' അംബി ' തിരിച്ചുവരുന്നു, ഇലക്ട്രിക് രൂപത്തില്‍

2024-പകുതിയോടെ കാര്‍ വിപണിയിലിറക്കാനാണു പദ്ധതി

Update: 2023-11-14 07:32 GMT

ഇന്ത്യയുടെ സ്വന്തം ' അംബി ' തിരിച്ചുവരുന്നു. ഇലക്ട്രിക് രൂപത്തിലായിരിക്കും അംബാസഡര്‍ കാര്‍ വിപണിയിലെത്തുക.

1957 മുതല്‍ 2014 വരെയുള്ള കാലഘട്ടം നിരത്ത് നിറഞ്ഞുനിന്ന അംബാസഡര്‍ കാറിന്റെ നിര്‍മാണം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അവസാനിപ്പിച്ചത് 2014-ലാണ്. വില്‍പ്പനയിലെ ഇടിവായിരുന്നു കാരണം.

പിന്നീട് ഐക്കണിക്ക് അംബാസഡര്‍ ബ്രാന്‍ഡിനെ ഫ്രഞ്ച് ഓട്ടോനിര്‍മാതാക്കളായ പ്യുഷോയ്ക്ക് 80 കോടി രൂപയ്ക്ക് വിറ്റു.

ഇപ്പോള്‍ അംബാസഡറിനെ ഇലക്ട്രിക് പതിപ്പിലെത്തിക്കാന്‍ പദ്ധതിയിടുന്നതു പ്യൂഷോയും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സും ചേര്‍ന്നാണ്.

ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ നല്‍കുന്ന 40 kwh ലിഥിയം അയണ്‍ ബാറ്ററിയായിരിക്കും അംബാസഡര്‍ ഇലക്ട്രിക് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കാറില്‍ 100 kwh ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് 10 സെക്കന്‍ഡിനുള്ളില്‍ 0-100 km/h വേഗത കൈവരിക്കാന്‍ പ്രാപ്തമാക്കും.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റിലായിരിക്കും ഇലക്ട്രിക് കാറിന്റെ നിര്‍മാണം. 20 ലക്ഷം രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്.

2024-പകുതിയോടെ കാര്‍ വിപണിയിലിറക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളുടെ മനം കവര്‍ന്ന കാറുകള്‍ തിരിച്ചുവരുന്ന ട്രെന്‍ഡിനു സാക്ഷ്യംവഹിക്കുകയാണ് വാഹനലോകം. അംബാസഡര്‍ വീണ്ടും നിരത്തിലെത്താന്‍ പോകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതാനും ദിവസം മുന്‍പ് ടാറ്റാ നാനോയും ഇതു പോലെ തിരിച്ചുവരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇലക്ട്രിക് പതിപ്പില്‍ തന്നെയാണു നാനോയും തിരികെയെത്തുന്നത്.

2008-ലാണ് നാനോ കാര്‍ വിപണിയിലെത്തിയത്. 2019-ല്‍ നിര്‍മാണം അവസാനിപ്പിക്കുകയും ചെയ്തു.

Tags:    

Similar News