തൊഴിലാളികള്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് നടപടിക്രമങ്ങള്‍ മരവിപ്പിച്ചുവെന്ന് ഗൂഗിള്‍

  • അമേരിക്കയില്‍ സ്ഥിരതാമസം (പിആര്‍) ലഭ്യമാകുന്നതിന് സഹായകരമായ ഗ്രീന്‍ കാര്‍ഡിന്റെ അപേക്ഷയില്‍ കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള ആദ്യ നടപടിക്രമമാണ് പിഇആര്‍എം ആപ്ലിക്കേഷന്‍ എന്നത്.

Update: 2023-01-23 09:11 GMT

കലിഫോര്‍ണിയ: കമ്പനിയില്‍ നിന്നും ആയിരക്കണക്കിനാളുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സാഹചര്യത്തില്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷയ്ക്ക് വേണ്ടതായ പ്രധാന നടപടിക്രമം മരവിപ്പിച്ചുവെന്നറിയിച്ച് ഗൂഗിള്‍. പ്രോഗ്രാം ഇലക്ട്രോണിക്ക് റിവ്യു മാനേജ്‌മെന്റ് (പിഇആര്‍എം) എന്ന നടപടിക്രമമാണ് ഇപ്പോള്‍ നിറുത്തലാക്കിയിരിക്കുന്നത് എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ സ്ഥിരതാമസം (പിആര്‍) ലഭ്യമാകുന്നതിന് സഹായകരമായ ഗ്രീന്‍ കാര്‍ഡിന്റെ അപേക്ഷയില്‍ കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള ആദ്യ നടപടിക്രമമാണ് പിഇആര്‍എം ആപ്ലിക്കേഷന്‍ എന്നത്. യുഎസ് പൗരന്മാരായ തൊഴില്‍ നൈപുണ്യമുള്ള ജീവനക്കാരെ കിട്ടാതെ വരുമ്പോഴാണ് ഗൂഗിള്‍ പുറത്ത് നിന്നും ആളെ ജോലിയ്‌ക്കെടുത്ത് ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

12,000 പേരെ പിരിച്ചുവിടുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ആകെയുള്ള ജീവനക്കാരിലെ 6 ശതമാനം പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ടെക്ക് മേഖലയിലുള്‍പ്പടെ നടപ്പിലാകുന്ന കൂട്ടപ്പിരിച്ചുവിടലിന്റെ ആഘാതം വെളിവാക്കുന്ന ലിങ്ക്ഡ്ഇന്‍ പോസ്റ്റുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാവിലെ മൂന്നു മണിയ്ക്കാണ് തന്റെ ജോലി പോയ വിവരം അറിയുന്നതെന്ന് ജസ്റ്റിന്‍ മൂര്‍ എന്ന വ്യക്തി പറയുന്നു. കമ്പനിയിലെ അക്കൗണ്ട് ഡിയാക്ടിവേറ്റ് ആയത് അപ്പോഴാണ് അറിയുന്നത്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് വിഭാഗം മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു മൂര്‍. കഴിഞ്ഞ 16.5 വര്‍ഷമായി അദ്ദേഹം ഗൂഗിളിന്റെ ജീവനക്കാരനാണ്. ഇപ്പോള്‍ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് മൂറിന്റെയും തൊഴില്‍ നഷ്ടപ്പെട്ടത്. ജീവനക്കാര്‍ക്ക് 60 ദിവസത്തെ നോട്ടീസ് പിരീഡ് നല്‍കുമെന്നും 16 ആഴ്ച്ചത്തെ ശമ്പളം നല്‍കുമെന്നും സിഇഒ സുന്ദര്‍ പിച്ചൈ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News