സാധാരണക്കാരന്റെ കാര്‍, മാരുതി സുസുക്കി
സാധാരണക്കാരന് കാറെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിച്ച കാര്‍ നിര്‍മാണ കമ്പനിയാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ്.
സാധാരണക്കാരന് കാറെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിച്ച കാര്‍ നിര്‍മാണ കമ്പനിയാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ്. 1970 ല്‍ ആരംഭിച്ച സ്വകാര്യ സ്ഥാപനമായ മാരുതി ടെക്നിക്കല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പിന്നീട് കേന്ദ്രം ഏറ്റെടുത്ത് 1981 ല്‍ മാരുതി ഉദ്യോഗ് ലിമിറ്റഡായി മാറിയത്.
ഇന്ദിരാഗാന്ധിയുടെ ഇളയമകനായ സഞ്ജയ് ഗാന്ധിയായിരുന്നു കമ്പനിയുടെ ആദ്യത്തെ എം ഡി. മാരുതിക്ക് കാറുകള്‍ ഡിസൈന്‍ ചെയ്യുന്നതിലോ നിര്‍മിക്കുന്നതിലോ യാതൊരുവിധ മുന്‍പരിചയവുമില്ലായിരുന്നിട്ടും സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്കുള്ള കാര്‍ നിര്‍മിക്കാനുള്ള കരാര്‍ കമ്പനി സ്വന്തമാക്കി. 1971 -ല്‍ കരാറിലെത്തിയെങ്കിലും അടിയന്തരാവസ്ഥ കാലം കഴിയും വരേയും കമ്പനി കാറുകളൊന്നും തന്നെ നിര്മിച്ചിരുന്നില്ല. സഞ്ജയ് ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള തിരിയലും സാധാരണക്കാരന്റെ കാറെന്ന സ്വപ്നപദ്ധതി വൈകിപ്പിച്ചു. പിന്നീട് സഞ്ജയ് ഗാന്ധിയുടെ അകാല മരണത്തിനു ശേഷം 1981 ലാണ് കാര്‍ നിര്‍മാണത്തില്‍ മാരുതിയെ സഹായിക്കുന്നതിന് പറ്റിയ കമ്പനിയെ
തേടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. 1981 ല്‍ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ച കേന്ദ്രം 1982 ല്‍ ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ സുസുക്കിയുമായി ചേര്‍ന്ന് മാരുതി സുസുക്കി ലിമിറ്റഡ് എന്ന സംയുക്ത സ്ഥാപനം ആരംഭിച്ചു. ഒരു വര്‍ഷത്തിനുശേഷം 1983 ഡിസംബറില്‍ മാരുതി 800 എന്ന കാര്‍ വിപണിയിലെത്തിച്ച് മാരുതി സാധാരണക്കാരന്റെ കാര്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു.
1983 മുതലാണ് ഹരിയാനയിലെ ഗുഡ്ഗാവിലെ (ഗുരുഗ്രാം) പ്ലാന്റില്‍ നിന്ന് കാര്‍ നിര്‍മാണം ആരംഭിച്ചത്. വളരെ വേഗത്തില്‍ തന്നെ മാരുതി 800 ഇന്ത്യന്‍ നിരത്തുകളെ കീഴടക്കി. 1987 ല്‍ ഹംഗറിയിലേക്ക് മാരുതി കാര്‍ കയറ്റുമതി ആരംഭിച്ചു. 1989 ല്‍ ഇന്ത്യയിലെ ആദ്യത്തെ സെഡാനായ മാരുതി 1000 ഉം കമ്പനി നിരത്തിലിറക്കി. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ നിരവധി കാറുകളാണ് മാരുതി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറുകളായ മാരുതി 800, ഓള്‍ട്ടോ തുടങ്ങിയ മാരുതിയുടെ കാറുകളെല്ലാം വിലക്കുറവ് കൊണ്ട് തന്നെ സാധാരണക്കാരുടെ
ജനപ്രിയ വാഹനങ്ങളായി. 1983 ല്‍ നിര്‍മാണം തുടങ്ങിയ മാരുതി 800, ലോകത്തിലെ തന്നെ ഏറ്റവും ഇന്‍ഫ്‌ലുവന്‍ഷ്യല്‍ കാര്‍ എന്ന ബഹുമതിയോടെയാണ് 2013 ല്‍ മാരുതി പ്രൊഡക്ഷന്‍ അവസാനിപ്പിച്ചത്.
2007 ല്‍ കേന്ദ്രസര്‍ക്കാര്‍ മാരുതി സുസുക്കിയിലെ സര്‍ക്കാരിന്റെ ശേഷിക്കുന്ന ഓഹരികളും സുസുക്കിക്ക് കൈമാറിയതോടെ മാരുതി പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറി. പിന്നാലെ ഇന്ത്യയില്‍ രണ്ട് പ്ലാന്റുകള്‍ കൂടി മാരുതി ആരംഭിച്ചു. സാധാരണക്കാര്‍ക്ക് വിലകുറവില്‍ വാഹനം ലഭ്യമാക്കുന്നതിനൊപ്പം തന്നെ ലക്ഷ്വറി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രീമിയം സെഗ്മന്റിലും മാരുതി സുസുക്കി വാഹനങ്ങള്‍ ഇറക്കി. പ്രീമിയം സെഗ്മെന്റിലെ വാഹനങ്ങളുടെ വില്‍പനയ്ക്കായി നെക്സ എന്ന പ്രത്യേകവിഭാഗവും മാരുതി ആരംഭിച്ചു.
ഇപ്പോഴും സാധാരണക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമായി മാരുതി തുടരുന്നതിന് പ്രധാനകാരണങ്ങളിലൊന്ന് രാജ്യത്ത് ആകമാനം അവര്‍ക്കുള്ള സര്‍വ്വീസ് ലഭ്യത തന്നെയാണ്. ഇന്ത്യന്‍ നിരത്തുകളേയും ഇന്ത്യക്കാരുടെ പോക്കറ്റിനേയും കൃത്യമായി പഠിച്ച് വാഹനങ്ങള്‍ ഇറക്കുന്ന മാരുതിയുടെ വാഹനങ്ങള്‍ നല്‍കുന്ന മികച്ച മൈലേജ്, വിലകുറവ് എന്നീഘടകങ്ങള്‍ കൂടി ചേരുന്നതോടെ മാരുതിയുടെ വാഹനങ്ങള്‍ നിരത്തിലേയും പ്രിയപ്പെട്ടതാവുന്നു. ഫാക്ടറിയില്‍ നിന്ന് തന്നെ ഫിറ്റ് ചെയ്ത സി. എന്‍. ജി വാഹനങ്ങള്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചതും മാരുതിയാണ്. യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യാ-പസഫിക്ക് മേഖലകളിലേക്കെല്ലാം ഇപ്പോള്‍ മാരുതി ഇന്ത്യയില്‍ നിന്ന് കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
കാറുകളുടെ നിര്‍മാണത്തിനും വിതരണത്തിനുമപ്പുറം സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വില്‍പ്പനയ്ക്കായി പ്രത്യേക വിഭാഗവും മാരുതി ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് വാഹനം വില്‍ക്കാനും വാങ്ങാനും എക്‌സ്‌ചേഞ്ച് ചെയ്യാനുമുള്ള സൌകര്യം ട്രൂവാല്യു എന്ന് പേരിട്ടിരിക്കുന്ന സെക്കന്റ് ഹാന്റ് സെഗ്മന്റിലൂടെ മാരുതി ഒരുക്കിയിരിക്കുന്നു. ട്രൂ വാല്യൂവിലൂടെ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ഫ്രീ സര്‍വ്വീസ് അടക്കമുള്ള പ്രത്യേക ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.
മാരുതിയുടെ വാഹനങ്ങള്‍ക്ക് ഫിനാന്‍സും ഇന്‍ഷ്യൂറന്‍സും നല്‍കുന്നതിന് മാരുതി ഇന്‍ഷ്യൂറന്‍സ് ആന്റ് ഫിനാന്‍സ് എന്ന സംരംഭവും മാരുതി ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമായും ബാങ്കുകളുമായും ചേര്‍ന്നാണ് ഈ സേവനം മാരുതി നല്‍കുന്നത്.
ഓള്‍ട്ടോ, വാഗണര്‍, സ്വിഫ്റ്റ്, ബലേനോ, ഇഗ്‌നിസ്,സിയാസ്, സെലേറിയോ, ബ്രെസ, എസ്‌പ്രെസോ, എസ് ക്രോസ്, ഡിസയര്‍ തുടങ്ങിയവയാണ് മാരുതി നിരത്തിലെത്തിച്ച പ്രമുഖ മോഡലുകള്‍.
