ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ ചുമതലയേറ്റു
തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് സിപി രാധാകൃഷ്ണന്‍
ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ ചുമതലയേറ്റു. രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതിമാരായ ജഗ്ദീപ് ധന്‍ഖര്‍, എം. വെങ്കയ്യ നായിഡു, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുത്തു.
തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് 67 കാരനായ രാധാകൃഷ്ണന്‍. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അദ്ദേഹം 452 വോട്ടുകള്‍ നേടി. അദ്ദേഹത്തിന്റെ എതിരാളിയായ പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് നോമിനിയും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡി 300 വോട്ടുകളും നേടി.
ആരോഗ്യപരമായ കാരണങ്ങളാല്‍ ജൂലൈ 21 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് അനിവാര്യമായത്.
വിജയിച്ചതിനെത്തുടര്‍ന്ന് രാധാകൃഷ്ണന്‍ വ്യാഴാഴ്ച മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനാണ് മഹാരാഷ്ട്രയുടെ ചുമതല.