ഫോഴ്‌സ് മോട്ടോഴ്‌സിനെ അറിയാം

എക്സ്ട്രീം ഓഫ് റോഡ് റൈഡിങായ RFC റെയ്‌സില്‍ പ്രധാനപ്പെട്ട രണ്ട് സ്ഥാനങ്ങള്‍ 'ഗൂര്‍ഖ' സ്വന്തമാക്കിയതോടെ മോഡല്‍ ജനപ്രിയമായി

Update: 2022-01-14 01:41 GMT

ടെമ്പോയും ട്രാവലറും ഒക്കെ നിരത്തുകളില്‍ നമുക്ക് സുപരിചിതമാണല്ലോ. എന്നാല്‍ ഈ മോഡലുകളൊക്കെ വിപണിയിലെത്തിച്ചത് മുന്‍പ് ബജാജ് ടെമ്പോ മോട്ടോഴ്‌സ്
എന്നറിയപ്പെട്ട, ഇന്ന് വിപണിയിലുള്ള ഫോഴ്‌സ് മോട്ടോഴ്‌സ് ആണ്. സ്വാതന്ത്ര്യസമര
സേനാനിയായ എന്‍ കെ ഫിറോദിയ 1958ല്‍ വിഡാല്‍ ആന്‍ഡ് സോണ്‍ ടെമ്പോ
വേര്‍ക്കുമായി ഒരു കരാറുണ്ടാക്കുന്നു. തുടര്‍ന്ന് ഹാന്‍സീറ്റ്-3 എന്ന ത്രീവീലര്‍ ആദ്യമായി
കമ്പനി പുറത്തിറക്കുന്നു.

1961ല്‍ ഫോഴ്‌സ് മോട്ടോഴ്‌സ് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും
1964ല്‍ മുംബൈയില്‍ സ്വന്തം നിര്‍മ്മാണ യൂണിറ്റാരംഭിക്കുകയും ചെയ്തു . ടെമ്പോ
വൈക്കിങ് സീരീസിലുള്ള 4-വീലറുകള്‍ വിപണിയിലെത്തുന്നതും ഇതേ വര്‍ഷമാണ്. 1969ല്‍ ഡീസല്‍ എന്‍ജിനില്‍ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിളായ MATADOR ഉത്പാദനം കമ്പനി ആരംഭിച്ചു. ഡെയ്മലര്‍ ബെന്‍സുമായി സഹകരിച്ച് 1982ല്‍ മേഴ്‌സിഡസ് ബെന്‍സിന്റെ OM616 എന്‍ജിനുകള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് ഫോഴ്‌സ് മോട്ടോഴ്‌സ് നേടുന്നു.

ഇന്ത്യയിലുടനീളം ജനപ്രീതി നേടിയ ടെമ്പോയുടെ നിര്‍മ്മാണം കമ്പനി ആരംഭിക്കുന്നത് 1987ലാണ്. പരുക്കന്‍ റോഡിലൂടെ ചീറിപായുന്ന ടെമ്പോ ട്രാക്‌സ് 1988ല്‍ ഇന്ത്യന്‍ വിപണി കീഴടക്കുന്നു. മിനിഡോര്‍ എന്ന പിക്ക്-അപ്പും ഓട്ടോറിക്ഷയും 1996കളില്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റു പോകുന്നു. ഇന്ത്യയിലെ കാര്‍ഷിക വിപണി കീഴടക്കുകയെന്ന ലക്ഷ്യത്തോടെ 1997ല്‍ പുതിയ മോഡല്‍ ട്രാക്ടറുകളുടെ നിര്‍മ്മാണത്തിലേക്ക് ഫോഴ്‌സ് മോട്ടോഴ്‌സ് കടന്നു.

ട്രാക്ടര്‍ OX മോഡലുകളില്‍ നിന്നും OX 45a, 45 HP എന്ന പുതിയ ട്രാക്ടറുകളാണ് കമ്പനി അവതരിപ്പിച്ചത്. എ വി എല്‍ ഓസ്ട്രിയയില്‍ നിന്നും എഞ്ചിനുള്ള സാങ്കേതിക സഹായവും, ബോഷില്‍ നിന്നും ഹൈഡ്രോളിക് സാങ്കേതികവിദ്യയും, ZF ജര്‍മ്മനിയില്‍ നിന്ന് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയാണ് പുതിയ ട്രാക്ടര്‍ രൂപകല്‍പ്പന ചെയ്തത്.

1999-ല്‍ ആര്‍ട്ട് ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിളുകളുടെ എക്സല്‍ ശ്രേണി ഫോഴ്‌സ്
മോട്ടോഴ്‌സ് അവതരിപ്പിച്ചു. മികച്ച എര്‍ഗണോമിക്സും അഗ്രഗേറ്റുകളുമുള്ള ഈ
വാഹനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും പുതിയ തലമുറയില്‍ പെട്ട LCV-കളെയാണ്
പ്രതിനിധീകരിച്ചത്. 2004-ല്‍, എഞ്ചിനുകളിലും ട്രക്ക് സാങ്കേതികവിദ്യകളിലും ഒന്നാമനായ MAN-മായി കമ്പനി ഒരു പുതിയ സഖ്യമുണ്ടാക്കുന്നു. ഈ കൂട്ടുകെട്ടിലൂടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ മികച്ച എഞ്ചിനുകളുള്ള ട്രക്കുകള്‍ നിര്‍മ്മിക്കാന്‍ കമ്പനിക്കു കഴിഞ്ഞു. ട്രാവലര്‍ ശക്തിമാന്‍, ട്രാവലര്‍ ലക്ഷ്വറി, ട്രാവലര്‍ സ്മൂത്ത് എന്നിങ്ങനെ 2008ല്‍ പുറത്തിറക്കിയ ട്രാവലറുകള്‍ക്ക് വിപണിയില്‍ നല്ല മാര്‍ക്കറ്റായിരുന്നു.

പൊതു വിപണിയില്‍ നിന്നുമാറി വ്യക്തിഗത വാഹനങ്ങളുടെ ശ്രേണിയിലേക്ക് ഫോഴ്‌സ്
മോട്ടോഴ്‌സിന്റെ ആദ്യത്തെ ചുവടു വയ്പ്പായിരുന്നു 2011ലെ ഫോര്‍സ് വണ്‍ എന്ന പുതിയ
എസ് യു വി. 2012ല്‍ അവതരിപ്പിച്ച ട്രാവലര്‍ 26 വിപണിയില്‍ വന്‍ മുന്നേറ്റം നടത്തി.
ഓഫ് റോഡ് വിപണന സാധ്യത കണ്ടെത്തിയ ഫോഴ്‌സ് മോട്ടോഴ്‌സ് എക്സ്ട്രീം ഓഫ് റോഡര്‍
വെഹിക്കിള്‍ മോഡലായ ഗൂര്‍ഖയെ 2013ല്‍ അവതരിപ്പിച്ചു.

എക്സ്ട്രീം ഓഫ് റോഡ് റൈഡിങായ RFC റെയ്‌സില്‍ പ്രധാനപ്പെട്ട രണ്ട് സ്ഥാനങ്ങള്‍ 'ഗൂര്‍ഖ' സ്വന്തമാക്കിയതോടെ മോഡല്‍ ജനപ്രിയമായി. ചൈല്‍ഡ് ബസ് ട്രാക്കര്‍ (CBT) ഫീച്ചറുള്ള ട്രാവലര്‍ സ്‌കൂള്‍ ബസ് 2014ല്‍ ഫോഴ്‌സ് മോട്ടോര്‍സ് പുറത്തിറക്കി. 2018ല്‍ റോള്‍സ് റോയ്സ് പവര്‍ സിസ്റ്റംസ് എജിയുമായി സംയുക്ത സംരംഭം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതും കമ്പനിക്ക് വലിയ നേട്ടങ്ങളുണ്ടാക്കി.

ലോകത്താകമാനം ചെറുകിട വാണിജ്യ വാഹനങ്ങള്‍ (SCV), ലൈറ്റ് കൊമേഴ്സ്യല്‍
വെഹിക്കിള്‍സ് (LCV), മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍സ് (MUV), സ്‌പെഷ്യല്‍ ക്രോസ്
കണ്‍ട്രി വെഹിക്കിള്‍സ്, അഗ്രികള്‍ച്ചറല്‍ ട്രാക്ടറുകള്‍ തുടങ്ങി നിരവധി വാഹനങ്ങള്‍
ഫോഴ്‌സ് മോട്ടോഴ്‌സ് കാലാനുസൃതമായ മാറ്റത്തോടെ നിര്‍മ്മിക്കുകയും വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കയ്യടക്കുകയും ചെയ്യുന്നു.

 

Tags:    

Similar News