ഡെലിവറി ഏജന്റുമാര്‍ക്കും കുടുംബത്തിനും സൗജന്യ ആംബുലന്‍സ് സേവനവുമായി സ്വിഗ്ഗി

  • ഡെലിവറി ഏജന്റുമാര്‍, അവരുടെ ജീവിതപങ്കാളി മക്കള്‍ എന്നിവര്‍ക്കാണ് നിലവില്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകുക.

Update: 2023-01-17 09:34 GMT

രാജ്യത്ത് ഫുഡ് ഡെലിവറി ഏജന്റുമാര്‍ക്ക് ജോലിയ്ക്കിടെ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ മാതൃകാപരമായ ചുവടുവെപ്പുമായി സ്വിഗ്ഗി. കമ്പനിയുടെ എല്ലാ ഡെലിവറി ഏജന്റുമാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇനി മുതല്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകും.

ഡെലിവറി പാര്‍ട്ട്ണര്‍മാര്‍ക്കായുള്ള ആപ്പില്‍ സജ്ജീകരിച്ചിരിക്കുന്ന എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തുന്നത് വഴിയോ, 4242 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിയ്ക്കുന്നത് വഴിയോ ആംബുലന്‍സ് സേവനം ലഭ്യമാകും. 12 മിനിട്ടിനുള്ളില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഡെലിവറി ഏജന്റുമാര്‍, അവരുടെ ജീവിതപങ്കാളി മക്കള്‍ എന്നിവര്‍ക്കാണ് നിലവില്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകുക. കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷുറന്‍സ് സ്‌കീമില്‍ അംഗങ്ങളായിരിക്കുന്നതും അല്ലാത്തതുമായ ഏജന്റുമാര്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാകുമെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.

ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടില്ലാത്തവര്‍ക്ക് ആംബുലന്‍സ് സേവനത്തിന് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തും. സേവനം ലഭ്യമാകണമെങ്കില്‍ പ്രത്യേകം രേഖകളൊന്നും ഹാജരാക്കണ്ട. ഡെലിവറി ഏജന്റിന്റെ ഐഡി മാത്രം മതിയാകും. നിലവില്‍ സ്വിഗ്ഗിയ്ക്ക് രാജ്യത്ത് ഏകദേശം മൂന്നു ലക്ഷം ഡെലിവറി ഏജന്റുമാരാണുള്ളത്.

Tags:    

Similar News