ഡിസ്‌നി+ ഹോട്ട്സ്റ്റാറും ജിയോസിനിമയും ലയിപ്പിക്കും
- ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള മികച്ച സ്ട്രീമിംഗ് സേവനങ്ങളിലൊന്നാണ്
- ജിയോസിനിമയ്ക്കുള്ളത് 100 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍
- ലയനം ഇന്ത്യയിലെ മികച്ച ഒടിടി സേവനമായി ജിയോ സിനിമയെ മാറ്റും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) അതിന്റെ സ്ട്രീമിംഗ് സേവനങ്ങളില്‍ ഒരു പ്രധാന മാറ്റം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ ഇന്ത്യയുടെ ഡിസ്നി+ ഹോട്ട്സ്റ്റാറുമായുള്ള ലയനത്തിന് ശേഷം, ആര്‍ഐഎല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ജിയോസിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. അങ്ങനെയെങ്കില്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറിന് ഇപ്പോള്‍ കൂടുതല്‍ ഉപയോക്താക്കളുണ്ടെങ്കിലും, ആര്‍ഐഎല്‍ അതിന്റെ ഉള്ളടക്കം ജിയോസിനിമയുമായി സംയോജിപ്പിച്ച് ഒരൊറ്റ ശക്തമായ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വാള്‍ട്ട് ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ഇന്ത്യയിലെ മികച്ച സ്ട്രീമിംഗ് സേവനങ്ങളിലൊന്നാണ്.
മറുവശത്ത്, ജിയോസിനിമയ്ക്ക് 100 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്.
വ്യത്യാസമുണ്ടെങ്കിലും, രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കൂടുതല്‍ ചെലവേറിയതും കാര്യക്ഷമത കുറഞ്ഞതുമാകുമെന്ന് ആര്‍ഐഎല്‍ വിശ്വസിക്കുന്നു.
ഇവയെ ലയിപ്പിക്കുന്നതിലൂടെ യൂട്യൂബ്, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ വലിയ കമ്പനികളുമായി മത്സരിക്കാന്‍ കഴിയുന്ന കൂടുതല്‍ ശക്തമായ ഒരു സ്ട്രീമിംഗ് സേവനം ആര്‍ഐഎല്‍-ന് നിര്‍മ്മിക്കാനാകും.
ഏകദേശം 8.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു മാധ്യമ ഭീമനെ സൃഷ്ടിച്ച് സ്റ്റാര്‍ ഇന്ത്യയെയും വയാകോം 18 നെയും ലയിപ്പിക്കുന്നതിന് ഈ വര്‍ഷം ആദ്യം ആര്‍ഐഎല്‍ ഉം വാള്‍ട്ട് ഡിസ്നിയും കരാറില്‍ ഒപ്പുവെച്ചതിന് ശേഷമാണ് ഈ നീക്കം. ആര്‍ഐഎല്‍ നിയന്ത്രിക്കുന്ന വയാകോം 18ന്റെ ഉടമസ്ഥതയിലുള്ളതാണ് ജിയോ സിനിമ.
ഈ പുതിയ കമ്പനിക്ക് 100-ലധികം ടിവി ചാനലുകളും രണ്ട് സ്ട്രീമിംഗ് സേവനങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ ആര്‍ഐഎല്‍ ഒന്ന് മാത്രമാണ് ഇഷ്ടപ്പെടുന്നത്. ലയനത്തിനായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ), നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) തുടങ്ങിയ റെഗുലേറ്റര്‍മാരുടെ അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്.
ആര്‍ഐഎല്‍-ന്റെ 2023-ലെ വാര്‍ഷിക റിപ്പോര്‍ട്ട് കാണിക്കുന്നത് ജിയോസിനിമയ്ക്ക് ഓരോ മാസവും ശരാശരി 225 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ്. അതേസമയം, 2023-ന്റെ അവസാന പാദത്തില്‍ ഡിസ്നി+ ഹോട്ട്സ്റ്റാറിന് 333 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു.എന്നിരുന്നാലും, അവര്‍ക്ക് ചില പെയ്ഡ് സബ്സ്‌ക്രൈബര്‍മാരെ നഷ്ടപ്പെട്ടു.ജൂണിലെ കണക്കനുസരിച്ച് 61 ദശലക്ഷത്തില്‍ നിന്ന് 35.5 ദശലക്ഷമായി കുറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍), എച്ച്ബിഒ ഷോകള്‍ പോലുള്ള ജനപ്രിയ ഉള്ളടക്കത്തിന്റെ അവകാശങ്ങള്‍ നഷ്ടപ്പെട്ടതാണ് ഈ ഇടിവിന് കാരണം.
ഇതൊക്കെയാണെങ്കിലും, ജിയോസിനിമ അതിവേഗം വളരുകയാണ്, പ്രത്യേകിച്ചും ഐപിഎല്ലിന്റെ ഡിജിറ്റല്‍ അവകാശം ലഭിച്ചതിന് ശേഷം, ഇത് പ്ലാറ്റ്ഫോമിലെ റെക്കോര്‍ഡ് ബ്രേക്കിംഗ് വ്യൂവര്‍ഷിപ്പിന് കാരണമായി.
ഡിസ്നി+ ഹോട്ട്സ്റ്റാറില്‍നിന്നുള്ള ഉള്ളടക്കം ജിയോ സിനിമയുമായി സംയോജിപ്പിച്ചാല്‍ രണ്ടാമത്തേത് 125,000 മണിക്കൂര്‍ വിനോദം, കായികം, ഹോളിവുഡ് ഉള്ളടക്കം എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനമായി മാറിയേക്കാം.
