ഫോര്‍ഡ്, എക്കാലത്തെയും ആകർഷണം
1914 ല്‍ ഫോര്‍ഡ് നടപ്പാക്കിയ ഇരട്ടി വേതനം എന്ന പദ്ധതി തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ കമ്പനിയെ ജനപ്രിയമാക്കി.
1896 ല്‍ ഹെന്റി ഫോര്‍ഡ് നിരത്തിലിറക്കിയ സൈക്കിള്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ക്വാഡ്രിസൈക്കിളില്‍ നിന്നാണ് ആഗോള കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ തുടക്കം. നാല് ബിഎച്ച്പി ശക്തിയുള്ള എഞ്ചിനുമായെത്തിയ ക്വാഡ്രിസൈക്കിളിന് രണ്ട് സ്പീഡ് ഗിയറായിരുന്നു ഉണ്ടായിരുന്നത്. 1903 ലാണ് ഔദ്യോഗികമായി ഫോര്‍ഡ് എന്ന കമ്പനി ഹെന്റി ഫോര്‍ഡ് ആരംഭിക്കുന്നത്. 12 നിക്ഷേപകരും 1000 ഓഹരികളുമായാണ് കമ്പനിയുടെ പിറവി. ആ വര്‍ഷം ജൂലൈ 23 ന് ആദ്യ വാഹനം കമ്പനി വില്‍ക്കുമ്പോഴേക്കും കമ്പനിയുടെ മൂലധനമായിരുന്ന 28000 ഡോളറും ചെലവായിക്കഴിഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനകം 37 ,000 ഡോളര്‍ ലാഭം നേടിയാണ് വിപണിയില്‍ ഫോര്‍ഡ് സാനിധ്യമറിയിച്ചത്.
അമേരിക്കയിലെ മിഷിഗണിലാണ് കമ്പനിയുടെ ആസ്ഥാനം. ആദ്യകാലത്ത് ഫോര്‍ഡ് എന്ന എഴുത്ത് മാത്രമായിരുന്നു കമ്പനിയുടെ ലോഗോ. 1927 ല്‍ പുറത്തിറക്കിയ മോഡല്‍ എ കാര്‍ മുതലാണ് ഇന്ന് കാണുന്ന നീല ഓവല്‍ ഷേപ്പിലുള്ള ഫോര്‍ഡിന്റെ ലോഗോയിലേക്ക് കമ്പനി മാറിയത്.
1908 ലാണ് ഫോര്‍ഡ് അവരുടെ ആദ്യത്തെ ഹിറ്റ് മോഡല്‍ പുറത്തിറക്കിയത്. മോഡല്‍ ടി എന്ന വാഹനം 1927 ല്‍ നിര്‍മാണം നിര്‍ത്തും വരെ വിറ്റഴിച്ചത് ഒന്നരകോടി കാറാണ്. നല്ല റോഡുകള്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്തെ പൂര്‍ണമായും പരിഗണിച്ച് പുറത്തിറക്കിയ വാഹനം പ്രാകൃതമായ റോഡുകളിലും ആശ്രയിക്കാമെന്നതും മെയിന്റനന്‍സ് കുറവാണ് എന്നഘടകവും മോഡല്‍ ടി ക്ക് വന്‍ സ്വീകാര്യത നല്‍കി.
1914 ല്‍ ഫോര്‍ഡ് നടപ്പാക്കിയ ഇരട്ടി വേതനം എന്ന പദ്ധതി തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ കമ്പനിയെ ജനപ്രിയമാക്കി. ഫാക്ടറി തൊഴിലാളികള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന വേതനത്തിന്റെ ഇരട്ടിയായ 5 ഡോളര്‍ പ്രഖ്യാപിച്ചതിനൊപ്പം തന്നെ തൊഴില്‍ സമയം ഒന്‍പത് മണിക്കൂറില്‍ നിന്ന് എട്ട് മണിക്കുറാക്കി കുറയ്ക്കുകയും ചെയ്തു. വരുമാനം ഇരട്ടിച്ചതോടെ തൊഴിലാളികള്‍ക്ക് അവര്‍ നിര്‍മിക്കുന്ന കാര്‍ വാങ്ങാനായി എന്നതും വിപ്ലവകരമായ മാറ്റമായി.
വാഹനത്തിന്റെ രൂപകല്‍പന, നിര്‍മാണം, വില്‍പന തുടങ്ങിയ മേഖലകളിലെല്ലാം ഫോര്‍ഡ് ഇപ്പോള്‍ സജീവമാണ്. ട്രക്കുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് പുറമെ ആഢംബര വാഹനങ്ങളും ഫോര്‍ഡ് നിര്‍മിക്കുന്നുണ്ട്. ഓരോ കാലത്തേയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വാഹനങ്ങളും ഫോര്‍ഡ് നിര്‍മിച്ചു നല്‍കി. 1917 ല്‍ ട്രക്ക് നിര്‍മാണരംഗത്തേക്ക് ഫോര്‍ഡ് പ്രവേശിച്ചത്. മോഡല്‍ ടി കാറിന്റെ ഷാസിയില്‍ ചെറിയ മാറ്റം വരുത്തിയായിരുന്നു ഫോര്‍ഡിന്റെ മോഡല്‍ ടിടി എന്ന ട്രക്ക് നിര്‍മിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് സഖ്യസേനയ്ക്കുവേണ്ടി രണ്ട് തരം ടാങ്കറുകളും വിമാന എന്‍ജിനുകളും ആന്റി സബ്മറൈന്‍ പാട്രോള്‍ ബോട്ടുകളുമെല്ലാം ഫോര്‍ഡ് നിര്‍മിച്ചുനല്‍കി.
1925 ല്‍ ടിന്‍ ഗൂസ് എന്ന പേരില്‍ ട്രി മോട്ടോര്‍ വിമാനങ്ങള്‍ നിര്‍മിച്ച് ഫോര്‍ഡ് വിമാനനിര്‍മാണ രംഗത്തേക്കും പ്രവേശിച്ചു. അമേരിക്കയില്‍ ആദ്യകാലത്ത് വാണീജ്യ എയര്‍ലൈന്‍സ് കമ്പനികള്‍ ഉപയോഗിച്ചിരുന്നത് ഫോര്‍ഡിന്റെ ഈ വിമാനമായിരുന്നു. 1922 ല്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ലിങ്കണ്‍ മോട്ടോര്‍ കമ്പനി സ്വന്തമാക്കിയ ഫോര്‍ഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഓട്ടോ മൊബൈല്‍ കമ്പനികളിലും നിക്ഷേപം ഇറക്കിയിട്ടുണ്ട്.
ഓട്ടോമോട്ടീവ്, മൊബിലിറ്റി ഫോര്‍ഡ് ക്രെഡിറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ഫോര്‍ഡിന്റെ പ്രവര്‍ത്തനം. വാഹനങ്ങളുടെ രൂപകല്‍പന, നിര്‍മാണം, വിതരണം, സ്പെയര്‍പാര്‍ട്സ്, ആക്സസറീസ്, വില്‍പനാന്തര സേവനം എന്നിവയാണ് ഓട്ടോമോട്ടീവ് വിഭാഗത്തിന്റെ കീഴില്‍ വരുന്നത്. അതേസമയം ജനങ്ങളുടെ യാത്രാ ദുരിതങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് പഠനങ്ങളും സാങ്കേതികവിദ്യകള്‍ ഒരുക്കുകയുമാണ് ഫോര്‍ഡ് മൊബിലിറ്റി ലക്ഷ്യം വെക്കുന്നത്. മാറുന്ന ആവശ്യങ്ങളും ടെക്ക്നോളജിയുടെ വികാസവുമെല്ലാം കണക്കിലെടുത്തുകൊണ്ട് ഭാവിയിലെ വാഹനങ്ങളുടെ ആശയരൂപീകരണവും മോഡല്‍ വാഹനങ്ങള്‍ രൂപവല്‍ക്കരിക്കുന്നതും മൊബിലിറ്റി ഡിവിഷന്റെ ചുമതലയാണ്. വാഹനങ്ങള്‍ വാങ്ങാനുള്ള വായ്പ അനുവദിക്കുന്നതും വാടകയ്ക്ക് വാഹനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഫോര്‍ഡിന്റെ ധനകാര്യവിഭാഗമാണ് ഫോര്‍ഡ് ക്രഡിറ്റ്. ലോകമെങ്ങുമുള്ള വാഹനകച്ചവടക്കാരുമായി സഹകരിച്ചാണ് ഫോര്‍ഡ് ഈ സേവനം നടപ്പാക്കുന്നത്.
1995 ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചെന്നൈ, ഗുജറാത്തിലെ സനന്ദ് എന്നിവിടങ്ങളില്‍ നിര്‍മാണയൂണിറ്റുകള്‍ തുറന്നാണ് ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ സജീവമായത്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ ചെറുകാറുകളും എസ് യു വികളും അവതരിപ്പിച്ചു. ഫോര്‍ഡ് ഫിഗോ, ഫിയസ്റ്റ, ഐക്കണ്‍, ഇക്കോ സ്പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ആസ്പയര്‍, എന്‍ഡവര്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ നിരത്തില്‍ ഫോര്‍ഡ് അവതരിപ്പിച്ച വാഹനങ്ങള്‍. ഇന്ത്യയിലെ 266 നഗരങ്ങളിലായി 485 വില്‍പ്പന സേവന കേന്ദ്രങ്ങളാണ് ഫോര്‍ഡ് തുറന്നത്. ഉപഭോക്താക്കള്‍ക്ക് പിരിയോഡിക്ക് മെയിന്റനന്‍സ് കോസ്റ്റ് എത്രയാണെന്ന് സര്‍വ്വീസ് ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ കണക്കുകൂട്ടാവുന്ന സര്‍വ്വീസ് പ്രൈസ് പ്രോമിസ് എന്ന പദ്ധതിയും ഫോര്‍ഡ് അവതരിപ്പിച്ചു. ഫോര്‍ഡിന്റെ യഥാര്‍ത്ഥ സ്പെയര്‍പാര്‍ട്സ് ലഭ്യമാക്കുന്നതിനായി 3500 സെന്ററുകളും രാജ്യവ്യാപകമായി തുറന്നു. എങ്കിലും 2021 അവസാന പാദത്തില്‍, സാനന്ദിലെ പ്രവര്‍ത്തനം കമ്പനി നിര്‍ത്തിവെച്ചു. 2022 മാര്‍ച്ചില്‍ ചെന്നൈയിലെ പ്രവര്‍ത്തനവും അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ബിസിനസ് മേഖലയ്ക്കുപുറമെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി രംഗത്തും ഏറെ സജീവമാണ് ഫോര്‍ ഡ്. വിദ്യാഭ്യാസം, റോഡ് സുരക്ഷ തുടങ്ങിയമേഖലകളിലാണ് മുഖ്യമായും ഫോര്‍ഡ് സി എസ് ആര്‍ ഫണ്ടുകള്‍ ചിലവഴിക്കാറുള്ളത്.
