ബോയിംഗിനെതിരെ ചൈനീസ് ഉപരോധം

  • തായ്വാനെതിരെ പുതിയ ചൈനീസ് നീക്കം
  • തായ്വാന്‍ പ്രസിഡന്റ് സ്ഥാനമേറ്റ ദിവസമാണ് ഉപരോധം പ്രഖ്യാപിച്ചത്

Update: 2024-05-20 11:08 GMT

തായ്വാനിലേക്കുള്ള ആയുധ വില്‍പ്പനയ്ക്ക് ബോയിംഗിനും മറ്റ് രണ്ട് പ്രതിരോധ കമ്പനികള്‍ക്കുമെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു. തായ്വാന്‍ പ്രസിഡന്റ് സ്ഥാനാരോഹണ ദിനത്തിലാണ് പ്രഖ്യാപനം.

ചൈന സ്വന്തം പ്രദേശത്തിന്റെ ഭാഗമായാണ് തായ് വാനെ കണക്കാക്കുന്നത്. തായ്വാനിലേക്ക് ആയുധങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ സമീപ വര്‍ഷങ്ങളില്‍ ബെയ്ജിംഗ് പ്രഖ്യാപിച്ച ഉപരോധങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കമാണിത്.

ബോയിംഗിനുപുറമേ ജനറല്‍ അറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസ്, ജനറല്‍ ഡൈനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ് എന്നിവക്കെതിരെ യും ബെയ്ജിംഗ് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രിലില്‍, ചൈനയ്ക്കുള്ളില്‍ കൈവശം വച്ചിരുന്ന ജനറല്‍ അറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസ്, ജനറല്‍ ഡൈനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ് എന്നിവയുടെ ആസ്തി ചൈന മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ കമ്പനികളിലെ സീനിയര്‍ മാനേജ്മെന്റിന്റെ യാത്രാ നിരോധനത്തിന് പുറമേ ചൈനയില്‍ അവരുടെ കൂടുതല്‍ നിക്ഷേപം വിലക്കിയിട്ടുമുണ്ട്.

അതേ സമയം ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്ന് പുതിയ പ്രസിഡന്റ് ലായ് ചിംഗ്-ടെ പ്രഖ്യാപിച്ചു.

അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന പ്രിഡേറ്റര്‍, റീപ്പര്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത് ജനറല്‍ അറ്റോമിക്സ് ആണ്. എങ്കിലും കമ്പനി തായ്വാനിലേക്ക് വില്‍ക്കുന്ന ആയുധങ്ങള്‍ എന്താണെന്ന് വ്യക്തമല്ല.

Tags:    

Similar News