പെട്ടെന്ന് മാസവരുമാനം ഒന്നു നിലച്ചാലോ? കടക്കെണിയിൽ ആകാതിരിക്കാൻ എന്തുചെയ്യണം?
പെട്ടെന്ന് മാസവരുമാനം നിലച്ചാൽ പ്രതിസന്ധിയിലാകാതിരിക്കാൻ ശ്രദ്ധ വേണം
വർഷങ്ങളോളം ജോലി ചെയ്തിട്ടും പെട്ടെന്ന് മാസ വരുമാനം ഒന്നു നിലച്ചാൽ മിക്കവരും പ്രതിസന്ധിയിലാകും. ശമ്പളം ലഭിച്ചില്ലെങ്കിൽ തകർന്നുപോകുന്ന സാമ്പത്തിക ഭദ്രതയേ ബഹുഭൂരിപക്ഷം ആളുകൾക്കുമുള്ളൂ. സാമ്പത്തിക അനിശ്ചിതത്വങ്ങളും ആകസ്മിക സംഭവങ്ങളും ഒക്കെ ഉണ്ടായാൽ ഒരു എമർജൻസി ഫണ്ട് എപ്പോഴും കരുതേണ്ടേ?
എന്താണ് ഈ എമർജൻസി ഫണ്ട്? പേരിൽ തന്നെയുണ്ട് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട നീക്കിയിരുപ്പാണിതെന്ന്. മുൻകൂട്ടി കാണാനാകാത്ത ഒരു പ്രതിസന്ധി ജീവിതത്തിലുണ്ടായാൽ നേരിടുന്നതിനായി കരുതുന്ന തുകയാണിത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളിലെ പ്രതിസന്ധിയെ അതിജീവിക്കാൻ ഈ പണം ഉപയോഗിക്കാനാകും. ഇത് വെറുമൊരു സമ്പാദ്യം മാത്രമല്ല. നാളെയിലേക്കുള്ള കരുതൽ കൂടെയാണ് . ഇങ്ങനെ ഒരു ഫണ്ട് സൂക്ഷിക്കുന്നുണ്ടെങ്കിൽ പെട്ടെന്നൊരു ആവശ്യമുണ്ടാകുമ്പോൾ പണത്തിനായി നെട്ടോട്ടമോടുന്ന സ്ഥിതി ഒഴിവാക്കാം.
വേണം മൂന്നു മാസം മുതൽ ആറുമാസം വരെയുള്ള വരുമാനം
ഒഴിവാക്കാൻ സാധിക്കാത്ത എല്ലാ ചെലവുകൾക്കും നിർബന്ധമായി അടക്കേണ്ട തിരിച്ചടവുകൾക്കുമൊക്കെ ശേഷം ചെറിയൊരു തുകയെങ്കിലും ഇങ്ങനെ ഭാവിയിലെ ആവശ്യങ്ങൾക്കായി നീക്കി വയ്ക്കാം. ശമ്പളം പെട്ടെന്ന് നിലച്ചാൽ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകുന്നതിന് ഏറ്റവും കുറഞ്ഞത് മൂന്നു മാസമോ 6 മാസം വരെയോ ഉള്ള പ്രതിസ എമർജൻസി ഫണ്ടുകൾ സ്വരുക്കൂട്ടേണ്ടതുണ്ട്. .
ഉദാഹരണത്തിന്, നിങ്ങൾക്ക് എമർജൻസി ഫണ്ട് ബിൽഡ് ചെയ്യേണ്ടത് ആറുമാസത്തേക്കാണ്ണെന്നും, നിങ്ങൾക്ക് ഒരു മാസം വരുന്ന ആകെ ചെലവ് 15,000 രൂപയാണെന്നും വിചാരിക്കുക. അങ്ങനെയാണെങ്കിൽ 15000തിനെ 6മായി ഗുണിച്ചാൽ നിങ്ങൾക്ക് എമർജൻസി ഫണ്ടായി എത്ര രൂപ വേണമെന്ന് മനസ്സിലാക്കാം. ഇതിനായി ശമ്പളം ലഭിക്കുമ്പോൾ തന്നെ ഒരു വിഹിതം മാറ്റി വയ്ക്കുന്നതാണ് ഏറ്റവും ഉചിതം.
