ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അച്ചുതണ്ട് ഇന്ത്യക്ക് ഭീഷണിയെന്ന് സിഡിഎസ്
ചൈനയുടെ അമിത ഇടപെടല്‍ ഇന്ത്യക്കും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണി
ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തന്ത്രപരമായ ഒത്തുചേരലിനെതിരെ പ്രതിരോധ മേധാവിയുടെ മുന്നറിയിപ്പ്. ഈ നീക്കം ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രാദേശിക സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ വിദേശനയ സര്‍വേയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ ക്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. കൂടാതെ ദക്ഷിണേഷ്യയിലുടനീളം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ശക്തമായ വിലയിരുത്തലുകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ ഒറ്റപ്പെടല്‍ വാദമായി തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'തെക്കന്‍ ഏഷ്യയിലുടനീളമുള്ള സര്‍ക്കാരുകളില്‍ പതിവായി ഉണ്ടാകുന്ന മാറ്റങ്ങളും പ്രത്യയശാസ്ത്ര വീക്ഷണങ്ങളും ഭൗമരാഷ്ട്രീയ മുന്‍ഗണനകളും പ്രധാന വെല്ലുവിളികളാണ്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അയല്‍പക്കത്ത് വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യം സിഡിഎസ് എടുത്തുപറഞ്ഞു. വളര്‍ന്നുവരുന്ന ചൈന-പാക്കിസ്ഥാന്‍-ബംഗ്ലാദേശ് അച്ചുതണ്ട് ഇന്ത്യയുടെ സുരക്ഷാ ഘടനയെ പുതിയ രീതിയില്‍ പരീക്ഷിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്തോ-പസഫിക്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ അമേരിക്കയുടെ അവ്യക്തമായ നിലപാടില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു.
ചൈനയുടെ വായ്പാ വിതരണം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും ജനറല്‍ ചൗഹാന്‍ എടുത്തുപറഞ്ഞു. ശ്രീലങ്കയുടെ 2022 ലെ പ്രതിസന്ധിയും ഇന്ത്യയുടെ 3 ബില്യണ്‍ ഡോളര്‍ രക്ഷാപദ്ധതിയും വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതകളുടെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
