സുസൂക്കി മോട്ടോഴ്‌സ്, ഇന്ത്യൻ നിരത്തുകളുടെ തോഴൻ
ജപ്പാനിലെ നാലാമത്തെ വലിയ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ചരിത്രം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ആരംഭിക്കുന്നത്.
ജപ്പാനിലെ നാലാമത്തെ വലിയ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ സുസൂക്കി മോട്ടോര്‍ കോര്‍പറേഷന്റെ ചരിത്രം കഴിഞ്ഞ നൂറ്റാണ്ടിന്റെ...
ജപ്പാനിലെ നാലാമത്തെ വലിയ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ സുസൂക്കി മോട്ടോര്‍ കോര്‍പറേഷന്റെ ചരിത്രം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ആരംഭിക്കുന്നത്. മിഷിയോ സുസൂക്കി 1909 ല്‍ ആരംഭിച്ച നെയ്ത്തുയന്ത്രങ്ങളുടെ നിര്‍മാണ കമ്പനിയാണ് 1954 ല്‍ സുസുക്കി മോട്ടോഴ്‌സ് ആയത്. നെയ്ത്ത് യന്ത്രങ്ങള്‍ക്ക് വന്‍ ഡിമാന്റ് ഉണ്ടായിരുന്ന കാലത്ത് ജപ്പാനിലെ വന്‍ നഗരങ്ങളിലെല്ലാം യന്ത്രങ്ങള്‍ എത്തിച്ച് വിപണിയുടെ വലിയൊരു പങ്കും സ്വന്തമാക്കിയ മിഷിയോ 1920 ല്‍ കമ്പനി പബ്ലിക്ക് ലിമിറ്റഡാക്കി. എന്നാല്‍ 1930 ഓടെ രാജ്യത്ത് ഭരണം പിടിച്ചെടുത്ത പട്ടാളസര്‍ക്കാര്‍ ക്വാസി എക്കണോമി എന്നപേരില്‍ കമ്പനികളോട് യുദ്ധസാമഗ്രികള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുസുക്കിയും ആ വഴിയിലേക്ക് തിരിഞ്ഞു. 1937 ല്‍ യുദ്ധസാമഗ്രികളുടെ നിര്‍മാണം സുസുക്കി ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന് വേണ്ടി വാഹനഭാഗങ്ങളും ആയുധങ്ങളുമടക്കം മറ്റ് ജാപ്പനീസ് കമ്പനികളെ പോലെ സുസുക്കിയും നിര്‍മിച്ചു നല്‍കി.
ആക്രമിക്കപ്പട്ട വ്യവസായങ്ങള്‍
ജപ്പാനിലെ വ്യവസായസ്ഥാപനങ്ങള്‍ക്കെതിരെ എതിരാളികള്‍ വ്യാപകമായി ആക്രമണം നടത്തിയപ്പോഴും ആക്രമിക്കപെടാതെ അവശേഷിച്ച അപൂര്‍വ്വം കമ്പനികളില്‍ ഒന്നായിരുന്നു സുസൂക്കി. വ്യവസാകേന്ദ്രങ്ങളില്‍ നിന്ന് വളരെ അകലെയായിരുന്നു സുസുക്കിയുടെ ഫാക്ടറികള്‍ എന്നതായിരുന്നു സുസുക്കിയെ രക്ഷിച്ചത്. യുദ്ധാനന്തരം യുദ്ധസമാഗ്രികളുടെ നിര്‍മാണം നിര്‍ത്തി ടെക്‌സറ്റൈല്‍ യന്ത്രങ്ങളുടെ നിര്‍മാണത്തിലേക്ക് സുസുക്കി തിരിച്ചുപോയെങ്കിലും ആവശ്യക്കാരില്ലാതയത് ക്ഷീണമായി. യുദ്ധശേഷം സാമ്പത്തികമായി തന്നെ തകര്‍ന്ന കമ്പനികള്‍ക്ക് പുതിയ യന്ത്രങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലായിരുന്നു. 1947 ല്‍ പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് സുസുക്കി പ്രവര്‍ത്തനം മാറ്റിയെങ്കിലും കച്ചവടം കുറഞ്ഞത് സാമ്പത്തികമായും സുസുക്കിയെ തളര്‍ത്തി. ഇതോടെയാണ് പുതിയ മേഖലയിലേക്ക് തിരിയാന്‍ സുസുക്കി തീരുമാനിച്ചത്.
മോപ്പഡില്‍ തുടക്കം
യുദ്ധസമയത്ത് സൈനികവാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിച്ചതും വാഹനങ്ങള്‍ ഡിസൈന്‍ ചെയ്തതും മുന്‍ പരിചയമായെടുത്ത സുസുക്കി ഓട്ടോമൊബൈല്‍ രംഗമാണ് പുതിയ കളരിയായി തിരഞ്ഞെടുത്തത്. 10 കോടി ജനങ്ങളുള്ള ജപ്പാനില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന് വലിയ സാധ്യതകള്‍ ഉണ്ടെന്ന കണ്ടെത്തിയ സുസുക്കി അതിലൂന്നിയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ചെറിയ മോപ്പഡുകളാണ് സുസുക്കി ആദ്യമായി നിര്‍മിച്ചത്. 1952 ല്‍ പവര്‍ ഫ്രീ എന്ന് പേരിട്ട 36 സിസി മോട്ടോറൈസിഡ് ബൈസിക്കിള്‍ വിപണിയിലെത്തിച്ചാണ് സുസുക്കി പൂര്‍ണമായ വാഹന നിര്‍മാണ മേഖലയിലേക്ക് കടന്നത്. നെയ്ത്ത് യന്ത്രങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ച സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. അതേ വര്‍ഷംതന്നെ കൊളേഡ എന്ന ആദ്യത്തെ മോട്ടോര്‍ സൈക്കിളും സുസൂക്കി പുറത്തിറക്കി. വളരെ വേഗത്തില്‍ തന്നെ ഇരുചക്രവാഹന നിര്‍മാണ മേഖലയില്‍ നിന്ന് സുസുക്കി സ്ഥാനകയറ്റം നേടി.
1954 ല്‍ 360 സിസി കരുത്തുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിപണിയിലെത്തിച്ച സുസുക്കിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മോപ്പഡുകളും മോട്ടോര്‍ സൈക്കിളുകളും ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളും വിപണിയിലിറക്കി സുസുക്കി പിന്നാലെ ഡിലിവെറി വാനുകളും വിപണിയിലെത്തിച്ചു. നിലവിലുണ്ടായിരുന്ന വലിയ ഡെലിവെറി വാനുകളേക്കാള്‍ ചെറുതായിരുന്നു സുസൂക്കി പുറത്തിറക്കിയത്. സാധാരണക്കാരന്റെ മനസും ആവശ്യവും കൃത്യമായി മനസിലാക്കിയായിരുന്നു സുസുക്കിയുടെ ഓരോ വാഹനങ്ങളും.
50 സിസി ബൈക്കിലേക്ക്
1962 ല്‍ ഐല്‍ ഓഫ് മാന്‍ റെയിസില്‍ 50 സിസി വിഭാഗത്തില്‍ സുസുക്കിയുടെ വാഹനം വെന്നിക്കൊടി പാറിച്ചതോടെ സുസുക്കിയുടെ ഖ്യാതി ജപ്പാന് പുറത്തേക്കും വ്യാപിച്ചു. 1970 ല്‍ 4 സ്‌ട്രോക്ക് ബൈക്ക് പുറത്തിറക്കി വിപണിയില്‍ പുതിയ തരംഗത്തിനും സുസുക്കി തുടക്കമിട്ടു. ഇന്നും 4 സ്‌ട്രോക്ക് ബൈക്ക് നിര്‍മാണരംഗത്ത് ലോകത്തിലെ തന്നെ മുമ്പന്‍ സുസൂക്കിയാണ്. ഓട്ടോമൊബൈല്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചെങ്കിലും ജപ്പാനില്‍ ടൊയോട്ടക്കും ഹോണ്ടയ്ക്കും നിസാനും തന്നെയായിരുന്നു മുന്‍തൂക്കം. ഇവര്‍ക്ക് പിന്നില്‍ നാലാമതായി തന്നെ ഏറെക്കാലം തുടര്‍ന്ന സുസുക്കി വിപണി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കയറ്റുമതിയിലേക്ക് സുസൂക്കി തിരിഞ്ഞത് അങ്ങനെയാണ്. ജപ്പാന് പുറത്ത് സമാന സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു സുസുക്കി ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. പതിറ്റാണ്ടുകളായി ജപ്പാനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന തായ്‌ലാന്റിലേക്കാണ് സുസുക്കി ആദ്യമായി സ്വന്തം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. തായ്‌ലന്റില്‍ ഫാക്ടറി ആരംഭിച്ച സുസുക്കി ജപ്പാനില്‍ നിന്ന് കയറ്റി എത്തിക്കുന്ന വാഹന ഭാഗങ്ങള്‍ അവിടെ അസംബിള്‍ ചെയ്ത് തായ് വിപണിയിലെത്തിച്ചു. പ്രാദേശിക നിക്ഷേപവും സ്വദേശികള്‍ക്ക് തൊഴിലവസരവും സൃഷ്ടിച്ച് ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളും സുസുക്കി മറകടന്നു. പിന്നീട് ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായും സമാനമായ ബിസ്‌നസ് തന്ത്രം തന്നെയാണ് സുസുക്കി സ്വീകരിച്ചത്.
1973 ല്‍ ഒപെക് രാജ്യങ്ങള്‍ ഇന്ധനത്തിന്റെ ഉത്പാദനം നിര്‍ത്തിവെച്ചതും 74 ലെ സാമ്പത്തികമാന്ദ്യവും സുസുക്കിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. 1980 കളില്‍ കാതലായ മാറ്റങ്ങള്‍ക്ക് സുസുക്കി വിധേയമായി. സട്രാറ്റജിക്ക് മാറ്റങ്ങള്‍ക്ക് തന്നെ സുസുക്കി
80 കളുടെ തുടക്കത്തില്‍ തുടക്കിട്ടു. പാക്കിസ്ഥാനില്‍ പാകോ എന്നപേരില്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിച്ച സുസുക്കി ഇന്ത്യയില്‍ മാരുതിയുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇത് സുസുക്കിയുടെ ജാതകം മാറ്റിക്കുറിച്ചു. പിന്നാലെ സ്‌പെയിനില്‍ ലാന്റ് റോവറുമായി ധാരണയിലെത്തിയ സുസുക്കി ന്യൂസിലാന്റ്, ഫ്രാന്‍സ് എന്നിവിടങ്ങളിലും പ്രവര്‍ത്തനം തുടങ്ങി. അമേരിക്കയില്‍ ജനറല്‍ മോട്ടോഴ്‌സുമായും എതിരാളികളായ ഇസൂസുവുമായിസഹകരിച്ച് പുതിയ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ ആരംഭിച്ചു. 90 കളിലെ ആഗോള വത്കരണ കാലത്ത് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളില്‍ വലിയ വളര്‍ച്ച കൈവരിച്ചത് സുസുക്കിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ പ്രൊഡക്ഷന്‍ യൂണിറ്റുകളും ടൈ അപ്പുകളുമായി വിപണിയിലെ സാന്നിധ്യം സുസൂക്കി കൂടുതല്‍ ശക്തമാക്കി.
ചെറുകാറുകളുടെ വിപണിയില്‍ ലോകത്തിലെ തന്നെ വലിയ നിര്‍മാതാക്കളായി മാറിയ സുസുക്കി ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മറ്റ് ഏതൊരു വാഹനത്തേ കാളും മികച്ചതായി മാറി സുസുക്കി. 50 സിസി മോട്ടോര്‍ സൈക്കിളുകള്‍ മുതല്‍ 1100 സിസി വരെ കരുത്തുള്ള സൂപ്പര്‍ ബൈക്കുകള്‍ വരെ വിപണിയിലെത്തിക്കുന്ന സുസൂക്കി ഇരുചക്രവിപണിയിലും ശക്തമായ മാര്‍ക്കറ്റ് ഷെയറിന് ഉടമയാണ്. വിദേശനിര്‍മിത സൂപ്പര്‍ ബൈക്കുകളുടെ മത്സരം ശക്തമായതോടെ ജപ്പാനിലെ മറ്റൊരു ബൈക്ക് നിര്‍മാതാക്കളായ കാവസാക്കിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സുസുക്കി 2001 ല്‍ തീരുമാനിച്ചു.
25 ലക്ഷം കാറുകള്‍
പ്രതിവര്‍ഷം 25 ലക്ഷം കാറുകളാണ് സുസൂക്കിയുടെ ഫാക്ടറികളില്‍ നിന്ന് പുറത്തിറങ്ങുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഓള്‍ട്ടോ, വാഗണര്‍, സ്വിഫ്റ്റ് തുടങ്ങിയ ചെറിയ കാറുകള്‍ക്കൊപ്പം തന്നെ എസ് ക്രോസ്, ബ്രെസ, എര്‍ട്ടിഗ തുടങ്ങിയ ലൈറ്റ് യൂട്ടിലിറ്റി വെഹിക്കളുകളും സുസുക്കി വിപണിയിലെത്തിക്കുന്നു. ഇതിന് പുറമെ അമേരിക്കയില്‍ ജി എം മോട്ടോഴ്‌സുമായി ചേര്‍ന്ന് പുറത്തിറക്കുന്ന എസ് യു വികളായ ജിംനി വൈഡ്, എസ്‌കുഡോ തുടങ്ങിയ വാഹനങ്ങളും വിപണിയില്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്.
ലോകമെങ്ങും വ്യാപിച്ചുകിടക്കുന്നതാണ് സുസുക്കിയുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാമുകള്‍. പട്ടിണി നിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം, ലിംഗ സമത്വം, ജലസംരക്ഷണം, ജലജീവി സംരക്ഷണം തുടങ്ങി 17 മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ സുസുക്കി സാമ്പത്തികമായും സാമൂഹികമായുമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ തങ്ങളുടേതായ പരിശ്രമങ്ങളും നടത്തുന്നു.