നവംബർ 1;ലൈഫ് സർട്ടിഫിക്കറ്റ് മറക്കണ്ട, ബാങ്കിങ് നിയമങ്ങളിലെ മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ
നവംബർ ഒന്നു മുതലുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
നവംബറിൽ ധനകാര്യ ഇടപാടുകളിൽ ചില പ്രധാന മാറ്റങ്ങളും അറിഞ്ഞിരിക്കേണ്ട ഡെഡ് ലൈനുകളുമുണ്ട്.ബാങ്ക് അക്കൗണ്ടുകളിലും ലോക്കറുകളിലും ഇനി ഒന്നിലധികം നോമിനികളെ ഉൾപ്പെടുത്താൻ ആകും. നാലു നോമിനികളെ വരെയാണ് നിർദേശിക്കാൻ ആകുക. പുതുക്കിയ എസ്‌ബിഐ കാർഡ് ഫീസ്, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി, ഏകീകൃത പെൻഷൻ സ്കീമിലേക്ക് മാറുന്നതിനുള്ള നീട്ടിയ സമയപരിധി എന്നിവയെക്കുറിച്ച് അറിയാം.
2025 ലെ ബാങ്കിംഗ് നിയമ ഭേദഗതി പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരികയാണ്.അക്കൗണ്ട് ഉടമകൾക്ക് അവരുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് നാല് നോമിനികളെ വരെയാണ് ഇനി നിർദേശിക്കാനാകുക. ഒരേസമയം നാലുപേരെ നിർദേശിക്കുകയോ പിന്തുടർച്ചാ അവകാശികളുടെ ക്രമം നിശ്ചയിക്കാനുമൊക്കെ കഴിയും . നാമനിർദ്ദേശ പ്രക്രിയ ലളിതമാക്കുന്നത് അക്കൌണ്ട് ഉടമകളുടെ മരണ ശേഷമുള്ള നിക്ഷേപ വിഭജനം എളുപ്പമാക്കും.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം
എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ പെൻഷൻകാരും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 30ആണ്. പ്രതിമാസ പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിന് നവംബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. പെൻഷൻകാരൻ ജീവിച്ചിരിപ്പുണ്ടെന്നും പെൻഷൻ പേയ്‌മെന്റുകൾക്ക് അർഹതയുണ്ടെന്നും തെളിയിക്കുന്നതിനാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാർ എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് (ഏകീകൃത പെൻഷൻ പദ്ധതി) മാറുന്നതിനുള്ള സമയപരിധി 2025 നവംബർ 30 വരെ നീട്ടി. ഈ സമയപരിധി നിലവിലെ ജീവനക്കാർക്കും വിരമിച്ചവർക്കും, എൻപിഎസിന് കീഴിൽ ഫാമിലി പെൻഷൻ വാങ്ങുന്നവർക്കും ബാധകമാകും.
