ഇലക്ട്രിക് വാഹന സബ്സിഡി; ഇന്ത്യക്കെതിരെ പരാതിയുമായി ചൈന
സബ്സിഡികള്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് അന്യായമായ മത്സര നേട്ടം നല്‍കുന്നതായി ബെയ്ജിംഗ്
ഇന്ത്യയുടെ വൈദ്യുത വാഹന, ബാറ്ററി സബ്സിഡികള്‍ സംബന്ധിച്ച് ചൈന ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കി. ഈ സബ്സിഡികള്‍ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് അന്യായമായ മത്സര നേട്ടം നല്‍കുന്നുവെന്നാണ് ബെയ്ജിംഗ് ആരോപിക്കുന്നത്.
ദി ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് , ലോകത്തിലെ പ്രധാന രാജ്യങ്ങളില്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഏറ്റവും കൂടുതല്‍ സബ്സിഡികള്‍ വാഗ്ദാനം ചെയ്യുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ ടാറ്റ നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിന്, നേരിട്ടുള്ളതും അല്ലാതെയുമുള്ള മൊത്തം സബ്സിഡികള്‍ അതിന്റെ വിലയുടെ ഏകദേശം 46 ശതമാനമാണ്.
പെട്രോള്‍, ഡീസല്‍ മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ ചരക്ക് സേവന നികുതി ( ജിഎസ്ടി ), റോഡ് നികുതി എന്നിവയും പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയിലൂടെ നിര്‍മ്മാതാവിന് ലഭിച്ച പരോക്ഷ പിന്തുണയും ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സബ്സിഡികള്‍ ചൈനയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും ഡബ്ല്യുടിഒ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നുവെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നു. ഈ 'തെറ്റുകള്‍' തിരുത്താന്‍ ചൈന ഇന്ത്യയോട് ആവശ്യപ്പെടുന്നു. കൂടാതെ തിരുത്തല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിന് 'ഉറച്ച നടപടികള്‍' സ്വീകരിക്കുമെന്ന് ബെയ്ജിംഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആഗോള ഇലക്ട്രിക് വാഹന വ്യാപാരത്തില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തെ ഈ തര്‍ക്കം എടുത്തുകാണിക്കുന്നു. അതിവേഗം വളരുന്ന മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ രാജ്യങ്ങള്‍ മത്സരിക്കുന്നു. ഡബ്ല്യുടിഒ പരാതി ഔപചാരിക തര്‍ക്ക പരിഹാര നടപടികളിലേക്ക് നയിച്ചേക്കാം.
