പാക്കിസ്ഥാന്‍ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നു: കേന്ദ്രം

  • ഇന്ത്യക്കെതിരെ മധ്യദൂര മിസൈലുമായി പാക്കിസ്ഥാന്‍
  • പാക് സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ കനത്ത തിരിച്ചടി

Update: 2025-05-10 06:29 GMT

ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ മധ്യദൂര മിസൈല്‍ ഫത്ത പ്രയോഗിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പാക്കിസ്ഥാന്റെ മിക്ക ആക്രമണങ്ങളെയും ഇന്ത്യന്‍ സായുധ സേനയ്ക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞു. എങ്കിലും, ഉധംപൂര്‍, പത്താന്‍കോട്ട്, ആദംപൂര്‍, ഭുജ് വ്യോമ സ്റ്റേഷനുകളിലെ ചില ഉപകരണങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്.

പാക് ഡ്രോണുകളും മിസൈലുകളും യുദ്ധ വിമാനങ്ങളും ജനവാസകേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരിച്ചടിയായി പാക് സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യ തിരിച്ചടി നല്‍കിയതായി ഇന്ത്യ അറിയിച്ചു. അതേസമയം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത് പാക്കിസ്ഥാന്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ജമ്മുവിലെ അഖ്നൂറിനടുത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്പിനുള്ള പ്രതികാരമായി പാക്കസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയിലെ ലൂണിയിലുള്ള ഒരു തീവ്രവാദ ലോഞ്ച് പാഡ് തകര്‍ത്തതായി അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് പാക് സൈന്യം ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. പ്രദേശത്തെ പാക്കിസ്ഥാന്‍ റേഞ്ചേഴ്സിന്റെ പോസ്റ്റുകള്‍ക്കും സ്വത്തുക്കള്‍ക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചുകൊണ്ട് ബിഎസ്എഫ് ആനുപാതികമായ പ്രത്യാക്രമണം നടത്തി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യോമാതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളായിട്ടും ഡെല്‍ഹി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

സംഘര്‍ഷം നിലവില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്വര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. എങ്കിലും സാഹചര്യം എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ച് ചില സേവനങ്ങളെ ബാധിച്ചേക്കാമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങള്‍ കനത്ത സുരക്ഷയിലാണ് പ്രവര്‍ത്തിക്കുന്നത്. 

Tags:    

Similar News