ആധാർ ഇനി സ്വയം തിരുത്താം; പുതുക്കിയ നിരക്കുകൾ

ആധാറിലെ ചില തെറ്റുകൾ ഇനി ഓൺലൈനായി സ്വയം തിരുത്താം. അറിയേണ്ട കാര്യങ്ങൾ

Update: 2025-11-03 07:23 GMT

ആധാർ കാർഡിലെ അടിസ്ഥാന വിവരങ്ങൾ ഇനി കാർഡ് ഉടമകൾക്ക് എളുപ്പത്തിൽ തിരുത്താനാകും. ആധാറിലെ പേര്, വിലാസം, ജനനതീയതി തുടങ്ങിയവയെല്ലാം  വീട്ടിലിരുന്ന് ഓൺലൈനായി തന്നെ തിരുത്താം. പുതിയ സംവിധാനം നവംബർ ഒന്നു മുതലാണ് പ്രബല്യത്തില്‍ വന്നത്.വിലാസത്തിലെ മാറ്റം, ജനനത്തീയതിയിലെ പിശക് എന്നിവയെല്ലാം ഇങ്ങനെ പരിഹരിക്കാം. നേരത്തെ ഇതിനായി അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കണമായിരുന്നു. 

പക്ഷേ ആധാറുമായി ബന്ധപ്പെച്ച എല്ലാ വിവരങ്ങളും ഓൺലൈനിലൂടെ സ്വയം അപ്ഡേറ്റ് ചെയ്യാനാകില്ല. ഫിംഗര്‍പ്രിന്റ്, ഐറിസ് സ്‌കാന്‍ പോലുള്ള ബയോമെട്രിക് വിവരങ്ങളുടെ അപ്ഡേഷനായി അക്ഷയ കേന്ദ്രങ്ങളോ പൊതുജന സേവാ കേന്ദ്രങ്ങളോ സന്ദര്‍ശിക്കേണ്ടിവരും. ഫീസിലും വ്യത്യാസമുണ്ട്. ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ 75 രൂപയാണ് ഫീസ്. എന്നാൽ ഫിംഗർപ്രിൻ്റ്, ഐറിസ് സ്കാൻ പോലുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് 125 രൂപയാണ് നൽകേണ്ടത്.

കുട്ടികള്‍ക്ക് ബയോമെട്രിക് അപ്‌ഡേറ്റുകള്‍ സൗജന്യമായിരിക്കും . അഞ്ചു വയസുമുതൽ 17 വയസുവരെയുള്ളവരുടെ വിവരങ്ങളാണ്  സൗജന്യമായി അപ്ഡേറ്റ് ചെയ്യാനാകുക.  ആധാര്‍ വിവരങ്ങള്‍ തിരുത്തുമ്പോള്‍ പാന്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും ഡിജിറ്റലായി പരിശോധിച്ചാണ് സ്ഥിരീകരണം നൽകുക. 

പാൻ ആധാർ ലിങ്കിങ് മറക്കേണ്ട

പാൻകാർഡ് ഉടമകൾ ഡിസംബര്‍ 31നകം ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡ് 2026 ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തനരഹിതമാകും എന്ന മുന്നറിയിപ്പുണ്ട്.

Tags:    

Similar News