വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; തുടര്‍ ചര്‍ച്ചകള്‍ മെയ് 12ന്
ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ
ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. വൈകിട്ട് 5 മണിമുതലാണ് മൂന്നു സേനാവിഭാഗങ്ങളുടെയും നടപടികള്‍ നിര്‍ത്താന്‍ ധാരണയായത്.
'പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 3.30 ന് ഇന്ത്യന്‍ ഡിജിഎംഒയെ വിളിച്ചു. വൈകുന്നേരം 5 മണി മുതല്‍ ഇരുപക്ഷവും കരയിലും ആകാശത്തും കടലിലും ഉള്ള സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ധാരണയായി,' വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാക് ധര്‍ ആണ് പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഒരു ഹ്രസ്വ പത്രസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു, 'ഈ ധാരണ നടപ്പിലാക്കാന്‍ ഇരുവശത്തും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 12ന് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.
ഇന്ത്യ വെടിനിര്‍ത്തലും ചര്‍ച്ചകളുടെ വിശദാംശങ്ങളും സ്ഥിരീകരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ്, യുഎസ് മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമാണിതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍ യുഎസിന്റെ അവകാശവാദം ഇന്ത്യ തള്ളി. ചര്‍ച്ചകള്‍ നേരിട്ടായിരുന്നു എന്ന് ഇന്ത്യ വ്യക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസ് സുരക്ഷാ ഉപദേഷ്ടാക്കളുമായി വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവവികാസങ്ങളെക്കുറിച്ച് അവര്‍ പ്രധാനമന്ത്രിയെ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്ന് പരാമര്‍ശിക്കുന്ന ഇന്ത്യയുടെ പരിഷ്‌കരിച്ച യുദ്ധ സിദ്ധാന്തം അമേരിക്ക അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
