ഉയർന്ന് ചാടുന്ന കുതിര-ഫെറാറി

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് പിന്നാലെ ഫെറാറിയുടെ ആദ്യകാറിന്റെ
നിര്‍മാണം ആരംഭിച്ചു

Update: 2022-01-14 04:50 GMT

ഉയർന്ന് ചാടുന്ന കുതിര - അതാണ് ലോകത്തിലെ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളിലെ അതികായന്‍മാരായ ഫെറാറി എന്ന ഇറ്റാലിയന്‍ കാറിന്റെ ലോഗോ. വേഗതയുടേയും ശക്തിയുടേയും ലോകത്ത് ഏറ്റവും പവര്‍ഫുളായ ലോഗോയാണ് ഫെറാറിയുടേത്.

1939 ല്‍ ഇന്‍സൊ ഫെറാറി എന്ന കാറോട്ടക്കാരനാണ് ഫെറാറി സ്ഥാപിച്ചത്. ഫെറാറി ജന്‍മംകൊള്ളുന്നതിന് മുമ്പേ സ്‌പോര്‍ട്‌സ് കാര്‍ രംഗത്ത് സജീവമായിരുന്നു ഇന്‍സൊ.

1939 ല്‍ സ്റ്റാര്‍ട് അപ്പ് എന്ന നിലയില്‍ ഇന്‍സൊ ഫെറാറി ഓട്ടോ എവിയോ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം തുടങ്ങുകയും സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിക്കുകയും ചെയ്തു. 1500 സിസി പവറും 8 സിലിണ്ടറുകളുമുള്ള കാറിന് 815 എന്നായിരുന്നു ഇന്‍സോ പേരിട്ടത്. 1943 ല്‍ മൊഡേണയില്‍ നിന്ന് മാരനെല്ലോയിലേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് ഫെറാറിയുടെ യഥാര്‍ത്ഥ കാലം ആരംഭിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് പിന്നാലെ ഫെറാറിയുടെ ആദ്യകാറിന്റെ നിര്‍മാണം ആരംഭിച്ചു. 125 എസ് എന്ന് നാമകരണം നടത്തിയ ആദ്യ ഫെറാറി കാറിന് 12 സിലിണ്ടറുകളുള്ള 1500 സിസി എഞ്ചിനാണ് കരുത്ത് പകര്‍ന്നത്. 1947 ലെ റോം ഗ്രാന്റ് പ്രിക്‌സില്‍ ഫെറാറി 125 എസ് സ്‌പോര്‍ട്‌സിൽ ഒന്നാമതെത്തിയത് വരാനിരിക്കുന്ന വിജയങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു.

1950 കളുടെ തുടക്കത്തില്‍ ബ്രിട്ടീഷ് ഗ്രാന്റ് പ്രിയടക്കമുള്ള ഫോര്‍മുല വണ്‍ റേസുകളില്‍ വിജയിച്ച ഫെറാറി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായി പേരെടുത്തു.

1960 ല്‍ ലിമിറ്റഡ് കമ്പനിയായി മാറിയ ഫെറാറി 69 ല്‍ ഓഹരിയുടെ 50% ഓഹരികള്‍ ഫിയറ്റിന് വിറ്റു. സ്‌പോര്‍ട്‌സ് കാറുകളുടെ എഞ്ചിനുകളില്‍ വലിയ പരീക്ഷണങ്ങള്‍ ഫെറാറിനടത്തി. 1973ല്‍ വാഹനത്തിന്റെ പിന്നില്‍ ഘടിപ്പിക്കുന്ന വി8 എഞ്ചിനുകള്‍ അവതരിപ്പിച്ചത് വാണിജ്യപരമായി വലിയ വിജയമായി. ഫെറാറി ജനപ്രിയമോഡലുകളായ 308 ജിടിബി, 308 ജിടി4, 308 ജിടിഎസ് എന്നിവ പുറത്തിറക്കുന്നതിനൊപ്പം തന്നെ റേസിങ് കാറുകളിലും വലിയ പരീക്ഷണങ്ങള്‍ നടത്തുകയും വിജയം കൈവരിക്കുകയും ചെയ്തു.

1988 ല്‍ ഇന്‍സൊ ഫെറാറി മരിക്കുമ്പോള്‍ ഫെറാറിയുടെ 90 ശതമാനം ഓഹരികളും ഫിയറ്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആ ദശകം ഫെറാറിക്ക് റേസിങ് ട്രാക്കുകളില്‍ കാര്യമായ വിജയം നേടാനായില്ല.

പിന്നീട് മെക്കല്‍ ഷുമാക്കറിന്റെ വരവോടെ ഈ മില്ലേനിയത്തിന്റെ തുടക്കത്തിലാണ് ഫെറാറി ട്രാക്കുകള്‍ തിരിച്ചുപിടിച്ചത്. ഫെറാറിയുടെ സുവര്‍ണകാലഘട്ടമായിരുന്നു ഷുമാക്കറിന്റെ കാലം. ഈ കാലത്ത് തന്നെ ഫെറാറി വിപണിയിലെത്തിച്ച എന്‍സോ ഫെരാരി, എ 430 മോഡലുകള്‍ വിജയമായി. എന്നാല്‍ ഷുമാക്കർ ഫെറാറിയിൽ നിന്നും വിരമിച്ച ശേഷം റേസിങ് ട്രാക്കുകളില്‍ വലിയ തിരിച്ചടിയാണ് ഫെറാറിയെ കാത്തിരുന്നത്.

എങ്കിലും ഈ കാലയളവില്‍ കമ്പനിയുടെ സാന്നിധ്യം ലോകത്തിലെ മറ്റ് വിപണികളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഗള്‍ഫ്, ചൈന, ജപ്പാന്‍ എന്നീ മാർക്കറ്റുകളിലും നിലവില്‍ ഫെരാരിയുടെ സാന്നിധ്യം ശക്തമാണ്. അംഗീകൃത വ്യാപാരികള്‍ വഴി ലോകത്തെ 60ലേറെ രാജ്യങ്ങളില്‍ ഫെരാരിയുടെ സേവനം ലഭ്യമാണ്. സൂപ്പര്‍ കാറുകള്‍ക്കും റേസ് കാറുകള്‍ക്കും പുറമെ ലിമിറ്റഡ് സീരീസ് കാറുകളും വണ്‍ ഓഫ് കാറുകളും (ഒറ്റ വാഹനം മാത്രം) ഫെറാറി
നിര്‍മിച്ചുവില്‍ക്കുന്നുണ്ട്.

കാറുകളുടെ നിര്‍മാണവും വില്‍പ്പനയ്ക്കും പുറമെ കാര്‍ ഫിനാന്‍സ് മേഖലയിലും ഫെറാറി സജീവമാണ്.ഫെറാറി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പ്രത്യേക വിഭാഗം തന്നെ കമ്പനി ഇതിനായി ആരംഭിച്ചിട്ടുണ്ട്. ഫെറാറിയുടെ കാറുകള്‍ക്ക് വായ്പ നല്‍കുന്നതിനൊപ്പം തന്നെ ഇന്‍ഷ്യൂറന്‍സ് സേവനവും ഫെറാറി ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് നല്‍കുന്നു.

അസാധാരണമായ നിര്‍മ്മാണ വൈദഗ്ദ്ധ്യമാണ് ഓരോ ഫെറാറി കാറിനേയും വ്യത്യസ്ഥമാക്കുന്നത്. ഇതിന്റെ രൂപകല്‍പ്പന ഫോര്‍മുല 1, ഗ്രാന്‍ ടൂറിസ്‌മോ അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് പ്രോട്ടോടൈപ്പുകളിലെ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിക്കുന്നത്. എല്ലാ സ്‌പോര്‍ട്‌സ് കാറുകളുടെ മോഡലുകള്‍ക്കും ഒരേ സ്റ്റാര്‍ട്ട്ലൈന്‍ ഉണ്ട്- മത്സരത്തോടുള്ള അഭിനിവേശം. ഫെറാറിയുടെ സ്വന്തം എന്ന് വിളിക്കുന്ന അനുകരണീയമായ സാങ്കേതികതയ്ക്കും ഡിസൈനും പകരം മറ്റൊന്നുമില്ല.

Tags:    

Similar News