ഡാറ്റ ചോര്‍ച്ച: ടെസ്‌ലക്ക് 3.3 ബില്യന്‍ ഡോളര്‍ പിഴ ചുമത്തിയേക്കും

  • 2022-ലെ ടെസ്‌ലയുടെ വരുമാനം 81.5 ബില്യന്‍ ഡോളറെന്നാണ് കമ്പനി വെളിപ്പെടുത്തിയത്
  • ഈ ഡാറ്റ ചോര്‍ച്ച വരും ദിവസങ്ങളില്‍ ടെസ്‌ലയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കാന്‍ പോകുന്നത്
  • Handelsblatt എന്ന പത്രത്തിനാണ് 100 ജിബി വരുന്ന ഡാറ്റയുള്ള സുപ്രധാന വിവരങ്ങള്‍ വിസില്‍ബ്ലോവറില്‍നിന്നും ലഭിച്ചത്

Update: 2023-05-27 10:05 GMT

ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് (FSD) ഫീച്ചറുകളുടെ സുരക്ഷയെക്കുറിച്ചു ഗുരുതര ആശങ്കയും സംശയവുമൊക്കെ ഉയര്‍ത്തുന്ന ഒരു പത്രറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു.

ഒരു വിസില്‍ബ്ലോവര്‍ ചോര്‍ത്തിയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് പത്ര റിപ്പോര്‍ട്ട്.

Handelsblatt എന്ന പത്രത്തിനാണ് 100 ജിബി വരുന്ന ഡാറ്റയുള്ള സുപ്രധാന വിവരങ്ങള്‍ വിസില്‍ബ്ലോവറില്‍നിന്നും ലഭിച്ചത്. ഈ വിസില്‍ബ്ലോവര്‍ ടെസ്‌ലയിലെ സര്‍വീസ് ടെക്‌നീഷ്യനാണെന്ന്ു പറയപ്പെടുന്നു. ടെസ്‌ലയിലെ ഇന്‍ട്രാനെറ്റിലേക്ക് ആക്‌സസ് ചെയ്തതിനു ശേഷം കിട്ടാവുന്ന എല്ലാ വിവരങ്ങളും ടെക്‌നീഷ്യന്‍ ശേഖരിച്ചു. അതില്‍ കസ്മറ്ററിന്റെയും ടെസ്‌ലയിലെ ജീവനക്കാരുടെയും ഫോണ്‍ നമ്പര്‍, അഡ്രസ്, ബാങ്ക് ഡീറ്റെയ്ല്‍സ്, സാലറി ഉള്‍പ്പെടെയുള്ള വിവരങ്ങളുണ്ടായിരുന്നു. ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ വരെ അതിലുണ്ടായിരുന്നെന്നു പറയപ്പെടുന്നു.

കസ്റ്റമര്‍, ജീവനക്കാര്‍, ബിസിനസ് പങ്കാളികള്‍ തുടങ്ങിയവരില്‍നിന്നുള്ള ഡാറ്റ സംരക്ഷിക്കുന്നതില്‍ ടെസ്‌ല പരാജയപ്പെട്ടതായി ലീക്കായ ഡാറ്റയെ അടിസ്ഥാനമാക്കിയ പത്ര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ടെസ്‌ല കാറുകളുടെ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ബ്രേക്കിംഗ്, ആക്‌സിലറേറ്റിംഗ് തുടങ്ങിയവയെ കുറിച്ച്് 2015 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലായി യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ കസ്റ്റമേഴ്‌സ് പരാതി ഉന്നയിച്ചെന്നും ലീക്കായ ഡാറ്റയില്‍ സൂചിപ്പിക്കുന്നു.

ടെസ്‌ലയുടെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെക്‌നോളജിയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ എത്രയോ ഗുരുതരവും ആശങ്കയുളവാക്കുന്നതുമാണെന്ന് ഇപ്പോള്‍ പുറത്തായ ഡാറ്റ വ്യക്തമാക്കുന്നു. മാത്രമല്ല, ഇത്രയും ഗൗരവമേറിയ പ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും അതിനു മേല്‍ കണ്ണടച്ച റെഗുലേറ്റര്‍മാരുടെ നിസംഗതയും ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്.

ഇതിലൂടെ സുരക്ഷ സംബന്ധിച്ച പരാതികള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള ടെസ്‌ലയുടെ ശ്രമങ്ങളും തുറന്നുകാണിക്കപ്പെട്ടിരിക്കുന്നു.

ടെസ്‌ല ഫയല്‍സ് എന്ന് ഇപ്പോള്‍ വിളിക്കുന്ന ഈ ലീക്കായ ഡാറ്റയില്‍ ധാരാളം ക്ലയന്റുകളുടെ വിവരങ്ങളുണ്ട്. സിഇഒ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ ടെസ്‌ലയിലെ ഇപ്പോഴത്തെയും മുന്‍പുള്ള ജീവനക്കാരുടെയും വിവരങ്ങളുമുണ്ട്.

ഈ ഡാറ്റ ലംഘനം യൂറോപ്പിലെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന് (ജിഡിപിആര്‍) എതിരാണ്. യൂറോപ്പിലെ വ്യക്തികളുടെ വ്യക്തിഗത ഡാറ്റയും സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കിയ സമഗ്രമായ ഡാറ്റ പരിരക്ഷണ നിയമമാണിത്. സ്ഥാപനങ്ങള്‍ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സംഭരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും നിയന്ത്രിക്കുന്നുണ്ട് ജിഡിപിആര്‍.

ഈ ഡാറ്റ ചോര്‍ച്ച വരും ദിവസങ്ങളില്‍ ടെസ്‌ലയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ജിഡിപിആര്‍ ലംഘനം നടന്നതായി തെളിഞ്ഞാല്‍ വാര്‍ഷിക വരുമാനത്തിന്റെ നാല് ശതമാനം വരെ പിഴ ചുമത്താന്‍ വകുപ്പുണ്ട്.

2022-ലെ ടെസ്‌ലയുടെ വരുമാനം 81.5 ബില്യന്‍ ഡോളറെന്നാണ് കമ്പനി വെളിപ്പെടുത്തിയത്. ഈ കണക്ക് പ്രകാരം പിഴ ചുമത്തുകയാണെങ്കില്‍ കമ്പനിക്ക് 3.3 ബില്യന്‍ ഡോളര്‍ പിഴ ഇനത്തില്‍ നല്‍കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ ജിഡിപിആര്‍ ലംഘിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പിഴ അടയ്ക്കുന്ന കമ്പനിയായി ടെസ്‌ല മാറുകയും ചെയ്യും.

അനധികൃതമായി ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്തതിന് സമീപകാലത്ത് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് 1.3 ബില്യന്‍ ഡോളര്‍ ജിഡിപിആര്‍ ലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നു.

Tags:    

Similar News