ഇന്ത്യാ-പാക് സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നതായി യുഎസ്

സമാധാന നോബലിനായി ട്രംപ് സ്വയം പ്രശംസിക്കുന്നു

Update: 2025-08-18 04:15 GMT

ഇന്ത്യാ-പാക് സാഹചര്യം യുഎസ് എല്ലാദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ദക്ഷിണേഷ്യന്‍ എതിരാളികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ആണവ സംഘര്‍ഷം ഒഴിവാക്കിയതായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതാണ്് റൂബിയോയുടെ പ്രസ്താവന.

വെടിനിര്‍ത്തല്‍ നിലനിര്‍ത്തുക പ്രയാസമാണെന്ന് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റൂബിയോ പറഞ്ഞു. 'വെടിനിര്‍ത്തലിന്റെ ഒരു സങ്കീര്‍ണത അത് നിലനിര്‍ത്തുക എന്നതാണ്, അത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ എല്ലാ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

മെയ് 10 ന്, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ട്രംപ് പ്രഖ്യാപിച്ചു, യുഎസ് നേതൃത്വത്തിലുള്ള തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് സംഘര്‍ഷം പരിഹരിക്കാന്‍ സഹായിച്ചു. യുദ്ധം അവസാനിപ്പിച്ചാല്‍ യുഎസ് 'ധാരാളം വ്യാപാരം' നടത്തുമെന്ന് ഇരു രാജ്യങ്ങളോടും പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഒരു മൂന്നാം കക്ഷി ഇടപെടലിന്റെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു വിദേശ നേതാവും ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താന്‍ ഇന്ത്യയെ ഉപദേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ വ്യാപാരവുമായി ബന്ധപ്പെട്ടതല്ലെന്നും പാക്കിസ്ഥാന് 'കനത്ത നാശനഷ്ടങ്ങള്‍' സംഭവിച്ചതിനെത്തുടര്‍ന്ന്ുണ്ടായ പാക് അഭ്യര്‍ത്ഥനക്കുശേഷമാണ് സംഘര്‍ഷം അവസാനിപ്പിച്ചത് എന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

ട്രംപിന്റെ സമാധാനം ആദ്യം എന്ന നിലപാട് റൂബിയോ ആവര്‍ത്തിച്ചു. ഭരണകൂടം ലോകമെമ്പാടും നയതന്ത്രത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. ''കംബോഡിയയിലും തായ്ലന്‍ഡിലും നമ്മള്‍ അത് കണ്ടു. ഇന്ത്യ-പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നമ്മള്‍ അത് കണ്ടു. റുവാണ്ടയിലും ഡിആര്‍സിയിലും നമ്മള്‍ അത് കണ്ടു,'' റൂബിയോ ഫോക്‌സ് ബിസിനസില്‍ പറഞ്ഞു.

സമാധാന നോബല്‍ സമ്മാനം മുന്നില്‍ക്കണ്ടുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമാണ് ഇതെല്ലാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

വ്ളാഡിമിര്‍ പുടിനുമായുള്ള ഉച്ചകോടിക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പും ആണവയുദ്ധത്തിനടുത്തുള്ള ഒരു പ്രതിസന്ധി അവസാനിപ്പിച്ചതിന് ട്രംപ് വീണ്ടും സ്വയം പ്രശംസിക്കുകയുണ്ടായി.  

Tags:    

Similar News