സെൻസെക്സ് 350 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 25,150-ന് താഴെ; ഡീമെർജറിന് പിന്നാലെ ടാറ്റാ മോട്ടോഴ്‌സിന് 4% നേട്ടം!

പ്രാരംഭ വ്യാപാരത്തിൽ വിണിയിലെ ചലനങ്ങൾ എങ്ങനെ? വിശദമായ സാങ്കേതിക വിശകലനം

Update: 2025-10-14 08:45 GMT

ഉച്ചയോടെ സെൻസെക്സ് 350 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 25,150 എന്ന ലെവലിന് താഴെയാണ് വ്യാപാരം. വിഭജനത്തിന് പിന്നാലെ ടാറ്റാ മോട്ടോഴ്‌സ് നാലു ശതമാനം നേട്ടമുണ്ടാക്കി. തുടക്കം പോസിറ്റീവായിരുന്നെങ്കിലും ആഗോള സൂചനകൾ മൂലം വിദേശ നിക്ഷേപകർ വീണ്ടും ഓഹരികൾ വിറ്റഴിക്കൽ ആരംഭിച്ചതിനാൽ ഓഹരി വിപണി ദുർബലമാണ്. സൂചികകൾ രണ്ടാം ദിവസവും ഇടിയാൻ ഇത് കാരണമായി.

രാവിലെ 11.25-ഓടെ, ബി.എസ്.ഇ സെൻസെക്സ് 355 പോയിൻറ് ഇടിഞ്ഞ് 81,971.95 എന്ന ലെവലിലും നിഫ്റ്റി 103 പോയിൻറ് താഴ്ന്ന് 25,124.60 എന്ന ലെവലിലും എത്തിയിരുന്നു. എച്ച്.സി.എൽ.ടെക്കിന്റെ മികച്ച പാദ ഫലത്തെത്തുടർന്ന് ഐ.ടി. ഓഹരികൾ നേട്ടം ഉണ്ടാക്കി. തുടക്കം പോസിറ്റീവ് ആയിരുന്നെങ്കിലും എല്ലാ മേഖലകളിലും വിൽപ്പന സമ്മർദ്ദം ഉണ്ടായി. എല്ലാ 16 പ്രധാന മേഖലാ സൂചികകളും നഷ്ടത്തിലായിരുന്നു.

ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയുടെ ഓഹരികൾ ഏകദേശം 0.6 ശതമാനം വീതം ഇടിഞ്ഞു. പൊതുമേഖലാ ബാങ്കുകളാണ് (PSU banks) ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, 1.5 ശതമാനമാണ് ഓഹരികൾ ഇടിഞ്ഞത്. തുടർച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ലാഭമെടുക്കൽ നടന്നതും ഡെറിവേറ്റീവ്‌സ് എക്സ്പൈറിക്ക് മുന്നോടിയായുള്ള ജാഗ്രതയുമാണ് വിപണിയെ ദുർബലമാക്കിയത്.

ടാറ്റ മോട്ടോഴ്സിന് മുന്നേറ്റം

 വാണിജ്യ വാഹന ബിസിനസ് വിഭജിച്ചതിന് ശേഷം ടാറ്റാ മോട്ടോഴ്‌സ് ഓഹരികൾ ആദ്യ വ്യാപാരത്തിൽ ഏകദേശം 4 ശതമാനം ഉയർന്നു.  പ്രത്യേക പ്രൈസ് ഡിസ്‌കവറി സെഷനിൽ ഓഹരി 400 രൂപയ്ക്ക് ഓപ്പൺ ചെയ്യുകയും 11:10 എ.എം. ആയപ്പോഴേക്കും 415.80 എന്ന ലെവലിൽ എത്തുകയും ചെയ്തു.വിഭജനത്തോടെ ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ, യാത്രാ വാഹന ബിസിനസുകൾ രണ്ട് വ്യത്യസ്ത ലിസ്റ്റഡ് കമ്പനികളാകും. ഒക്ടോബർ 14 ആണ് റെക്കോർഡ് തീയതി. ഓഹരി കൈവശമുള്ള ഓഹരി ഉടമകൾക്ക് പുതുതായി രൂപീകരിക്കുന്ന വാണിജ്യ വാഹന കമ്പനിയുടെ ഓഹരികൾ ലഭിക്കാൻ അർഹതയുണ്ട്. ടാറ്റാ മോട്ടോഴ്‌സിനെ കൂടാതെ വിപ്രോ, ഒ.എൻ.ജി.സി. എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. അതേസമയം ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്സ്, മാരുതി സുസുക്കി എന്നിവ നഷ്ടത്തിലായി.

സാങ്കേതിക വീക്ഷണം


നിഫ്റ്റി 25,149 എന്ന സപ്പോർട്ട് ലെവൽ ഭേദിച്ചതിന് ശേഷം വിപണിയിൽ പുതിയ വിൽപ്പന സമ്മർദ്ദമുണ്ട്. 25,000-നടുത്ത്അടുത്ത ശക്തമായ സപ്പോർട്ട് ലെവൽ കാണാം. അതേസമയം 25,240 ആണ് റെസിസ്റ്റൻസ് ലെവൽ. 25,000 ലെവവിന് താഴെ തുടരുന്നത് ഹ്രസ്വകാലത്തേക്ക് ഇടിവിന് കാരണമാകാം.

വിപണി ഇടിയാൻ കാരണം എന്താണ്?

1. വിദേശ നിക്ഷേപകർ വീണ്ടും ഓഹരികൾ വിൽക്കുന്നു: നാല് ദിവസത്തെ വാങ്ങലിന് ശേഷം വിദേശ നിക്ഷേപകർ തിങ്കളാഴ്ച 240 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇത് സൂചികകളിൽ സമ്മർദ്ദമുണ്ടാക്കി.

2 ഡെറിവേറ്റീവ്‌സ് എക്സ്പൈറി മൂലമുള്ള പൊസിഷൻ അഡ്ജസ്റ്റ്‌മെന്റുകൾ ഉയർന്ന ചാഞ്ചാട്ടത്തിനും (Volatility) സ്ഥിരതയില്ലാത്ത വ്യാപാരത്തിനും കാരണമായിട്ടുണ്ട്.

3 വർദ്ധിച്ചുവരുന്ന വിപണി ചാഞ്ചാട്ടവും വെല്ലുവിളിയാണ്. (India VIX): ഇന്ത്യ വി.ഐ.എക്സ് സൂചിക 3ശതമാനം ഉയർന്ന് 11-ൽ എത്തിയത് വ്യാപാരികൾക്കിടയിലെ അനിശ്ചിതത്വം വർധിക്കുന്നതിനെ സൂചിപ്പിക്കുന്നു.

4. ആഗോള സൂചനകൾ ദുർബലം: നിക്കി, കോസ്പി, ഹാങ് സെങ് തുടങ്ങിയ പ്രധാന ഏഷ്യൻ വിപണികൾ താഴ്ന്നാണ് വ്യാപാരം പുരോഗമിച്ചത്. കൂടാതെ യു.എസ്. ഫ്യൂച്ചറുകളിലും ദുർബലമായ തുടക്കമാണുള്ളത്. ഇതും ആഭ്യന്തര വിപണിയെ ബാധിച്ചു.

5.രൂപയുടെ ബലഹീനതയാണ് മറ്റൊരു കാരണം. രൂപ യു.എസ്. ഡോളറിനെതിരെ 9 പൈസ ഇടിഞ്ഞ് 88.77 എന്ന ലെവലിലാണ്. 6.അസംസ്കൃത എണ്ണവില ബാരലിന് 63.53ഡോളറിൽ എത്തിയത് പണപ്പെരുപ്പം ഉയർത്തി. വ്യാപാര കമ്മി സംബന്ധിച്ച ആശങ്കകൾ വർധിക്കാൻ ഇത് കാരണമായി.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഏകദേശം ഒരു ശതമാനം വീതം ഇടിഞ്ഞു. ഇത് വിപുലമായ വിൽപ്പന സമ്മർദ്ദത്തെ പ്രതിഫലിപ്പിക്കുന്നു. എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലായിരുന്നു. പൊതുമേഖലാ ബാങ്ക് ഓഹരികൾക്കാണ് ഏറ്റവും വലിയ ഇടിവുണ്ടായത്.

Tags:    

Similar News