ടിവിഎസ് മോട്ടോഴ്‌സിനെ അറിയാം

ടി വി സുന്ദരം അയ്യങ്കാര്‍ എന്ന പേരു പരിചയമുണ്ടോ?

Update: 2022-01-13 03:40 GMT
story

ടി വി സുന്ദരം അയ്യങ്കാര്‍ എന്ന പേരു പരിചയമുണ്ടോ? ഈ വ്യക്തിയുടെ പേരില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടു-വീലര്‍...

ടി വി സുന്ദരം അയ്യങ്കാര്‍ എന്ന പേരു പരിചയമുണ്ടോ? ഈ വ്യക്തിയുടെ പേരില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടു-വീലര്‍ നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സിന് ആ പേരുണ്ടായിരിക്കുന്നത്. ടു-വീലറുകളുടേയും, ത്രീ- വീലറുകളുടേയും വലിയൊരു ശ്രേണി തന്നെയാണ് ഇന്ന് കമ്പനിക്ക് ഇന്ത്യയിലുള്ളത്. 1911-ല്‍ ടി വി സുന്ദരം അയ്യങ്കാര്‍ മധുരയിലെ ആദ്യത്തെ ബസ് സര്‍വീസ് ആരംഭിക്കുന്നതോടെയാണ് ബിസിനസിലേക്കുള്ള തന്റെ യാത്രയാരംഭിക്കുന്നത്. സതേണ്‍ റോഡ്വേസ് എന്ന പേരില്‍ ട്രക്കുകളുടെയും ബസുകളുടെയും വലിയൊരു ശ്രേണി തന്നെ ഇദ്ദേഹം ഇക്കാലത്ത്
ഉണ്ടാക്കിയെടുത്തു.

ബ്രിട്ടണിലെ ക്ലേട്ടണ്‍ ദേവാന്‍ദ്രെ ഹോള്‍ഡിംഗ്സുമായി സഹകരിച്ച് 1962 ലാണ് 'സുന്ദരം ക്ലേട്ടണ്‍' എന്ന കമ്പനി അയ്യങ്കാര്‍ സ്ഥാപിക്കുന്നത്. ബ്രേക്കുകള്‍, എക്സ്ഹോസ്റ്റുകള്‍, കംപ്രസ്സറുകള്‍, വാഹനത്തിന്റെ മറ്റു ഭാഗങ്ങള്‍ എന്നിവയാണ് കമ്പനി നിര്‍മ്മിച്ചിരുന്നത്. കമ്പനിയുടെ പുതിയ ഡിവിഷന്റെ ഭാഗമായാണ് മോപ്പഡുകള്‍ നിര്‍മ്മിക്കാന്‍ 1976-ല്‍ ഹൊസൂരില്‍ ഒരു പ്ലാന്റ് സ്ഥാപിച്ചത്.

1980-ല്‍ ഇന്ത്യയിലെ ആദ്യത്തെ രണ്ട് സീറ്റര്‍ മോപ്പഡായ ടിവിഎസ് 50 തമിഴ്നാട്ടിലെ ഹൊസൂരിലെ ഫാക്ടറിയില്‍ നിന്നും ടിവിഎസ് മോട്ടോഴ്‌സ് പുറത്തിറക്കി. ജാപ്പനീസ് വാഹന ഭീമന്മാരായ സുസുക്കി ലിമിറ്റഡുമായി ചേര്‍ന്ന് 1987ല്‍ സുന്ദരം ക്ലേട്ടണ്‍ ലിമിറ്റഡും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും സംയുക്ത സംരംഭം ആരംഭിച്ചു. മോട്ടോര്‍ സൈക്കിളുകളുടെ വാണിജ്യപരമായ ഉല്‍പ്പാദനം 1989ലാണ് കമ്പനി ആരംഭിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ നൂതനമായ ഒരുപാട് പരീക്ഷണം കൊണ്ടുവന്നത് ടിവിഎസ് ആയിരുന്നു. അതുകൊണ്ടു തന്നെ മാറ്റങ്ങളുടെ വലിയൊരു തരംഗം ടു-വീലര്‍ വിപണിയില്‍ പ്രകടമായി കാണാമായിരുന്നു. ഓരോ സവിശേഷതകളും നല്ല കുറേ മാറ്റങ്ങള്‍ക്ക് കാരണമായി. 100 സിസി മോട്ടോര്‍സൈക്കിളില്‍ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ വിന്യസിച്ച ആദ്യത്തെ ഇന്ത്യന്‍ കമ്പനിയും തദ്ദേശീയമായി ഫോര്‍ സ്ട്രോക്ക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ച ആദ്യത്തെ കമ്പനിയും ടിവിഎസ് ആയിരുന്നു.
ഇതു കൂടാതെ,

  • ഇന്ത്യയിലെ ആദ്യത്തെ 2 സീറ്റര്‍ മോപെഡായ - ടിവിഎസ് 50
  • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഇഗ്‌നിഷന്‍ മോഡലായ- ടിവിഎസ് ചാമ്പ്
  • ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായും തദ്ദേശീയ മോട്ടോര്‍സൈക്കിള്‍ - ടിവിഎസ് വിക്ടര്‍
  • മോട്ടോര്‍സൈക്കിളില്‍ എ ബി എസ് പരീക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്ത്യന്‍ കമ്പനി - അപ്പാച്ചെ ആര്‍ടിആര്‍ സീരീസ്
  • ഇന്തോനേഷ്യയിലെ ആദ്യത്തെ ഡ്യുവല്‍-ടോണ്‍ എക്സ്ഹോസ്റ്റ് നോയ്സ് സാങ്കേതികവിദ്യ പരീക്ഷിച്ച ടു വീലര്‍ കമ്പനി - ടിവിഎസ് ടോമാക്‌സ്
  • കോള്‍ അസിസ്റ്റന്‍സ്, നാവിഗേഷന്‍, എഞ്ചിന്‍ കില്‍സ്വിച്ച് തുടങ്ങിയ ഫീച്ചറുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് സ്‌കൂട്ടറായ - ടിവിഎസ് എന്റോര്‍ക്ക്
  • വാല്‍വ് എഞ്ചിന്‍ ഉള്ള ഇന്ത്യയിലെ ആദ്യത്തെ 125 സിസി ബൈക്ക്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഉള്ള ഇന്‍വേര്‍ട്ടഡ് ടിഎഫ്ടി ഡിസ്‌പ്ലേ, എന്നീ പ്രതേകതകളുള്ള ടിവിഎസ് റൈഡര്‍ 125 എന്നിങ്ങനെ പുതുമകളുള്ള ഒരുപാട് മോഡലുകള്‍ ടിവിഎസ് നിരത്തിലിറക്കി. വെറുമൊരു യാത്രയ്ക്കപ്പുറത്ത് സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു കൂടി ചിന്തിക്കുന്നിടത്താണ് ടിവിഎസ് ന്റെ നേട്ടം.
Tags:    

Similar News