ഓട്ടോമൊബൈല്‍ കയറ്റുമതിയില്‍ 26 ശതമാനം വര്‍ധനവ്
സെപ്റ്റംബര്‍ പാദത്തില്‍ യാത്രാ വാഹന കയറ്റുമതി 23 ശതമാനം വര്‍ദ്ധിച്ചു
സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവുണ്ടായതായി വ്യവസായ സംഘടനയായ സിയാം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്രാ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് സെപ്റ്റംബര്‍ പാദത്തില്‍ ഏറ്റവും ഉയര്‍ന്നത്.
സെപ്റ്റംബര്‍ പാദത്തില്‍ യാത്രാ വാഹന കയറ്റുമതി 23 ശതമാനം വര്‍ധിച്ച് 2,41,554 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,96,196 യൂണിറ്റായിരുന്നു.
രണ്ടാം പാദത്തില്‍ പാസഞ്ചര്‍ കാര്‍ കയറ്റുമതി 20.5 ശതമാനം വര്‍ധിച്ച് 1,25,513 യൂണിറ്റായി. അതുപോലെ, ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ യൂട്ടിലിറ്റി വാഹന കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനം ഉയര്‍ന്ന് 1,13,374 യൂണിറ്റായി.
അവലോകന കാലയളവില്‍ 2,05,763 യൂണിറ്റുകളുടെ കയറ്റുമതിയുമായി മാരുതി സുസുക്കി ഇന്ത്യ മുന്നിലെത്തി. തുടര്‍ന്ന് 99,540 യൂണിറ്റുകളുമായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തൊട്ടുപിന്നിലാണ്.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഇരുചക്ര വാഹന കയറ്റുമതി 25 ശതമാനം വര്‍ധിച്ച് 12,95,468 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,35,997 യൂണിറ്റായിരുന്നു.
സെപ്റ്റംബര്‍ പാദത്തില്‍ സ്‌കൂട്ടര്‍ കയറ്റുമതി 12 ശതമാനം ഉയര്‍ന്ന് 1,77,957 യൂണിറ്റായി. മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന 27 ശതമാനം വര്‍ധിച്ച് 11,08,109 യൂണിറ്റായി.
ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം വാണിജ്യ വാഹന കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ധിച്ച് 24,011 യൂണിറ്റായി.
രണ്ടാം പാദത്തില്‍ മൊത്തം ഓട്ടോമൊബൈല്‍ കയറ്റുമതി 26 ശതമാനം വര്‍ധിച്ച് 16,85,761 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,35,343 യൂണിറ്റായിരുന്നു.
അതുപോലെ, ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ മുച്ചക്ര വാഹന കയറ്റുമതിയില്‍ 51 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 1,23,480 യൂണിറ്റായി.
രണ്ടാം പാദത്തില്‍ എല്ലാ വിഭാഗങ്ങളിലുമുള്ള ശക്തമായ കയറ്റുമതി വളര്‍ച്ച ഇന്ത്യയില്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ബ്രാന്‍ഡ് സ്വീകാര്യതയെ സൂചിപ്പിക്കുന്നുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പ്രസിഡന്റ് ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു.
