എഐ ക്യാമറ; ഇന്ന് മുതല്‍ നിയമ ലംഘനത്തിന് പണി വീട്ടിലെത്തും

  • ഇരുചക്ര വാഹനങ്ങളില്‍ രണ്ടു യാത്രക്കാര്‍ക്ക് പുറമേ 12 വയസിനു താഴെയുള്ള കുട്ടിയെ കൊണ്ടുപോയാല്‍ നിലവില്‍ പിഴ ഈടാക്കില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു
  • ഏഴ് തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്

Update: 2023-06-05 03:52 GMT

തിരുവനന്തപുരം: ഗതാഗത ലംഘനങ്ങള്‍ പിടിക്കാന്‍ സംസ്ഥാനത്ത് സ്ഥാപിച്ച എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ വഴി പിഴയിട്ട് തുടങ്ങി. ഇന്ന് രാവിലെ എട്ട് മണി മുതലാണ് പിഴിയിട്ട് തുടങ്ങിയത്. ഗതാഗതലംഘനം നടന്നാല്‍ മൊബൈലിലേയ്ക്ക് സന്ദേശം എത്തുന്നതിന് പുറമേ വീട്ടിലേയ്ക്കും നോട്ടീസ് അയക്കും. ഇരുചക്ര വാഹനങ്ങളില്‍ രണ്ടു യാത്രക്കാര്‍ക്ക് പുറമേ 12 വയസിനു താഴെയുള്ള കുട്ടിയെ കൊണ്ടുപോയാല്‍ നിലവില്‍ പിഴ ഈടാക്കില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

മേയ് 20 മുതല്‍ പിഴയീടാക്കുമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീടത് ജൂണ്‍ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. 726 എഐ ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 692 റോഡ് ക്യാമറകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. റോഡുകളുടെ നിര്‍മ്മാണം, റോഡ് അപകടം തുടങ്ങിയ കാരണങ്ങളാലാണ് 34 ക്യാമറ സിസ്റ്റം നിലവില്‍ പ്രവര്‍ത്തനസജ്ജമല്ലാത്തത്. അവ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള നിര്‍ദേശം നല്‍കിയിതായി മന്ത്രി അറിയിച്ചു.

പിഴ ഇപ്രകാരം

ഹെല്‍മറ്റ് ഇല്ലെങ്കില്‍ -500 രൂപ ( നാല് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം.

സീറ്റ് ബെല്‍റ്റ് - 500 രൂപ, ഡ്രൈവര്‍ മുന്‍സിറ്റീലെ യാത്രക്കാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധം.

ഡ്രൈവിംഗ് വേളയിലെ മൊബൈല്‍ ഉപയോഗം- 2000 രൂപ

അമിത വേഗത- 1500 രൂപ

റെഡ് സിഗ്നല്‍ മുറിച്ച് കടന്നാല്‍ പിഴ കോടതി നിശ്ചയിക്കും.

ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാള്‍ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ തല്‍ക്കാലം പിഴ ഈടാക്കില്ല.

അപകടകരമായ പാര്‍ക്കിംഗ്-250 രൂപ

പിഴ സംബന്ധിച്ച് പരാതി ഉള്ളവര്‍ക്ക് അതാത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് അപ്പീല്‍ നല്‍കാം. നിലവില്‍ നേരിട്ടാണ് അപ്പീല്‍ നല്‍കാനാവുക. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ അപ്പീല്‍ ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇതോടെ നിരപരാധികളായവര്‍ക്കെതിരെ പിഴ ചുമത്തുന്നുവെന്ന ആക്ഷേപത്തിന് പരിഹാരം തേടാനാകും.

എഐ, ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്‌നിഷന്‍ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണ്. കൂടുതല്‍ സുതാര്യവും മനുഷ്യ ഇടപെടല്‍ കുറക്കുന്നതും അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ച്, വാഹന പരിശോധനാ വേളകളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍, പരാതികള്‍, അഴിമതി ആരോപണങ്ങള്‍ എന്നിവ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

14 കണ്‍ട്രോള്‍ റൂമുകളിലായി 130 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഏഴ് തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്. എമര്‍ജന്‍സി വാഹനങ്ങള്‍ പിഴയില്‍ നിന്ന് ഇളവുണ്ടാകും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴ ഈടാക്കുക.

ക്യാമറ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയിലൂടെ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച 2,42,746 റോഡ് നിയമലംഘനങ്ങള്‍ എഐ ക്യാമറയിലൂടെ കണ്ടെത്തിയെന്നും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ കണ്ടെത്താന്‍ പോലീസിനും എക്‌സൈസിനും എഐ ക്യാമറ സഹായകമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി പ്രഖ്യാപിച്ച സമയം പ്രതിദിനം ഏതാണ്ട് നാലരലക്ഷം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News