒയാസിലാണ് റോബോട്ടുകള്‍ ഭക്ഷണവിതരണത്തിനായി ഇറങ്ങുക. ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ തലബാത്തും ചേര്‍ന്നാണ് പുത്തന്‍ പദ്ധതി നടപ്പിലാക്കുന്നത്.

'തലബോട്ട്' എന്ന പേരിലാണ് ദുബായുടെ പുതിയ ഫുഡ് ഡെലിവറി റോബോട്ടുകള്‍ അറിയപ്പെടുക. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സിലിക്കന്‍ ഒയാസിസിലെ സിദര്‍ വില്ല സമുച്ചയത്തിലാണ് ആര്‍ടിഎയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡറിനനുസരിച്ച് വീടുകളിലേക്കെത്തിച്ചുനല്‍കുക.

എങ്ങനെയാണ് ഇത് സാധ്യമാകുകയെന്ന സംശയമുള്ളവര്‍ക്ക് ആവശ്യമായ വിശദീകരണവും അധികാരികള്‍ നല്‍കിയിട്ടുണ്ട്. അത്യാധുനിക സെന്‍സറുകളുടെ സഹായത്തോടെ ഭക്ഷണം എത്തിക്കേണ്ട ഇടത്തേക്കുള്ള വഴികളും വഴിയിലെ മറ്റു തടസങ്ങളുമൊക്കെ കൃത്യമായി മനസിലാക്കി തന്നെ മുന്നോട്ടു നീങ്ങാന്‍ കഴിവുള്ള തരത്തിലാണ് തലറോബോകളെ സംവിധാനിച്ചിരിക്കുന്നത്.

ആകെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയെ സംവിധാനിച്ചിട്ടുള്ളത്. കൂടിയാല്‍ വെറും പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഓര്‍ഡറുകളുടെ ഡെലവറി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് തലബോട്ടിനെ സജ്ജീകരിച്ചവര്‍ അവകാശപ്പെടുന്നത്.

ദുബായിയുടെ ഡ്രൈവര്‍ രഹിത വാഹന സംവിധാനം, സ്മാര്‍ട്ട് നഗരം തുടങ്ങിയ നിരവധി ലക്ഷ്യങ്ങള്‍ക്ക് കൂടി സഹായകരമാകുന്നതായിരിക്കും റോബോട്ടുകളുടെ പ്രവര്‍ത്തനമെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞവര്‍ഷം ദുബൈ എക്സ്പോ വേദിയില്‍ ഈ സംവിധാനം വിജയകരമായി തന്നെ പരീക്ഷിച്ച് നടപ്പിലാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ സിദര്‍ വില്ല ഷോപ്പിംഗ് സെന്ററിലെയും പരിസരപ്രദേശത്തെ റെസ്റ്റോറന്റുകളിലേയും ഓര്‍ഡറുകള്‍ സ്വീകരിച്ചാണ് റോബോട്ടുകള്‍ ഉപഭോക്താക്കള്‍ക്കാവശ്യമായ സാധനങ്ങള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു കൊടുക്കുക.

Tags:    

Similar News