പാസഞ്ചര്‍ വാഹനവില്‍പ്പനയില്‍ വര്‍ധനയെന്ന് സിയാം
ഡീലര്‍മാരിലേക്കുള്ള യാത്രാ വാഹന നീക്കം സെപ്റ്റംബറില്‍ നാല് ശതമാനം വര്‍ധിച്ചു
കമ്പനികളില്‍ നിന്ന് ഡീലര്‍മാരിലേക്കുള്ള യാത്രാ വാഹന നീക്കം സെപ്റ്റംബറില്‍ നാല് ശതമാനം വര്‍ധിച്ച് 3,72,458 യൂണിറ്റായതായി വ്യവസായ സംഘടനയായ സിയാം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 3,56,752 യൂണിറ്റായിരുന്നു.
കഴിഞ്ഞ മാസം ഇരുചക്ര വാഹന വില്‍പ്പനയും വര്‍ധിച്ചു. ഇത് 7 ശതമാനം ഉയര്‍ന്ന് 21,60,889 യൂണിറ്റായി. ഈ കാലയളവില്‍ മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയും 84,077 യൂണിറ്റായി വര്‍ദ്ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 79,683 യൂണിറ്റായിരുന്നു. 5.5 ശതമാനം വര്‍ധനവാണിത്.
സെപ്റ്റംബര്‍ 22 നുശേഷം കേവലം ഒന്‍പത് ദിവസത്തിനുള്ളില്‍ വാഹനമേഖലയില്‍ സെപ്റ്റംബറിലെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 22 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി നിരക്കുകളാണ് ഇതിനുകാരണമായത്.
അതേസമയം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന 10,39,200 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 10,55,137 യൂണിറ്റായിരുന്നു വില്‍പ്പന. 1.5 ശതമാനം ഇടിവാണ് ഇത് കാണിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് ഇരുചക്ര വാഹന വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 55,62,077 യൂണിറ്റായി.
സെപ്റ്റംബറില്‍ ഡീലര്‍മാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ധിച്ച് 2,29,239 യൂണിറ്റായതായും സിയാം അറിയിച്ചു.
