ടാറ്റയുടെ സ്വന്തം ജാഗ്വാര്‍

ബ്രിട്ടണിലെ രണ്ട് മോട്ടോര്‍ സൈക്കിള്‍ ഭ്രാന്തന്‍മാരായ വില്ല്യം ലയോണ്‍സും വില്ല്യം വാംസ്ലെയും ചേര്‍ന്ന് 1922 ല്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളില്‍ ഒരു കമ്പനിക്ക് രൂപം നല്‍കി.

Update: 2022-01-17 03:29 GMT


ബ്രിട്ടണിലെ രണ്ട് മോട്ടോര്‍ സൈക്കിള്‍ ഭ്രാന്തന്‍മാരായ വില്ല്യം ലയോണ്‍സും വില്ല്യം വാംസ്ലെയും ചേര്‍ന്ന് 1922 ല്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളില്‍ ഒരു കമ്പനിക്ക് രൂപം നല്‍കി. മോട്ടോര്‍ സൈക്കിള്‍ സൈഡ് കാറുകള്‍ നിര്‍മിക്കുക എന്നത് മാത്രമായിരുന്നു ഇരുവരുടേയും ലക്ഷ്യം.

അങ്ങനെയാണ് സ്വാലോ സൈഡ് കാര്‍ എന്ന കമ്പനിയുടെ ജനനം. 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാറുകളുടെ ബോഡി നിര്‍മിക്കുന്ന പുതിയ കമ്പനിയായി എസ് എസ് കാര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം വില്ല്യം ലയോണ്‍സ് തുടക്കമിട്ടു. ഇതാണ് ഇന്നത്തെ ജാഗ്വാര്‍ കാര്‍സിന്റെ പ്രാരംഭ കമ്പനി.

സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍ കോര്‍പറേഷനുമായി സഹകരിച്ചായിരുന്നു ആദ്യം എസ് എസ് കാര്‍സിന്റെ പ്രവര്‍ത്തനം. 1935 ല്‍ രണ്ടര ലിറ്റര്‍ എഞ്ചിനുമായി ജാഗ്വാറിന്റെ ആദ്യകാര്‍ പുറത്തിറങ്ങി. എസ് എസ് ജാഗ്വാര്‍ എന്ന സ്‌പോര്‍സ് സലൂണ്‍ കാറായിരുന്നു അത്. അതിനും പത്ത് വര്‍ഷം കഴിഞ്ഞാണ് ജാഗ്വാര്‍ കാര്‍സ് എന്ന പേര് കമ്പനി സ്വീകരിച്ചത്.

ജാഗ്വാറിന്റെ ആദ്യത്തെ 5 വര്‍ഷം സുഖകരമായിരുന്നുവെങ്കിലും പിന്നീട് പ്രതിസന്ധികള്‍ ഒന്നൊന്നായി തലപൊക്കി. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും സര്‍ക്കാരിന്റെ കര്‍ശനമായ ഇടപെടലുകളുമെല്ലാം കമ്പനിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി.

അങ്ങനെ 1950 ല്‍ ജാഗ്വാര്‍ കമ്പനിക്ക് മോട്ടോര്‍ പാനലുകളുടെ വില്‍പനയിലേക്കും തിരിയേണ്ടിവന്നു. 1966 ല്‍ ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പറേഷനുമായി ജാഗ്വര്‍ ലയിച്ച് ബ്രിട്ടീഷ് മോട്ടോര്‍ ഹോള്‍ഡിങ്‌സ് നിലവില്‍ വന്നു. രണ്ട് വര്‍ഷത്തിന് ശേഷം ലെയ്‌ലാന്റ് മോട്ടോര്‍ കോര്‍പറേഷനുമായി കമ്പനി ലയിച്ചു.

പ്രതിസന്ധികള്‍ക്കൊടുവില്‍ 1975 ല്‍ കമ്പനി ദേശസാത്കരണത്തിനും വിധേയമായി. 1984 നു ശേഷമാണ് പിന്നീട് ജാഗ്വാര്‍ ബ്രിട്ടീഷ് ലെയ്‌ലാന്റിന്റെ ഉടമസ്ഥതയില്‍ നിന്ന് പുറത്തുകടന്നത്. പിന്നാലെ 1990 ല്‍ ഫോര്‍ഡ് ജാഗ്വാറിനെ ഏറ്റെടുത്തു.

ഒടുവില്‍ ലാന്‍ഡ് റോവറിനൊപ്പം ജാഗ്വാറിനേയും ടാറ്റ മോട്ടോര്‍സിന് ഫോര്‍ഡ് 2008 ല്‍ വിറ്റു. 2013 ല്‍ ജാഗ്വാര്‍ കാര്‍സ് ലാന്റ് റോവറുമായി ലയിച്ച് ടാറ്റയ്ക്ക് കീഴില്‍ ജാഗ്വാര്‍ ലാന്റ് റോവര്‍ എന്ന പുതിയ കമ്പനി നിലവില്‍ വന്നു.

മനോഹാരിത, വിശാലത, വേഗത ഇതാണ് ജാഗ്വാറിന്റെ മുദ്രാവാക്യം. വേഗതയും സൌകര്യവുമുള്ള സ്‌പോര്‍ട്‌സ് കാറുകള്‍ നിര്‍മിച്ച് ജാഗ്വാര്‍ മുദ്രാവാക്യത്തോട് നൂറുശതമാനവും നീതി പുലര്‍ത്തി.

ജാഗ്വാര്‍ എക്‌സ് കെ 120, എക്‌സ് കെ 150, ജാഗ്വാര്‍ ഇ ടൈപ്പ് തുടങ്ങിയ ആദ്യകാല മോഡലുകള്‍ മുതല്‍ എംകെ 7, 9, എക്‌സ് ജെ 6 തുടങ്ങി പലകാലങ്ങളിലായി പുറത്തിറക്കിയ മോഡലുകളെല്ലാം ഒരുപോലെ ജാഗ്വാറിന്റെ ഐഡന്റിറ്റി നില നിര്‍ത്തുന്നവയായിരുന്നു.

വിശദമായ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് ഓരോ കാറിന്റേയും എഞ്ചിനുകള്‍ ജാഗ്വാര്‍ വികസിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം പുറത്തിറക്കിയ ട്വിന്‍ ക്യം സ്‌ട്രെയിറ്റ് സിക്‌സ് എഞ്ചിന്‍ മുതല്‍ ഇ ടൈപ്പ് കാറില്‍ ഉപയോഗിച്ചിരിക്കുന്ന എക്‌സ് കെ എഞ്ചിനും ട്വിന്‍ ഓ എച്ച് സി എക്‌സ് കെ എഞ്ചിനുമെല്ലാം അതിന്റെ നേര്‍സാക്ഷ്യങ്ങളാണ്.

കോംപാക്ട് എസ് യു വികള്‍ മുതല്‍ പ്രീമിയം സെഡാന്‍, സ്‌പോര്‍ട്‌സ് ലക്ഷ്വറി, മിഡ് സൈസ് എക്‌സിക്യൂട്ടീവ് തുടങ്ങി വിവിധ ശ്രേണികളില്‍ ഉള്‍പ്പെടുന്നതാണ് ജാഗ്വാറിന്റെ കാറുകള്‍. സീറോ എമിഷന്‍ ലക്ഷ്യമിട്ട് ജാഗ്വാര്‍ ഐ പേസ് എന്ന ഇലക്ട്രിക്ക് കാറുകളും ഇപ്പോള്‍ പുറത്തിറക്കുന്നു. എക്‌സ് ഇ, എക്‌സ് എഫ്, എഫ് ടൈപ്പ്, ഇ പേസ്, എഫ് പേസ്, ജാഗ്വാര്‍ ആര്‍, എസ് വി ആര്‍ എന്നിവയാണ് ജാഗ്വാര്‍ ഇപ്പോള്‍ വിപണിയിലെത്തിക്കുന്ന പ്രധാനമോഡലുകള്‍.

Tags:    

Similar News