ഇനി ബാങ്ക് അക്കൗണ്ടുകൾക്ക് ഒന്നിലധികം നോമിനികൾ; നവംബർ ഒന്നു മുതൽ ചില പ്രധാന മാറ്റങ്ങൾ

ബാങ്കിങ് നിയമങ്ങളിൽ ചില പ്രധാന ഭേദഗതികൾ.

Update: 2025-10-24 08:19 GMT

നവംബർ ഒന്നു മുതൽ പുതിയ ബാങ്കിംഗ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരികയാണ്. ബാങ്ക് അക്കൗണ്ടുകളിൽ ഇനി ഒന്നിലധികം നോമിനികളെ ഉൾപ്പെടുത്താമെന്നതാണ് ഒരു പ്രധാന മാറ്റം. നിക്ഷേപകർക്ക് ഇഷ്ടാനുസരണം എപ്പോൾ വേണമെങ്കിലും നോമിനികളെ നിർദേശിക്കാനാകും.നിക്ഷേപകർക്കും നോമിനികൾക്കും ക്ലെയിം സെറ്റിൽമെന്റ് എളുപ്പമാക്കുന്നതാണ് നീക്കം. രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ പണം കുമി‍ഞ്ഞുകൂടുന്നത് കുറയ്ക്കാനും നടപടി സഹായകരമാകും.

2025 ലെ ബാങ്കിംഗ് നിയമ (ഭേദഗതി) നിയമത്തിലെ പ്രധാന വ്യവസ്ഥകളാണ് 2025 നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരിക. ധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അക്കൗണ്ടുകൾ മാത്രമല്ല ബാങ്കുകളിലെ ലോക്കർ, സുരക്ഷിതമായി സൂക്ഷിക്കുന്ന വസ്തുക്കൾ, എന്നിവയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിലും മാറ്റമുണ്ട്. 

ലോക്കറുകളിൽ ഒറ്റത്തവണയുള്ള തുടർച്ചയായ നോമിനേഷൻ മാത്രമേ അനുവദിക്കൂ. നിക്ഷേപകർക്ക് നാല് പേരെ വരെ നോമിനിയാക്കാനാകും. സ്വ‍ർണം പോലുള്ള ഉരുപ്പടികളിൽ ഓരോ നോമിനിക്കുമുള്ള വിഹിതം അല്ലെങ്കിൽ ശതമാനം വ്യക്തമാക്കാം. പ്രധാന നോമിനി മരണമടഞ്ഞാൽ അടുത്ത നോമിനിക്കായിരിക്കും മുൻതൂക്കം.

ബാങ്കിംഗ് മേഖലയിൽ ഭരണപരമായ സുതാര്യത കൊണ്ടുവരിക, പൊതുമേഖലാ ബാങ്കുകളുടെ ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് 2025 ലെ ബാങ്കിംഗ് നിയമ (ഭേദഗതി) നിയമം ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിൽ ചെയർമാനും മുഴുവൻ സമയ ഡയറക്ടർമാരും ഒഴികെയുള്ള ഡയറക്ടർമാരുടെ കാലാവധി യുക്തിസഹമാകുമെന്നതാണ് മറ്റൊരു ശ്രദ്ധേയ ഭേദ​ഗതി. ഡയറക്ടർമാരുടെ കാലാവധി എട്ടു വർഷത്തിൽ നിന്ന്  10 വർഷമായും ഉയർത്തിയിട്ടുണ്ട്.

2025 ഏപ്രിൽ 15-ന് വിജ്ഞാപനം ചെയ്ത ബാങ്കിങ് നിയമത്തിൽ 19 പ്രധാന ഭേദഗതികളാണ് ഉൾപ്പെടുന്നത്. ആർബിഐ ആക്ട്, ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് തുടങ്ങിയ അഞ്ച് നിയമങ്ങളിലാണ് ഭേദ​ഗതികൾ വരുത്തിയിരിക്കുന്നത്. 

Tags:    

Similar News