' മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സ് ' കുഴപ്പക്കാരെന്നു കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരും ' എക്‌സ് ' പ്ലാറ്റ്‌ഫോമും തമ്മിലുള്ള ബന്ധം കുറേ നാളുകളായി മോശം നിലയിലായിരുന്നു

Update: 2023-09-14 09:49 GMT

പതിവായി നിയമം ലംഘനം നടത്തുന്നവരാണ് ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് എന്നു കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയില്‍. റോയ്‌ട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്ര ഐടി മന്ത്രാലയം കര്‍ണാടക ഹൈക്കോടതിയില്‍ 2023 ഓഗസ്റ്റ് 24-ന് സമര്‍പ്പിച്ച നോണ്‍ പബ്ലിക് ഫയലിംഗിലാണു ഈ പരാമര്‍ശമുള്ളതെന്നും റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ' എക്‌സ് ' പ്ലാറ്റ്‌ഫോമിനു പിഴ ചുമത്തിയിരുന്നു. ഇതേ തുടര്‍ന്നു ' എക്‌സ് ' നല്‍കിയ ഹര്‍ജിയില്‍ അടുത്ത ദിവസം വാദം കേള്‍ക്കാനിരിക്കവേയാണ് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഉള്ളടക്കം നീക്കം ചെയ്യല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ' എക്‌സ് ' പാലിക്കുന്നില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്. ഈ വര്‍ഷം ജൂണില്‍, കര്‍ണാടക ഹൈക്കോടതി ' എക്‌സ് ' പ്ലാറ്റ്ഫോമിന് 50 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മാത്രമല്ല, പ്ലാറ്റ്‌ഫോമിലെ ചില കണ്ടന്റുകള്‍ ' ബ്ലോക്ക് ' ചെയ്യണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് പാലിച്ചില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇതിന് തൃപ്തികരമായ വിശദീകരണ നല്‍കാനും പ്ലാറ്റ്‌ഫോമിനു സാധിച്ചില്ലെന്നു സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവിനെതിരെ ' എക്‌സ് ' പ്ലാറ്റ്‌ഫോം കോടതിയെ സമീപിച്ചു. പ്ലാറ്റ്‌ഫോമിനെതിരെ ചുമത്തിയ പിഴ കോടതി ഇടപെട്ട് നീക്കം ചെയ്യണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ എക്‌സിന്റെ ആവശ്യം തള്ളിക്കളയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

കേന്ദ്ര സര്‍ക്കാരും ' എക്‌സ് ' പ്ലാറ്റ്‌ഫോമും തമ്മിലുള്ള ബന്ധം കുറേ നാളുകളായി മോശം നിലയിലായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ' എക്‌സ് ' പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത ചില കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പ്ലാറ്റ്‌ഫോം വിസമ്മതിച്ചിരുന്നു.

മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് എക്‌സ് പ്ലാറ്റ്‌ഫോം. ഇത് മുന്‍പ് ട്വിറ്റര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മസ്‌ക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ടെസ്ല വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യയില്‍ ഒരു ഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് എക്‌സിനെതിരായ കേസ് നടക്കുന്നത്.

Tags:    

Similar News