വിദേശ കരുതല്‍ ധനത്തില്‍ $6 ബില്യണിന്‍റെ ഇടിവ്

  • വിദേശ കറൻസി ആസ്തിയില്‍ $4.654 ബില്യണിന്‍റെ കുറവ്
  • സ്വര്‍ണ ശേഖരത്തിലും ഇടിവ് രേഖപ്പെടുത്തി
  • മുന്‍ രണ്ട് വാരങ്ങളിലും കരുതല്‍ ധനം ഉയര്‍ന്നിരുന്നു

Update: 2023-05-26 14:58 GMT

മെയ് 19 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 6.052 ബില്യൺ ഡോളർ കുറഞ്ഞ് 593.477 ബില്യൺ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. തുടര്‍ച്ചയായി രണ്ട് വാരങ്ങളിലെ വര്‍ധനവിന് ശേഷമാണ് കരുതല്‍ ധനം ഇടിവിലേക്ക് നീങ്ങിയിട്ടുള്ളത്. മുൻ റിപ്പോർട്ടിംഗ് ആഴ്ചയിൽ, മൊത്തത്തിലുള്ള കരുതൽ ശേഖരം 3.5 ബില്യൺ ഡോളർ വർദ്ധിച്ച് 600 ബില്യൺ ഡോളറിലേക്ക് എത്തി.

2021 ഒക്ടോബറിൽ, രാജ്യത്തിന്റെ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയിരുന്നു. എന്നാല്‍ ആഗോള സംഭവവികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ ആഭ്യന്തര കറന്‍സിയായ രൂപയെ പ്രതിരോധിക്കാൻ കേന്ദ്രബാങ്ക് കൈക്കൊണ്ട നടപടികളെ തുടര്‍ന്ന് കരുതല്‍ ധനത്തില്‍ ഇടിവുണ്ടാകുകയായിരുന്നു.

മെയ് 19 ന് അവസാനിച്ച ആഴ്‌ചയിൽ, കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി 4.654 ബില്യൺ യുഎസ് ഡോളർ കുറഞ്ഞ് 524.945 ബില്യൺ ഡോളറിലേക്ക് എത്തിയതായി ആർബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് വ്യക്തമാക്കുന്നു.

ഡോളറിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിക്കപ്പെടുന്ന വിദേശ കറൻസി ആസ്തികളിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവർദ്ധന അല്ലെങ്കിൽ മൂല്യത്തകർച്ചയുടെ ഫലവും ഉൾപ്പെടുന്നു.

സ്വർണ ശേഖരം 1.227 ബില്യൺ ഡോളർ കുറഞ്ഞ് 45.127 ബില്യൺ ഡോളറിലെത്തിയതായാണ് ആർബിഐ അറിയിക്കുന്നത്. സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്‌ഡിആർ) 137 മില്യൺ ഡോളർ കുറഞ്ഞ് 18.276 ബില്യൺ ഡോളറായി. റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐ‌എം‌എഫുമായുള്ള രാജ്യത്തിന്റെ കരുതൽ നില 35 മില്യൺ ഡോളർ കുറഞ്ഞ് 5.13 ബില്യൺ ഡോളറായെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ കരുതല്‍ ധന ശേഖരം അടുത്ത 5-6 വര്‍ഷത്തേക്ക് കംഫര്‍ട്ടബിള്‍ ആയ നിലയിലാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഇക്കാര്യത്തില്‍ മിച്ചം സൃഷ്ടിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Similar News