വീണ്ടും 2 ലക്ഷം കോടി ഗുജറാത്തില്‍ നിക്ഷേപിക്കാനൊരുങ്ങി അദാനി

സോളാര്‍ മൊഡ്യൂളുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ ഇലക്ട്രോലൈസറുകള്‍ എന്നിവ നിര്‍മിക്കുന്നതിനായി അദാനി ഗ്രൂപ്പ് മൂന്ന് ഗിഗാ ഫാക്ടറികള്‍ സ്ഥാപിക്കും

Update: 2024-01-10 12:16 GMT

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി ഇന്ന് (ജനുവരി 10) പ്രഖ്യാപിച്ചു.

സോളാര്‍ മൊഡ്യൂളുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ ഇലക്ട്രോലൈസറുകള്‍ എന്നിവ നിര്‍മിക്കുന്നതിനായി അദാനി ഗ്രൂപ്പ് മൂന്ന് ഗിഗാ ഫാക്ടറികള്‍ സ്ഥാപിക്കും.

ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മരുഭൂമിയില്‍ 725 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി പാര്‍ക്ക് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്നുണ്ട്.

ഇത് സൗരോര്‍ജ്ജത്തില്‍ നിന്ന് 30 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും സൗരോര്‍ജ്ജം, കാറ്റ് എന്നിവ ഉള്‍പ്പെടുന്ന സംയോജിത പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന ആവാസവ്യവസ്ഥ സ്ഥാപിക്കുകയും ചെയ്യും.

ഗുജറാത്തില്‍ നടക്കുന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കവേയാണു ഗൗതം അദാനി ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവില്‍ കച്ചിലെ ഖവ്ദയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി പാര്‍ക്ക് നിര്‍മിക്കുകയാണ് അദാനി ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് നിന്ന് പോലും കാണാന്‍ കഴിയുന്ന പാര്‍ക്കാണിത്-ഗൗതം അദാനി പറഞ്ഞു. ഈ പ്ലാന്റിന് 30 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ അദാനി ഗ്രൂപ്പ് 2025-ാടെ 55,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 50,000 കോടി രൂപ ഇതിനകം ഗ്രൂപ്പ് നിക്ഷേപിച്ചു കഴിഞ്ഞതായി ഗൗതം അദാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച മികച്ച സാമ്പത്തിക വളര്‍ച്ചയെ കുറിച്ചും അദാനി പരാമര്‍ശിച്ചു.2014 മുതല്‍ ജിഡിപിയില്‍ 185 ശതമാനം വളര്‍ച്ചയും പ്രതിശീര്‍ഷ വരുമാനത്തില്‍ 165 ശതമാനം വളര്‍ച്ചയും ഇന്ത്യ കൈവരിച്ചു. കോവിഡ്19 മഹാമാരി, ആഗോളതലത്തിലെ സംഘര്‍ഷങ്ങള്‍ എന്നിവയടക്കമുള്ള വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ ഈ വളര്‍ച്ച സമാനതകളില്ലാത്തതാണെന്ന് അദാനി പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Similar News