റിയാദ് എയര്‍ മേഖലയില്‍ മത്സരം കടുക്കും; സൗദി വാങ്ങുന്നത് 121 ബോയിങ് വിമാനങ്ങള്‍

  • 600 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ്ണമായ ഉടമസ്ഥതയിലാണ് റിയാദ് എയര്‍

Update: 2023-03-16 06:00 GMT

സൗദി പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ചതോടെ വലിയ മത്സരത്തെയാണ് റിയാദ് എയര്‍ മേഖല നേരിടാന്‍ പോകുന്നത്. പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍ നൂറിലേറെ ബോയിങ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് ബോയിങുമായി ഒപ്പുവെച്ചിരിക്കുന്നത്. 30,000 കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വില്‍പ്പന കരാറുകളിലൊന്നാണ് അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയുമായി സൗദി ഒപ്പുവെച്ചിട്ടുള്ളത്.

നിലവിലെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സും പുതിയ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുന്നുണ്ട്. ലോകത്തെ അത്യാധുനിക വിമാനങ്ങളെത്തുന്നതോടെ വ്യോമയാന രംഗത്ത് സൗദി അറേബ്യയുടെ കിടമത്സരത്തിന് കൂടിയാണ് വേദിയൊരുങ്ങുന്നത്.

പുതിയതായി 121 ബോയിങ് വിമാനങ്ങളാണ് റിയാദ് എയര്‍ വാങ്ങാനൊരുങ്ങുന്നത്. രണ്ടു ദിവസം മുമ്പാണ് പുതിയ വിമാനക്കമ്പനിയുടെ പേര് സൗദി കിരീടാവകാശി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബോയിങ് ഇടപാടിനാണ് സൗദി യുഎസ് കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുള്ളത്.

കരാര്‍ ബോയിങ് സ്വീകരിച്ചിട്ടുണ്ട്. 78 ബോയിങ് 787 ഡ്രീംലൈനറുകള്‍ റിയാദ് എയറും സൗദി എയര്‍ലൈന്‍സും വാങ്ങും. കൂടാതെ 39 വൈഡ് ബോഡി 787 വിമാനങ്ങളും റിയാദ് എയര്‍ വാങ്ങും. അത്ര തന്നെ സൗദി എയര്‍ലൈന്‍സും സ്വന്തമാക്കും. 78 വിമാനങ്ങളാണ് ആദ്യം സൗദിയിലെത്തുന്നത്.

ഏകദേശം 30000 കോടി ഇന്ത്യന്‍ രൂപയാണ് ഇതിന് മാത്രം വില വരുന്നത്. 2025നകം വിമാനങ്ങള്‍ സൗദിയിലെത്തിക്കും. പുതിയ കരാറോടെ ബോയിങ് ഓഹരികള്‍ 3.6 ശതമാനം ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

600 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ്ണമായ ഉടമസ്ഥതയിലാണ് റിയാദ് എയര്‍. 2030ഓടെ ലോകമെമ്പാടുമുള്ള 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് പദ്ധതി.

ഇതോടെ എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുമായുള്ള മത്സരം കൂടിയാണ് സൗദി തുടങ്ങുകയെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര സര്‍വീസുകളും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. നേരിട്ടും അല്ലാതെയും രണ്ട് ലക്ഷം തൊഴിലവസരങ്ങളാണ് കമ്പനി ഒരുക്കുന്നത്. 20,000 കോടി റിയാല്‍ എണ്ണേതര വരുമാനമായി റിയാദ് എയര്‍ ജിഡിപിയിലെത്തിക്കുമെന്നും വിദഗ്ധര്‍ കണക്ക് കൂട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സിറ്റ് ഹബ്ബായി റിയാദിനെ മാറ്റുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ലോകത്തെ എല്ലാ ഭാഗങ്ങളിലേക്കും സൗദിയില്‍ നിന്നും വിമാന സര്‍വിസ് ഒരുക്കും. ഇന്ത്യയിലേക്കും പുതിയ സര്‍വ്വീസുകളുണ്ടാകും.

Tags:    

Similar News