ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര ആന്റ് മഹീന്ദ്ര

സ്വാതന്ത്ര്യത്തിനും രണ്ട് വര്‍ഷം മുമ്പ് മഹീന്ദ്ര സഹോദരന്‍മാരും ഗുലാം മുഹമ്മദും ചേര്‍ന്ന് സ്റ്റീല്‍ കച്ചവടത്തിനായി തുടങ്ങിയ സ്ഥാപനമാണ് മഹീന്ദ്ര ആന്റ് മുഹമ്മദ് എന്ന സ്ഥാപനം.

Update: 2022-01-12 01:16 GMT
story

സ്വാതന്ത്ര്യത്തിനും രണ്ട് വര്‍ഷം മുമ്പ് മഹീന്ദ്ര സഹോദരന്‍മാരും ഗുലാം മുഹമ്മദും ചേര്‍ന്ന് സ്റ്റീല്‍ കച്ചവടത്തിനായി തുടങ്ങിയ...

സ്വാതന്ത്ര്യത്തിനും രണ്ട് വര്‍ഷം മുമ്പ് മഹീന്ദ്ര സഹോദരന്‍മാരും ഗുലാം മുഹമ്മദും ചേര്‍ന്ന് സ്റ്റീല്‍ കച്ചവടത്തിനായി തുടങ്ങിയ സ്ഥാപനമാണ് മഹീന്ദ്ര ആന്റ് മുഹമ്മദ് എന്ന സ്ഥാപനം. ഇംഗ്ലണ്ടിലെ വിതരണക്കാരുമായി ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം 1947 ല്‍ വില്ലീസ് ജീപ്പ് രാജ്യത്ത് അവതരിപ്പിച്ചാണ് ഓട്ടോ മൊബൈല്‍ രംഗത്ത് മഹീന്ദ്ര ചുവട് വെച്ചത്. അമേരിക്കയിലെ വില്ലീസ് ഓവര്‍ലാന്റ് എക്‌സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ നിന്ന് പാര്‍ട്‌സുകള്‍ എത്തിച്ച് മുംബെയിലെ മസഗോണ്‍ ഫാക്ടറിയില്‍ വെച്ച് അസംബിള്‍ ചെയ്താണ് 75 വില്ലീസ് ജീപ്പുകള്‍ മഹീന്ദ്ര നിരത്തിലെത്തിച്ചത്. ഇന്ത്യയിലെ യുവാക്കളുടെ എക്കാലത്തേയും ഹരമായി മാറി ഓപണ്‍ ടോപ് വില്ലീസ് ജീപ്പുകള്‍.

പങ്കുകാരന്‍ പാകിസ്താനിലേക്ക്

സ്വതാന്ത്ര്യലബ്ധിയോടെ ഇന്ത്യ രണ്ടായി പിളര്‍ന്നപ്പോള്‍ പാകിസ്താനിലേക്ക് പോയ ഗുലാബ് മുഹമ്മദ് അവിടെ ആദ്യ ധനകാര്യമന്ത്രിയായി. ഇതോടെ 1948 ല്‍ മഹീന്ദ്ര ആന്റ് മുഹമ്മദ് എന്ന കമ്പനി പുനര്‍നാമകരണം ചെയ്ത് മഹീന്ദ്ര ആന്റ് മഹീന്ദ്ര ആയിമാറി. 1955 ല്‍ ബോംബെ സ്റ്റോക്ക് എക്‌സചേഞ്ചില്‍ ലിസ്റ്റ് ചെയ്ത മഹീന്ദ്ര ആന്റ് മഹീന്ദ്ര 1961 ല്‍ അമേരിക്കന്‍ കമ്പനിയായ ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതോട ട്രക്കുകള്‍, കാര്‍ഷികയന്ത്രങ്ങള്‍, കെട്ടിട നിര്‍മാണ യന്ത്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഹാര്‍വസ്റ്ററുമായി ചേര്‍ന്നുള്ള നിര്‍മാണത്തിലൂടെയാണ് മഹീന്ദ്ര ട്രാക്ടറുകള്‍ വിപണിയിലെത്തിച്ചത്. ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ട്രാക്ടര്‍ മഹീന്ദ്രയുടേതാണ്. 1979 ല്‍ ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ പിഗിയറ്റുമായി ചേര്‍ന്ന് ഡീസല്‍ എഞ്ചിന്‍ നിര്‍മാണ രംഗത്തും മഹീന്ദ്ര സജീവമായി. പിഗിയറ്റ് വാഹനങ്ങളുടെ ഇന്ത്യയിലെ അസബ്ലിങ്
യൂണിറ്റായി മഹീന്ദ്രയുടെ ഫാക്ടറി മാറി.

ലോകത്ത് ടെലികോം ഐടി സാങ്കേതിക വിദ്യ വികാസം പ്രാപിക്കുന്നകാലത്ത് തന്നെ ആ മേഖലയിലേക്കും മഹീന്ദ്ര പ്രവേശിച്ചു. ബ്രിട്ടീഷ് ടെലികോമുമായി ചേര്‍ന്ന് 1986 ല്‍ ടെക്ക് മഹീന്ദ്ര എന്ന പുതിയ സ്ഥാപനം ആരംഭിച്ചാണ് ഐടി, ടെലികോം മേഖലയിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശനം. 1991 ല്‍ മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ഫിനാന്‍സ് സൗകര്യം നല്‍കുന്നതിനായി മഹീന്ദ്ര ഫിനാന്‍സ് എന്ന സ്ഥാപനം തുടങ്ങി. പിന്നാലെ വിദേശത്ത് പുതിയ സംരംഭങ്ങള്‍ക്കും മഹീന്ദ്ര തുടക്കമിട്ടു. 1994 ല്‍ അമേരിക്കയില്‍ മഹീന്ദ്ര യു എസ് പ്രവര്‍ത്തനമാരംഭിച്ചു. 1996 ല്‍ കേരളത്തിലെ മൂന്നാറില്‍ ഹോട്ടല്‍ ആരംഭിച്ചുകൊണ്ട് ഹോസ്പിറ്റാലിറ്റി മേഖലയില്‍ മഹീന്ദ്ര പുതിയ സംരംഭത്തിന് തുടക്കമിട്ടു. മഹീന്ദ്ര ഹോളിഡേയ്‌സ് ആന്റ് റിസോര്‍ട്‌സ് എന്ന് പുതിയ സംരംഭത്തിന് കീഴില്‍ നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ബൊലേറോ

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള തങ്ങളുടെ ലോഗോ പരിഷ്‌ക്കരിച്ചാണ് 2000 ത്തില്‍ പുതിയ സഹസ്രാബ്ദത്തെ മഹേന്ദ്ര വരവേറ്റത്. മഹീന്ദ്രയുടെ ബൊലേറോ എന്ന സ്‌പോര്‍ട്‌സ് യുട്ടിലിറ്റി വെഹിക്കളാണ് പുതിയ ലോഗോയില്‍ പുറത്തിറങ്ങിയ ആദ്യത്തെ വാഹനം. 2000 ത്തില്‍ വിപണിയിലെത്തിയ ബൊലേറോ ഇന്നും വിപണിയില്‍ ഏറെ ഡിമാന്റുള്ള വാഹനമാണ്. രണ്ട് വര്‍ഷത്തിനുശേഷം സ്‌കോര്‍പിയോ വിപണിയിലെത്തിച്ച മഹീന്ദ്ര എസ് യു വി വാഹനങ്ങളുടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ശക്തമായ മത്സരത്തിനാണ് തുടക്കമിട്ടത്. 2005 ല്‍ ചൈനയില്‍ പ്രവര്‍ത്തനം ആരംഭിച്ച മഹീന്ദ്ര ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോള്‍ട്ടുമായും സഹകരണത്തിലേര്‍പ്പെട്ടു. റെനോള്‍ട്ടുമായി ചേര്‍ന്ന് വെറീറ്റോ, ലോഗണ്‍ തുടങ്ങിയ കാറുകള്‍ മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിച്ചു.

റേവ ഏറ്റെടുക്കുന്നു

2008 ലാണ് ഇരുചക്ര നിര്‍മാണരംഗത്തേക്കുള്ള മഹീന്ദ്രയുടെ കടന്നുവരവ്. ഹീറോയും ഹോണ്ടയും ബജാജുമെല്ലാം അരങ്ങുവാണിരുന്ന ഇരുചക്രവിപണിയില്‍ മോശമല്ലാത്ത പ്രകടനം തുടക്കത്തിലെ കാഴ്ച്ചവെയ്ക്കാന്‍ മഹീന്ദ്രയ്ക്കായി. 70 കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും ഇന്ത്യയില്‍ മഹീന്ദ്ര പുനരവതരിപ്പിച്ചതും വിപണിയില്‍ ചലനമുണ്ടാക്കി. ഇരുചക്രവാഹന വിപണിക്ക് ശേഷം 2009 ല്‍ എയറോസ്‌പേസ് മേഖലയിലേക്കും മഹീന്ദ്ര പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചു. ഇന്ത്യയിലെ ഇലക്ട്രിക്ക് കാര്‍ രംഗത്തെ കുഞ്ഞന്‍മാരായ ബാംഗ്ലൂരിലെ റേവയെ ഏറ്റെടുത്ത മഹീന്ദ്ര 2019 ല്‍ ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിക്ക് ഹൈപ്പര്‍കാറായ പിനിന്‍ഫാരിന ബാറ്റിസ്റ്റ വിപണിയിലെത്തിച്ചു.

വാഹന വിപണിയില്‍ എസ് യു വി രംഗത്ത് പിന്നെയും നവീനങ്ങളായ നിരവധി മോഡലുകള്‍ മഹീന്ദ്ര അവതരിപ്പിച്ചുകൊണ്ടിരുന്നു. ഥാര്‍, എക്‌സ് യു വി 500, എക്‌സ് യു വി 700, എക്‌സ് യു വി 300, ടി യു വി 100 തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി വാഹനങ്ങളാണ് മഹീന്ദ്ര നിരത്തിലിറക്കിയത്. 2010 ലെ ഫിഫ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായിരുന്നു മഹീന്ദ്ര ആന്റ് മഹീന്ദ്ര.

Tags:    

Similar News