ടാറ്റ മോട്ടോഴ്സിനെ അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളില്‍ പ്രധാനിയാണ് ടാറ്റാ മോട്ടോര്‍സ്.

Update: 2022-01-17 03:44 GMT
story

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ പ്രധാനിയാണ് ടാറ്റാ മോട്ടോഴ്സ്. ജെ ആര്‍ ഡി ടാറ്റ ആരംഭിച്ച ടാറ്റ ഗ്രൂപ്പിന്റെ വിവിധങ്ങളായ...

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ പ്രധാനിയാണ് ടാറ്റാ മോട്ടോഴ്സ്. ജെ ആര്‍ ഡി ടാറ്റ ആരംഭിച്ച ടാറ്റ ഗ്രൂപ്പിന്റെ വിവിധങ്ങളായ വാഹന നിര്‍മാണ വിഭാഗം മുഴുവനായും ടാറ്റാ മോട്ടോഴ്‌സിന് കീഴെയാണ്.

1945 ല്‍ ആരംഭിച്ച ടെല്‍കോം എന്ന സ്ഥാപനമാണ് പില്‍ക്കാലത്ത് ടാറ്റാ മോട്ടോഴ്‌സ് ആയത്. ലോക്കോമോട്ടീവ് എഞ്ചിനുകള്‍ നിര്‍മിക്കുന്ന കമ്പനിയായാണ് ടെല്‍കോം പ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നീട് മാര്‍ഷല്‍ സണ്‍സ് എന്ന വിദേശ സ്ഥാപനവുമായി ചേര്‍ന്ന് റോഡ് റോളറുകളും വിപണിയിലെത്തിച്ച ടെല്‍കോം 1954 ലാണ് ആദ്യമായി കൊമേഴ്‌സ്യല്‍ വാഹന നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്.

ടി എം ബി 312 എന്ന ട്രക്കായിരുന്നു ടെല്‍കോമിന്റെ ഫാക്ടറിയില്‍ നിന്ന് നിരത്തിലെത്തിയ ആദ്യത്തെ കൊമേഴ്‌സ്യല്‍ വാഹനം. ഡെയ്മലര്‍ ബെന്‍സുമായി ചേര്‍ന്നായിരുന്നു ഈ വാഹനം ടെല്‍കോം നിര്‍മിച്ചത്.

1969 ല്‍ ടാറ്റയുടെ കീഴിലേക്ക് ടെല്‍കോം മാറിയതോടെയാണ് വിപുലമായ രീതിയില്‍ പാസഞ്ചര്‍, ചരക്ക് വാഹനങ്ങള്‍ കമ്പനി പുറത്തിറക്കാന്‍ തുടങ്ങിയത്.

ആദ്യകാലത്ത് ട്രക്കുകള്‍ മാത്രം പുറത്തിറക്കിയിരുന്ന ടാറ്റ 1988 ലാണ് ടാറ്റ മൊബൈല്‍ എന്നപേരില്‍ ആദ്യത്തെ പാസഞ്ചര്‍ വാഹനം പുറത്തിറക്കിയത്. 3 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമായും രാജ്യത്ത് വികസിപ്പിച്ചെടുത്ത ആദ്യത്തെ കാറായ ടാറ്റ സിയേറ നിരത്തിലിറക്കി ടാറ്റ ചരിത്രം സൃഷ്ടിച്ചു.

2008 ല്‍ നാനോ കാര്‍ അവതരിപ്പിച്ചുകൊണ്ട് വാഹനനിര്‍മാണ മേഖലയില്‍ തന്നെ ടാറ്റ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടു. 1 ലക്ഷം രൂപയ്ക്ക് കാര്‍ എന്ന നാനോ കാറിന് പിന്നിലെ ആശയം സാധാരണക്കാരന് കാര്‍ എന്ന ടാറ്റയുടെ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു. ലോകത്ത് ഏറ്റവും വിലകുറവുള്ള കാറാണ് ഇപ്പോഴും നാനോ.

കാറുകള്‍ക്ക് പുറമെ ലോറി, ബസ്സ്, ഹെവി വെഹിക്കിള്‍സ്, എര്‍ത്ത് മൂവേഴ്‌സ്, സൈനിക വാഹനങ്ങള്‍, ലക്ഷ്വറി കാറുകള്‍, സ്‌പോര്‍ട്‌സ് കാറുകള്‍, തീവണ്ടി കോച്ചുകള്‍ എന്നിവയും ടാറ്റ നിര്‍മിക്കുന്നുണ്ട്.

2004 നുശേഷം മറ്റിടങ്ങളിലേക്കും വിപണിശൃംഖല വ്യാപിപ്പിച്ച ടാറ്റ ലോക പ്രശസ്തങ്ങളായ നിരവധി വാഹനകമ്പനികളെ വാങ്ങുകയോ സഹകരണത്തിന് കരാറിലേര്‍പ്പെടുകയോ ചെയ്തു. കൊറിയന്‍ വാഹനനിര്‍മാതാക്കളായ ദെവൂ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് കമ്പനിയുടെ ട്രക്ക് നിര്‍മാണയൂണിറ്റ ടാറ്റ ഏറ്റെടുത്തു.

ടാറ്റ ദേവു എന്നപേരില്‍ ലേകവിപണിയില്‍ തന്നെ ട്രക്ക് നിര്‍മാണരംഗത്ത് ടാറ്റ ശക്തമായ സാന്നിധ്യമായി. തൊട്ടുപിന്നാലെ സ്പാനിഷ് ബസ് നിര്‍മാതാക്കളായ ഹിസ്പാനോ കൊറസേറയുടെ ഓഹരികള്‍ സ്വന്തമാക്കി യൂറോപ്യന്‍ മാര്‍ക്കറ്റിലും ടാറ്റ സാന്നിധ്യമായി.

ബ്രസീലിയന്‍ ബസ് നിര്‍മാണ കമ്പനിയായ മാര്‍ക്കോപോളോയുമായി സഹകരിച്ച് ടാറ്റ മാര്‍ക്കോപോളോ എന്ന പുതിയ ബസ്സും പുറത്തിറക്കി. ലോകപ്രശ്‌സ്തമായ ബ്രിട്ടീഷ് ലക്ഷ്വറി കാര്‍ നിര്‍മാണ കമ്പനിയായ ലാന്റ് റോവര്‍, ജാഗ്വാര്‍ എന്നിവ സ്വന്തമാക്കിയതാണ് ആഗോളതലത്തില്‍ ടാറ്റയുടെ ഏറ്റവും വലിയ ഏറ്റെടുക്കല്‍.

നഷ്ടത്തിലായിരുന്ന ഇരു കമ്പനികളും ഏറ്റെടുത്തത് ടാറ്റയുടെ കാര്‍ നിര്‍മാണമേഖലയിലെ കുതിച്ച് ചാട്ടത്തിന് തന്നെ വഴിവെച്ചു. പിന്നീട് ടാറ്റയുടെ എല്ലാവാഹനങ്ങളുടേയും ഡിസൈനുകളും എഞ്ചിനുകളുമെല്ലാം ലാന്റ് റോവര്‍ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കിയത് വാഹനങ്ങളുടെ ക്വാളിറ്റിയും സുരക്ഷയും സൌന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി.

ഇത് വാഹനവിപണിയില്‍ ടാറ്റയ്ക്ക് ഏറെ നേട്ടമുണ്ടാക്കി. ഇതിനൊപ്പം തന്നെ സൈന്യത്തിന് വേണ്ടുന്ന വാഹനങ്ങളുടെ നിര്‍മാണവും കെട്ടിട നിര്‍മാണ മേഖലയ്ക്ക് വേണ്ട മണ്ണുമാന്തി അടക്കമുള്ള വാഹനങ്ങളും ടാറ്റ നിര്‍മിക്കുന്നുണ്ട്.

ഇവയ്‌ക്കെല്ലാം പുറമെ കാലാകലങ്ങളില്‍ സേവനങ്ങളും അപ്ഗ്രഡേഷനും ലക്ഷ്യമിട്ട് വിവിധ കാര്‍ നിര്‍മാണകമ്പനികളുമായിടാറ്റ ധാരണകളില്‍ എത്തുന്നു. ഫിയറ്റ്, ഹ്യൂണ്ടയ് തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് എഞ്ചിനുകളുടെ നവീകരണവും ഡീലര്‍ഷിപ്പുകളും സര്‍വ്വീസ് സെന്ററുകളുടെ സേവനവുമെല്ലാം ടാറ്റ പങ്കിട്ടിരുന്നു.

നിലവില്‍ 125 ലേറെ രാഷ്ട്രങ്ങളില്‍ ടാറ്റയുടെ സാന്നിധ്യമുണ്ട്. 8400 ലേറെ സര്‍വ്വീസ്, വില്‍പന കേന്ദ്രങ്ങളും ലോകവ്യാപകമായി ടാറ്റയ്ക്കുണ്ട്. ഇന്ത്യയില്‍ മാരുതിക്കും ഹ്യൂണ്ടായിക്കും ശേഷം ഏറ്റവും കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ഉള്ളത് ടാറ്റയ്ക്കാണ്.

വാഹന നിര്‍മാണത്തിനും വില്‍പ്പനയ്ക്കും പുറമെ വെഹിക്കിള്‍ ഫിനാന്‍സ് രംഗത്തും ടാറ്റ സജീവമാണ്. സ്വന്തം വാഹനങ്ങള്‍ക്ക് വായ്പ്പയും ഇന്‍ഷ്യൂറന്‍സ് സേവനവുമെല്ലാം ടാറ്റ നല്‍കുന്നുണ്ട്.

സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി രംഗത്ത് ഏറെ സജീവമായ ടാറ്റയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. വിദ്യാഭ്യാസം, ആതുരസേവനം, ശുദ്ധജല ലഭ്യത ഉറപ്പാക്കല്‍, പരിസ്ഥിതി സംരക്ഷണം സ്ത്രീശാക്തീകരണം തുടങ്ങി ആറോളം പ്രമുഖമായ മേഖലകളിലാണ് ടാറ്റയുടെ സാമൂഹ്യസേവന പദ്ധതികള്‍ വ്യാപിച്ചു കിടക്കുന്നത്.

സ്വന്തം ജീവനക്കാരുടെ മക്കള്‍ക്ക് പഠിക്കാനായി ഐ ഐ ടി ഉള്‍പ്പടെയുള്ള വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ടാറ്റ കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

Tags:    

Similar News