ഇനി ഗൂഗിള്‍, ഫേസ്ബുക്ക് സേവനത്തിന് പണം നല്‍കണം ?

  • സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യയില്‍ നികുതി ഈടാക്കുമെന്നു സൂചന
  • ഒക്ടോബര്‍ മുതല്‍ നികുതി ചുമത്തും
  • 18 ശതമാനം വരെ സംയോജിത ചരക്ക് സേവന നികുതി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്

Update: 2023-09-28 10:01 GMT

ഗൂഗിള്‍, ഫേസ്ബുക്ക്, എക്സ് (മുമ്പ് ട്വിറ്റര്‍) തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യയില്‍ നികുതി ഈടാക്കുമെന്നു സൂചന. ഇന്ത്യയില്‍ സര്‍ക്കാരിനും വ്യക്തികള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്ക് 18 ശതമാനം വരെ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച നിയമം 2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

സോഷ്യല്‍ മീഡിയയ്ക്കും എഡ്ടെക് സ്ഥാപനങ്ങള്‍ക്കുമാണ് ഐജിഎസ്ടി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സേവനങ്ങളെ ഓണ്‍ലൈന്‍ ഇന്‍ഫര്‍മേഷന്‍ ഡേറ്റബേസ് ആക്‌സസ് ആന്‍ഡ് റിട്രൈവല്‍ (ഒഐഡിഎആര്‍) സര്‍വീസസ് എന്നാണ് വിളിക്കുന്നത്.

സോഷ്യല്‍ മീഡിയ, എഡ്‌ടെക് സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കു ഐജിഎസ്ടിയില്‍ നിന്ന് ഇനി മുതല്‍ ഇളവ് ലഭിക്കില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പരസ്യം, ക്ലൗഡ് സേവനങ്ങള്‍, മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സേവനങ്ങള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഇ-ബുക്കുകളുടെ വില്‍പ്പന, ഓണ്‍ലൈന്‍ ഗെയ്മിംഗ് എന്നീ സേവനങ്ങള്‍ നല്‍കുന്ന വിദേശ കമ്പനികള്‍ ഇനി മുതല്‍ ഐജിഎസ്ടിയുടെ പരിധിയില്‍ വരും.

ഇത്തരം കമ്പനികളുടെ സേവനങ്ങള്‍ വ്യക്തിഗതമായാലും, ബിസിനസ് ആവശ്യങ്ങള്‍ക്കായാലും നികുതി ഈടാക്കുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്.

നേരത്തെ ബിസിനസ് ആവശ്യങ്ങള്‍ക്ക് അല്ലാത്ത കാര്യങ്ങള്‍ക്കായി നല്‍കിയിരുന്ന സേവനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ബിസിനസ്-ടു-ബിസിനസ് സേവനങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി ചുമത്തിയിരുന്നത്.

Tags:    

Similar News