വിദ്യാഭ്യാസരംഗം പുരോഗമിക്കണമെങ്കില്‍ രാഷട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം വേണം: ടി.പി ശ്രീനിവാസന്‍

മികച്ച വരുമാനം നേടുന്നതിനായി യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ കഴിയില്ലന്നു ടി.പി ശ്രീനിവാസന്‍

Update: 2023-11-10 11:53 GMT

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടായെങ്കില്‍ മാത്രമേ കേരളത്തിലെ വിദ്യാഭ്യാസ രംഗം രക്ഷപ്പെടുകയുള്ളുവെന്നു മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍. ഒരുകാലത്ത് അന്താരാഷ്ട്രം എന്ന വാക്ക് തന്നെ കേരളത്തില്‍ വളരെ മോശമായി കരുതിയിരുന്നു. ബിരുദം നേടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ട സ്ഥിതി കേരളത്തിലുണ്ട്. ഒട്ടേറെ എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചു പൂട്ടി. കുടിയേറ്റം ആഗോള പ്രതിഭാസമാണ്. മികച്ച വരുമാനം നേടുന്നതിനായി യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. ഫിക്കി സമ്മേളനത്തില്‍ വിദ്യാഭ്യാസം, കല എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രുതി, സ്മൃതി, സിദ്ധി, ബുദ്ധി എന്നിവയാണു കലാപഠനത്തിന് ആവശ്യമുള്ള നാല് ഘടകങ്ങളെന്നു സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെഷനില്‍ പങ്കെടുത്ത സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കണം. വിദ്യാഭ്യാസ കലാ രംഗങ്ങളില്‍ കേരളത്തിനു തനതായ സ്ഥാനമുണ്ട്. ഇതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സപ്നു ജോര്‍ജ് മോഡറേറ്ററായിരുന്നു. പ്രൊഫ. സൗവിക് ഭട്ടാചാര്യ, പ്രൊഫ. എസ്. വെങ്കട്ടരാമന്‍, എ.ഗോപലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിന് പുതിയ സമഗ്ര ടൂറിസം നയം അനിവാര്യം

ടൂറിസം മേഖലയില്‍ കേരളത്തിന് കൂടുതല്‍ വളരണമെങ്കില്‍ സമഗ്രമായ പുതിയ ടൂറിസം നയം രൂപീകരിക്കണമെന്നും പരമ്പരാഗത ഡെസ്റ്റിനേഷനുകള്‍ക്കു പുറമേ പുതിയ സാധ്യതകള്‍ കണ്ടെത്തണമെന്നും ഫിക്കി സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു.

കൂടുതല്‍ ശക്തമായ വിപണന തന്ത്രം രൂപപ്പെടുത്തണമെന്നു സമ്മേളനത്തിന്റെ ഭാഗമായി നടന്ന ' വാട്ട് നെക്സ്റ്റ് ഫോര്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി 'സെഷനില്‍ മുന്‍ കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുട്ഷി ആവശ്യപ്പെട്ടു. വിദേശ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി പുതിയ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തണം. 90 ശതമാനം വിദേശ വിനോദ സഞ്ചാരികളും കേരളത്തിലെ 5 ജില്ലകള്‍ മാത്രമാണ് സന്ദര്‍ശിക്കുന്നത്. ഈ സ്ഥിതി മാറണം. കൂടുതല്‍ എയര്‍ ലൈന്‍ കണക്ഷനും കൂടുതല്‍ സര്‍വീസുകളും അനിവാര്യമാണ്. ആസിയാല്‍ രാജ്യങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്തണം. ടൂറിസം കേന്ദ്രങ്ങളിലെ റോഡുകള്‍ മാത്രമല്ല ഗ്രാമീണ റോഡുകളും മികച്ചതാക്കി ഗ്രാമീണ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. വാട്ടര്‍ ടൂറിസത്തിനും ഡൊമസ്റ്റിക് ക്രൂസിനും പ്രാധാന്യം നല്‍കണം. ഹരിത ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബാദ് ഹോട്ടല്‍സ് എം.ഡി. റിയാസ് അഹമ്മദ്, താജ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭാത് സഹായ് വര്‍മ, ബോസ് കൃഷ്ണമാചാരി, ബുക്കിങ്ങ് ഡോട്ട് കോം ഇന്ത്യ ഏരിയ മാനേജര്‍ ബിരേന്ദ്ര സിംഗ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News