ഹയ്യാകാര്‍ഡ് ആനുകൂല്യം അവസാനിക്കുന്നു; ഖത്തറില്‍ താമസിക്കാനുള്ള കാലാവധി ഇന്ന് കൂടി മാത്രം

  • കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായാണ് ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയാ കാര്‍ഡ് ഉപയോഗിച്ചിരുന്നത്

Update: 2023-01-23 10:15 GMT

ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നതിന് വഴിയൊരുക്കിയ ഹയ്യാകാര്‍ഡ് ആനുകൂല്യങ്ങള്‍ ഖത്തര്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നു. ഹയ്യാകാര്‍ഡ് ഉപയോഗിച്ച് ഖത്തറിലെത്തിയിരുന്നവര്‍ക്ക് ഖത്തറില്‍ തങ്ങാനുള്ള കാലാവധി ഇന്നത്തോടെ അവസാനിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നവംബര്‍ ഒന്നുമുതല്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് മാത്രമല്ല, ഹയ്യാകാര്‍ഡ് ഉപയോഗിച്ച് ഖത്തറിലെത്തിയവര്‍ നിയമം ലംഘിച്ച് രാജ്യത്ത് തന്നെ തുടര്‍ന്നാല്‍ അനധികൃത താമസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അതിനര്‍ഹമായ ശിക്ഷാനടപടികള്‍ നേരിടേണ്ടിയും വരും. പിഴയടക്കമുള്ള ശിക്ഷയാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുക.

കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായാണ് ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയാ കാര്‍ഡ് ഉപയോഗിച്ചിരുന്നത്. ലോകകപ്പ് ആരാധകര്‍ക്ക് പുറമെ മലയാളികള്‍ അടക്കമുള്ള പ്രവാസികളുട കുടുംബങ്ങളും ലോകസഞ്ചാരികളും ഈ സംവിധാനം വലിയ അളവില്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഇതിലൂടെ മാത്രം വന്‍ സാമ്പത്തിക നേട്ടമാണ് ഖത്തര്‍ ടൂറിസം മേഖല സ്വന്തമാക്കിയിട്ടുള്ളത്.

2022 നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു ഹയ്യാകാര്‍ഡ് ഉപയോഗിച്ച് ഖത്തറിലേക്ക് പ്രവേശിക്കാന്‍ അവസരമുണ്ടായിരുന്നത്. ഇത്തരത്തില്‍ രാജ്യത്തെത്തിയവര്‍ക്ക് തിരിച്ചുപോകാനുള്ള കാലാവധിയാണ് ഇന്നത്തോടെ അവസാനിക്കുന്നത്.

പത്ത് ലക്ഷത്തിലേറെ പേരാണ് ഈ മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിച്ച് ഖത്തറില്‍ കളികാണാനെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. കളികാണാനായി മാത്രം യൂറോപ്പില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമെത്തിയവര്‍ ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ തന്നെ ഖത്തറിനോട് യാത്ര പറഞ്ഞ് മടങ്ങിയിരുന്നു.

അതേസമയം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യക്കാരുമടക്കമുള്ള പലരും കുടുംബത്തിനൊപ്പം ഖത്തറില്‍ തുടരുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്ത് തങ്ങുന്നവരെല്ലാം ജനുവരി 23 ഓടെ മടങ്ങണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കുന്നത്. എങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ച പ്രത്യേക ഓര്‍ഗനൈസര്‍ ഹയ്യാകാര്‍ഡ് സ്വന്തമാക്കിയവര്‍ക്ക് നിലവില്‍ രാജ്യത്ത് തന്നെ തുടരാമെന്നും അറിയിച്ചിട്ടുണ്ട്.

Tags:    

Similar News