ഇ-ടുവീലറുകളുടെ വിഹിതം 10%ന് മുകളിലെത്തിച്ച് കേരളമുള്‍പ്പടെ 4 സംസ്ഥാനങ്ങള്‍

  • ഇ-ടുവീലറുകളുടെ വിഹിതത്തില്‍ മുന്നില്‍ ഗോവ
  • കെഎസ്ഇബി ചാര്‍ജിംഗ് യൂണിറ്റുകള്‍ ഇ- വാഹാന സ്വീകാര്യത ഉയര്‍ത്തി
  • രാജ്യത്തെ മൊത്തം ഇ-ടുവീലര്‍ വില്‍പ്പന വിഹിതം 5.63%

Update: 2023-06-09 07:15 GMT

കേരളമുള്‍പ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങൾ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന വിഹിതത്തില്‍ 10 ശതമാനമെന്ന നാഴികക്കല്ല് പിന്നിട്ടതായി റിപ്പോർട്ട്. വാഹൻ ഡാഷ്‌ബോർഡിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളെ അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാന്‍ഡേർഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്  17.20 ശതമാനവുമായി ഗോവയാണ് ഇ-ടുവീലറുകളെ വരവേല്‍ക്കുന്നതില്‍ മുന്നിലുള്ളത്. 13.66 ശതമാനവുമായി രണ്ടാം സ്ഥാനത്ത് കേരളമുണ്ട്.

ഈ വർഷം മേയ് 31 വരെയുള്ള വില്‍പ്പനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 12.19 ശതമാനവുമായി കർണാടക മൂന്നാം സ്ഥാനത്താണ്. 10.74 ശതമാനം ഇ-ടുവീലര്‍ കടന്നുവരവ് രേഖപ്പെടുത്തിയിട്ടുള്ള മഹാരാഷ്ട്രയാണ് വില്‍ക്കപ്പെട്ട ഇ-ടുവീലറുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറെ മുന്നിലുള്ളത്.

കേരളത്തില്‍ ഇ- വാഹനങ്ങള്‍ക്കായുള്ള ചാർജിംഗ് സൗകര്യങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ധന ഇ-ടുവീലറുകളുടെ വില്‍പ്പനയെ സഹായിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിലും മറ്റുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) സ്ഥാപിച്ച പോൾ മൗണ്ടഡ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് യൂണിറ്റുകൾ ദേശീയ തലത്തിൽ തന്നെ അംഗീകാരം നേടി. ഇന്ത്യൻ സ്‌മാർട്ട് ഗ്രിഡ് ഫോറം (ഐഎസ്‌ജിഎഫ്) ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ നൂതനാവിഷ്കാരങ്ങള്‍ക്കായി ഏർപ്പെടുത്തിയ ഡയമണ്ട് അവാർഡ് ഈ പദ്ധതിയിലൂടെ കെഎസ്ഇബി-ക്ക് ലഭിച്ചിരുന്നു.

ഫെബ്രുവരിയിലെ കണക്കുപ്രകാരം ഇത്തരത്തിലുള്ള 1150 ചാര്‍ജിംഗ് യൂണിറ്റുകളാണ് കെഎസ്ഇബി സ്ഥാപിച്ചിട്ടുള്ളത്. 51,000 ടുവീലറുകളും 4500 ഓട്ടോറിക്ഷകളും ഇത് പ്രയോജനപ്പെടുത്തുന്നുവെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇതിനു പുറമേ ഇ-വാഹന നിർമാതാക്കളുടെ സംഘടനയും സംസ്ഥാനത്ത് ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു.

മൊത്തത്തിൽ, ഇന്ത്യയിലെ ഇ-ടുവീലറുകളുടെ വില്‍പ്പന വിഹിതം ഈ വര്‍ഷം മെയ് 31 വരെയുള്ള കണക്കു പ്രകാരം 5.63 ശതമാനമാണ്. 2022ല്‍ 4.05 ശതമാനം വിഹിതമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ മൊത്തം 6.98 ദശലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റപ്പോള്‍ അതില്‍ 392,681 യൂണിറ്റുകള്‍ ഇ-ടുവീലറുകളായിരുന്നു.2030-ഓടെ ഇ-ടുവീലറുകളുടെ വിഹിതം 80 ശതമാനമായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2019ൽ ഒരു സംസ്ഥാനത്തും 1 ശതമാനത്തിൽ കൂടുതൽ ഇ-ടുവീലര്‍ വിഹിതം ഉണ്ടായിരുന്നില്ല എന്നതു കണക്കിലെടുക്കുമ്പോള്‍ പുതിയ കണക്കുകള്‍ പ്രത്യാശ പകരുന്നതാണ്. എന്നിരുന്നാലും സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇ-വാഹന സ്വീകാര്യതയില്‍ വ്യാപകമായ അസമത്വം നിലനില്‍ക്കുന്നു എന്നുകൂടി ഈ ഡാറ്റ വ്യക്തമാക്കുന്നുണ്ട്.

Tags:    

Similar News