കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ 35,000 ചതുരശ്രയടി ഓഫീസ് സ്‌പേസ് പ്രവര്‍ത്തന സജ്ജം

  • പുതിയ സൗകര്യങ്ങള്‍ വരുന്നതോടെ 600 ല്‍ അധികം പ്രത്യക്ഷ തൊഴിലവസരങ്ങളും അതോടൊപ്പം പരോക്ഷ തൊഴിലവസരങ്ങളുമുണ്ടാകുമെന്നുമാണ് കരുതുന്നത്.

Update: 2023-08-10 10:37 GMT

കൊച്ചി: തൃശ്ശൂര്‍ ഇന്‍ഫോപാര്‍ക്കിന്റെ ഇന്ദീവരം കോംപ്ലക്‌സിന്റെ മൂന്നാം നില പ്രവര്‍ത്തന സജ്ജമായി. പുതിയ കെട്ടിടത്തില്‍ 35,000 ചതുരശ്രയടിയില്‍ വിവിധ വലുപ്പത്തിലുള്ള 20 പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസുകളാണുള്ളത്. ഇതോടെ കൂടുതല്‍ ഐടി, ഐടി അനുബന്ധ കമ്പനികള്‍ ഇന്‍ഫോപാര്‍ക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സൗകര്യങ്ങള്‍ വരുന്നതോടെ 600 ല്‍ അധികം പ്രത്യക്ഷ തൊഴിലവസരങ്ങളും അതോടൊപ്പം പരോക്ഷ തൊഴിലവസരങ്ങളുമുണ്ടാകുമെന്നുമാണ് കരുതുന്നത്.

ഏഴ് നിലകളുള്ള ഇന്ദീവരം കോംപ്ലക്‌സിന്റെ നാലാം നിലയില്‍ പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസുകളുടെ നിര്‍മാണവും ഉടനെ ആരംഭിക്കും. 2009 ലാണ് തൃശ്ശൂരിലെ കൊരട്ടിയില്‍ ഇന്‍ഫോ പാര്‍ക്ക് ആരംഭിക്കുന്നത്. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം കൊണ്ട് അന്നുമുതല്‍ കാമ്പസ് ശ്രദ്ധ നേടിയിരുന്നു. 2016 ലാണ് ഇന്ദീവരം കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്. നിലവില്‍ 50 കമ്പനികളും 2000 ല്‍ അധികം ജീവനക്കാരും ഇന്‍ഫോപാര്‍ക്കിലുണ്ട്.

തൃശ്ശൂര്‍, കൊച്ചി എന്നി രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയ്ക്ക് സ്ഥിതി ചെയ്യുന്നു എന്നതും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അരമണിക്കൂറിനുള്ളില്‍ ഇന്‍ഫോ പാര്‍ക്കില്‍ എത്താമെന്നതും കൊരട്ടി ഇന്‍ഫോപാര്‍ക്കിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്. കാമ്പസിലെ സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണില്‍ ഒമ്പത് വില്ലകളുമുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഐടി കയറ്റുമതി ചെയ്യുക, അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ കമ്പനികള്‍ക്ക് വളരാനുള്ള അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഇന്‍ഫോപാര്‍ക്ക് ലക്ഷ്യമിടുന്നത്. മെയ് മാസത്തിലാണ് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പുതിയ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

Tags:    

Similar News