ലോജിസ്റ്റിക്സ് മേഖലയില്‍ 2900 കോടി നിക്ഷേപത്തിന് അവസരമൊരുങ്ങി സൗദി അറേബ്യ

  • ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ നിക്ഷേപം നടത്തും

Update: 2023-02-13 07:30 GMT

സൗദി അറേബ്യയുടെ ലോജിസ്റ്റിക്സ് മേഖലയില്‍ 2900 കോടി റിയാലിന്റെ നിക്ഷേപത്തിന് അവസരമൊരുങ്ങുന്നതായി സൗദി ഗതാഗത മന്ത്രിയുടെ വെളിപ്പെടുത്തല്‍. രാജ്യത്ത് പുതുതായി ആരംഭിക്കുന്ന 19ലേറെ ലോജിസ്റ്റിക്സ് സോണുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സംരംഭങ്ങളാരംഭിക്കാന്‍ അവസരമൊരുങ്ങും. ആപ്പിള്‍ അടക്കമുള്ള അന്താരാഷ്ട്ര ഭീമന്‍മാര്‍ ഇതിനായി സൗദിയിലെത്തുമെന്നും ഗതാഗത മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

ഇതുവരെയുണ്ടായിരുന്ന 1700 കോടി റിയാലില്‍നിന്നും 5700 കോടി റിയാലായി ലോജിസ്റ്റിക്സ് മേഖലയുടെ ശേഷി വര്‍ധിപ്പിക്കാനാണ് സൗദി അറേബ്യയുടെ ശ്രമം. ഇതിന്റെയെല്ലാം ഭാഗമായി സേവന മേഖലയിലെ വിദേശ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഗതാഗത-ലോജിസ്റ്റിക് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ പറയുന്നത്.

രാജ്യത്തെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്തേക്കുള്ള ഇറക്കുമതി ചരക്കുകളുടെ ക്ലിയറന്‍സ് സമയം കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് ഓരോ വര്‍ഷവും കുറച്ചു കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ലോകത്ത് ഏറ്റവും കാര്യക്ഷമതയുള്ള തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കിംഗ് അബ്ദുല്ല തുറമുഖത്തിന് സാധിച്ചിട്ടുണ്ട്. ഇതേ പട്ടികയില്‍ ജിദ്ദ തുറമുഖം എട്ടാം സ്ഥാനമാണ് നേടിയത്.

സൗദിയുടെ പ്രധാന നഗരങ്ങളില്‍ ആരംഭിച്ച 19 ലോജിസ്റ്റിക് സോണുകള്‍ സാമ്പത്തിക വളര്‍ച്ചക്ക് വലിയ പിന്തുണ നല്‍കുമെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ സ്വദേശികള്‍ക്ക് പുറമേ വിദേശികള്‍ക്കടക്കം 2900 കോടി റിയാലിന്റെ നിക്ഷേപാവസരങ്ങള്‍ ലഭ്യമാകും.

ഇതിന്റെ ചുവടുപിടിച്ചാണ് ആപ്പിള്‍ പോലെയുള്ള വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ സൗദിയിലെ ലോജിസ്റ്റിക് സോണുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷാവസാനത്തോടെ തന്നെ സൗദി ലോജിസ്റ്റിക് വിപണിയുടെ ശേഷി 1700 കോടി റിയാലില്‍നിന്നും 5700 കോടി റിയാലായി ഉയര്‍ത്താനാണ് ഗതാഗത-ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്.

Tags:    

Similar News